കോഴിക്കോട്: മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷനും കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ച സന്ദീപാനന്ദഗിരിക്കെതിരെ കേരളത്തിലെ പ്രമുഖ സംന്യാസിവര്യന്മാര് പ്രതിഷേധിച്ചു. ഹൈന്ദവ ധര്‍മത്തിന്റെയും സമൂഹത്തിന്റെയും ജിഹ്വയായ ആചാര്യനെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞതിലൂടെ സംന്യാസിയെന്ന പേരിന് സന്ദീപാനന്ദഗിരി കളങ്കം ചാര്‍ത്തിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
സംന്യാസി സമൂഹമടക്കം എല്ലാവര്ക്കും ആദരണീയനായ സ്വാമി ചിദാനന്ദപുരിയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ പറഞ്ഞു. ആരാധ്യനായ സ്വാമി ചിദാനന്ദപുരിയെ അവഹേളിച്ചത് സന്ദീപാനന്ദഗിരിക്ക് ശ്രേയസ്കരമല്ലെന്ന് ചിന്മയ മിഷന് കേരളത്തിന്റെ ആചാര്യന് സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഹിന്ദു സമാജത്തിന്റെ ശക്തനായ വക്താവിനെ സന്ദീപാനന്ദഗിരി അധിക്ഷേപിച്ചത് ആര്‍ക്കോവേണ്ടിയുള്ള ശ്രമമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ചിദാനന്ദപുരിയുടെ പരാമര്‍ശം പൂര്‍ണമായി ശരിയാണെന്ന് സംബോധ് ഫൗണ്ടേഷന് ആചാര്യന് സ്വാമി അധ്യാത്മാനന്ദ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് ചട്ടമുണ്ട്. ഈ ചട്ടം ലംഘിക്കുന്നത് ആശാസ്യമല്ലെന്ന ചിദാനന്ദപുരിസ്വാമിയുടെ പരാമര്‍ശത്തില്‍ തെറ്റില്ല. രാഷ്ട്രീയമായ ചായ്വുള്ളതുകൊണ്ടാണ് സന്ദീപാനന്ദഗിരി ആചാര്യനെ അധിക്ഷേപിച്ചതെന്നും ഇത് ഹിന്ദു സമൂഹത്തെ വേദനിപ്പിക്കുന്നതാണെന്നും മാര്‍ഗദര്‍ശകം മണ്ഡലം സംസ്ഥാന സെക്രട്ടറിയും എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതിയുമായ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. സംന്യാസിയുടെ പേരുപയോഗിക്കുന്ന ആളില്‍ നിന്ന് ഇത്തരം വാക്കുകള്‍ ഉണ്ടായത് ശരിയല്ലെന്നും സ്വാമി ചിദാനന്ദപുരിയെ അവഹേളിച്ചത് അപലപനീയമാണെന്നും പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: