ലഖ്നൗ : ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട വ്യവസായ ശാലകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൂര്‍ണ്ണമായും അടച്ചിടുകയും ദിവസ വേതനക്കാര്‍ക്ക് ഇത്രയും ദിവസത്തെ വരുമാനം നഷ്ടമാകാതിരിക്കുന്നതിന് വേണ്ടിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവര്‍ക്കായി ശമ്പളം വിതരണം ചെയ്തത്. സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമായത്.
വ്യവസായ ശാലകളിലെ ജീവനക്കാര്‍ക്കായി 1592.37കോടി രൂപയാണ് യോഗി സര്‍ക്കാര്‍ വിതരണം ചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ യോഗി സര്‍ക്കാര്‍ ബാങ്കിലൂടെ കൈമാറിയിട്ടുണ്ട്. എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ ഗുണഭോക്താക്കളായ ഗ്രാമീണരുടെ ഓണറേറിയം 3,630 രൂപയില്‍ നിന്ന് പ്രതിമാസം 6,000 രൂപയായി യോഗി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
ഇത് കൂടാതെയാണ് വ്യവസായ ശാലകളിലെ ജീവനക്കാര്‍ക്കായി ശമ്പളം വിതരണം ചെയ്തത്. എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ 22 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുന്നുണ്ട്. ഇത് കൂടാതെ 50 ലക്ഷം തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.
ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 119 പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 12,000 ഇഷ്ടിക ചൂളകളും 2,500 കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകളും പ്രവര്‍ത്തിച്ചിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ 2.12 ലക്ഷം പേര്‍ക്ക് ജോലി ചെയ്യുന്ന വലിയ വ്യവസായ യൂണിറ്റുകള്‍ക്കും സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: