തൃശൂര്‍: ലോക്ഡൗണിനെ തുടര്‍ന്ന് ടെക്സ്റ്റൈല്‍ മേഖലയ്ക്ക് വന്‍ നഷ്ടമാണെന്നും നിയമങ്ങള്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിച്ചാല്‍ വസ്ത്രവ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും കല്യാണ്‍ സില്‍ക്സ് ഉടമയും ഓള് കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റുമായ ടി.എസ്. പട്ടാഭിരാമന്. വിഷു-ഈസ്റ്റര്‍-റംസാന് ഉത്സവ സീസണിലെ വ്യാപാരം 100 ശതമാനവും വസ്ത്രവ്യാപാര മേഖലയ്ക്ക് നഷ്ടപ്പെട്ടു. ഇനിയുള്ള രണ്ടു മാസം മഴക്കാലമായതിനാല്‍ വില്‍പ്പന വളരെ കുറവായിരിക്കും.
സംസ്ഥാനത്തെ ചെറുകിട-വന്‍കിട വസ്ത്രശാലകള്‍ ഒരുപോലെ നഷ്ടത്തിലാണ്. സാമ്പത്തിക നഷ്ടം വ്യാപാരികള്‍ തന്നെ വഹിക്കണമെന്ന് പറയുന്നത് ന്യായമല്ല. കടകള്‍ അടഞ്ഞുകിടക്കുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ വസ്ത്രവ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പട്ടാഭിരാമന് ‘ജന്മഭൂമി’യോട് പറഞ്ഞു.
കടകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും ജീവനക്കാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ മുഴുവന്‍ ശമ്പളവും നല്‍കുന്നുണ്ട്. അടഞ്ഞു കിടക്കുന്ന തുണിക്കടകളെ വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ നിന്ന് കെഎസ്ഇബി ഒഴിവാക്കിയിട്ടില്ല. തുറന്നു പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെ ഫിക്സഡ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡിസംബര്‍ വരെ മൊറോട്ടോറിയം ആണ് അനുവദിച്ചത്. കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഫിക്സഡ് ചാര്‍ജ് സര്‍ക്കാര്‍ ഒഴിവാക്കണം.
വസ്ത്രവ്യാപാരികളുടെ വായ്പകള്‍ക്ക് ബാങ്കുകള്‍ ഒരു വര്‍ഷത്തെ പലിശരഹിത മൊറട്ടോറിയം അനുവദിക്കണം. തൊഴിലുടമയുടെ കുറ്റംകൊണ്ടല്ലാതെ കടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇഎസ്ഐ വിഹിതം അടക്കേണ്ട ചുമതല ഇഎസ്ഐ കോര്പ്പറേഷന് തന്നെ വഹിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രോവിഡന്റ് ഫണ്ട് ഈവര്‍ഷം തൊഴിലുടമയേയും തൊഴിലാളിയേയും ഒരു പോലെ ഒഴിവാക്കണം. ലോക്ഡൗണിനെ തുടര്‍ന്ന് പൂര്‍ണമായി സ്തംഭിച്ച വസ്ത്ര വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തിക പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കണമെന്ന് പട്ടാഭിരാമന് ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ കൊറോണ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വസ്ത്രശാലകള്‍ ഭാഗികമായെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം അനുവദിക്കണം.
നിലവിലെ സ്ഥിതി കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ തൊഴില്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 100 ശതമാനം സാമ്പത്തിക ഞെരുക്കത്തിലായ വസ്ത്ര വ്യാപാര സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണ്. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ബഹുനിലകളിലുള്ള വസ്ത്രശാലകള്‍ക്ക് ഒരു നിലയെങ്കിലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കണം.
ഒരു വര്‍ഷത്തെ വ്യാപാരം നഷ്ടപ്പെട്ട വസ്ത്രവ്യാപാരികള്ക്കായി സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ടി.എസ് പട്ടാഭിരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: