കണ്ണൂര്‍: വന്ദേഭാരത് മിഷന്റെ ഭാഗമായി 182 പ്രവാസികളേയും വഹിച്ചു കൊണ്ടുളള ആദ്യ എയര്‍ ഇന്ത്യാ വിമാനം കണ്ണൂരില്‍ പറന്നിറങ്ങി. ഇന്നലെ വൈകിട്ട് 7.25 ഓടെയാണ് വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇതോടെ പ്രവാസികളെ എത്തിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും സിപിഎം നേതൃത്വത്തിന്റെയും ആരോപണം വെറുതെയായി.
പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള വിമാനം ഇന്നലെ രാവിലെ 10.30ന് കണ്ണൂരില്‍ നിന്ന് യാത്ര തിരിച്ചിരുന്നു. കണ്ണൂരില്‍ നിന്നുള്ള 109 പേര്‍ക്ക് പുറമെ, കാസര്‍കോട്-47, കോഴിക്കോട്- 12, മലപ്പുറം-7, മാഹി- 3, വയനാട്-1, തൃശൂര്‍-1 എന്നിങ്ങനെ 180 പേരാണ് കണ്ണൂരിലെത്തിയ വിമാനത്തിലുണ്ടായിരുന്നത്.
കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനം ഒരുക്കിയിരുന്നു. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയച്ചു.
കര്‍ശന പരിശോധനയ്ക്ക് ശേഷം സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തി. എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. പരിശോധനയില്‍ കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റി. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വീടുകളിലും ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കി. മറ്റ് ജില്ലകളിലേക്കുള്ളവരെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രയാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ പോയി. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നു.
യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കിയതിനു ശേഷമാണ് പുറത്തേക്ക് വിട്ടത്. ക്വാറന്റൈന് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്വാറന്റൈനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് കൗണ്ടറുകളില്‍ നിന്നും ബോധവല്‍ക്കരണം നടത്തി. പ്രവാസികളേയും വഹിച്ചു കൊണ്ടുളള കൂടുതല്‍ വിമാനങ്ങള്‍ വരും ദിവസങ്ങളില്‍ കണ്ണൂരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: