കണ്ണൂര്‍: പിണറായി സര്‍ക്കാര്‍ മറുനാടന്‍ മലയാളികളെ കാണുന്നത് കൊറോണ വൈറസിനെ പോലെയാണെന്നും ഇതര സംസ്ഥാനത്തെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ഇതാണ് കാണിക്കുന്നതെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. അന്യസംസ്ഥാനത്ത് കഴിയുന്ന കേരളീയരെ സ്വന്തം നാട്ടിലെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റൊരു സംസ്ഥാന സര്‍ക്കാരും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. മറ്റെല്ലാ സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് തീവണ്ടികള്‍ ഉപയോഗപ്പെടുത്തി അവരുടെ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശത്തെത്തിക്കുകയാണ്. ഈ സമയത്താണ് പിണറായി സര്‍ക്കാര്‍ മലയാളികളെ സ്വന്തം നാട്ടിലെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളികളെ കേരളത്തിലേക്ക് എത്തിക്കാന്‍ ഒരു ശ്രമിക് തീവണ്ടി പോലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മറുനാടന്‍ മലയാളികള്‍ ഇങ്ങോട്ട് തിരിച്ചു വരരുതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്, ഇവരോട് സാമൂഹ്യ അകലം പാലിക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് മലയാളികളെ കൊറോണ വൈറസിനെ പോലെ അകറ്റി നിര്‍ത്തുകയാണ്. ഇത് ക്രൂരതയും വഞ്ചനയും മനുഷ്യാവകാശ നിഷേധവുമാണ്. എല്ലാ ഭദ്രമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇതിന്റെ പൊളളത്തരം പുറത്താകുമെന്നുളളതു കൊണ്ടാണ് അന്യ സംസ്ഥാനത്തുളള മലയാളികളെ കേരളത്തിലെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മലയാളികളെ സംസ്ഥാനത്തെത്തിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മോഹനന് മാനന്തേരി ,വിജയന് വട്ടിപ്രം , യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ കൈതപ്രം എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സിക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: