എല്ലാ ശ്രദ്ധയും കോവിഡിലേക്കു തിരിയുമ്പോള്‍ മറ്റു പ്രധാനപ്പെട്ട പലതും മറന്നു പോവുകയോ മാറ്റി വെയ്ക്കുകയോ ചെയ്യുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മഴക്കാല പൂര്‍വ ശുചീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും. ഒരു മഴ പെയ്താല്‍ത്തന്നെ പുഴയും തോടുമാകുന്ന അവസ്ഥയിലാണ് കേരളത്തിലെ മിക്ക പ്രദേശങ്ങളും. ഇക്കാര്യം പൊതുജനങ്ങള്‍ക്കും അധികൃതര്‍ക്കും നന്നായി അറിയാവുന്നതുമാണ്. എന്നാല്‍ നിസ്സംഗതയോടെയാണ് ഇത് സര്‍ക്കാര്‍ കാണുന്നത്. അനുഭവിക്കേണ്ടത് ജനങ്ങളല്ലേ എന്ന ഭാവമാണവര്‍ക്ക്.
ഏപ്രില്‍ ആദ്യവാരം തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതതു തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നു.എന്നാല്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പാടെ അവഗണിക്കപ്പെട്ടു. അതു കൊണ്ടു തന്നെ ആദ്യ മഴ പെയ്തപ്പോള്‍ റോഡും തോടും ഒരുപോലെയായി. നഗരങ്ങളും മറ്റും വെള്ളക്കെട്ടിലായി. കൊറോണ വൈറസിന്റെ ഭീകരത നിലനില്ക്കുമ്പോള്ത്തന്നെ പകര്‍ച്ചവ്യാധികളുടെ വിളനിലമാകാന്‍ പാകത്തിലാണ് നാടും നഗരവും എന്നു പറയേണ്ടി വരും. സ്വാഭാവികമായും ഒരു പ്രത്യേക സാഹചര്യം ഉരുത്തിരിയുമ്പോള്‍ അതിനനുസരിച്ച് കാര്യങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇവിടെ അതുണ്ടായില്ലെന്നതാണ് വാസ്തവം.
അടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍, ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം കനത്ത വെള്ളക്കെട്ടിലായി. മുന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന് അനന്ത’ പദ്ധതി പാതിവഴിയില്‍ മുടങ്ങിയതിന്റെ ഫലമാണ് അവിടത്തുകാര്‍ അനുഭവിക്കുന്നത്. കൊച്ചിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് ‘ഓപ്പറേഷന് ബ്രേക്ക് ത്രൂ ‘ എന്നൊരു പദ്ധതി ആവിഷ്കരിച്ചെങ്കിലും ചില ഓടകള്‍ തുറന്നതല്ലാതെ ശാസ്ത്രീയമായ നടപടികള്‍ ഉണ്ടായില്ല. എന്തെങ്കിലും കാണിച്ചുകൂട്ടി കണ്ണില്‍ പൊടിയിടുന്ന തന്ത്രം പയറ്റുകയല്ലാതെ ഗൗരവപൂര്‍വം കാര്യങ്ങളെ സമീപിക്കുന്നില്ലെന്നതാണ് വസ്തുത. തൃശൂരില്‍ ചെറുതായി തുടങ്ങിയിരുന്നെങ്കിലും പിന്നീട് പൂര്‍ണമായി നിലച്ചു. കൂനിമേല്‍ കുരുപോലെ കോവിഡ് ഭീഷണി എത്തുകയും ചെയ്തു. മലപ്പുറത്ത് തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് എന്തൊക്കെയോ ചില പണികള്‍ നടത്തിച്ചതല്ലാതെ ഒന്നുമുണ്ടായിട്ടില്ല. കോഴിക്കോട്ടെ അവസ്ഥയിലും മാറ്റമില്ല. കേരളത്തിന്റെ മൊത്തം സ്ഥിതിയും ദയനീയമാണ്. കച്ചവട സ്ഥാപനങ്ങള്‍ വൃത്തിയാക്കി വെയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഒതുങ്ങുന്നു കാസര്‍കോട്ടെ ശുചീകരണ പരിപാടി. കണ്ണൂരിലും ഇക്കാര്യത്തില്‍ പുരോഗതിയൊന്നുമില്ല.
പകര്‍ച്ചവ്യാധികള്‍ വാ പിളര്‍ത്തി നില്ക്കുമ്പോള് നിസ്സംഗ മനോഭാവത്തോടെ ഭരണകൂടം ഇരിക്കുകയാണ്. പല ഭാഗത്തു നിന്നും ഡങ്കിപ്പനി, എലിപ്പനി തുടങ്ങിയവ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കൊറോണ വൈറസിന്റെ ഭീതി നിലനില്ക്കുമ്പോള് സാധാരണ ജലദോഷം പോലും ജനങ്ങളില്‍ ആശങ്ക പടര്‍ത്തും. അത്തരമൊരവസ്ഥയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയാല്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. രണ്ടു പ്രളയം അതിജീവിക്കുമ്പോള്‍ കോവിഡ് ഭീഷണിയുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ അങ്ങനെ വന്നാല്‍ സാമൂഹിക അകലം പാലിക്കലുള്പ്പെടെ ഗുരുതര പ്രതിസന്ധിയാവും നേരിടേണ്ടി വരിക. എല്ലാം കൊറോണയുടെ കണക്കില്‍ എഴുതിത്തള്ളാന്‍ ഒരുമ്പെട്ടാല്‍ അതിന് നല്‍കേണ്ടി വരുന്ന വില കനത്തതായിരിക്കുമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുപക്ഷത്തു നിര്‍ത്തി അപഹസിക്കാനാണ് താല്‍പ്പര്യം എന്നതുകൂടി ഇതിനൊപ്പം കാണേണ്ടതുണ്ട്.
പെരുമഴയ്ക്കു മുമ്പ് അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം കൊടുക്കണം. ചെറിയ രീതിയില്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിവെച്ചവയ്ക്ക് ഗതിവേഗം കൂട്ടണം. കര്‍ക്കശമായ മേല്‍നോട്ടവും തുടര്‍ നടപടികളുമുണ്ടാവണം. എല്ലാം വന്നശേഷം നോക്കാം എന്ന പതിവു കലാപരിപാടികളാണെങ്കില് ഡാം തുറന്നു വിട്ടതിന്റെ അതേ ഗതികേടിലേക്കാവും ഇക്കൊല്ലവും കേരളത്തെ കൊണ്ടുചെന്നെത്തിക്കും. എന്തിലും രാഷ്ട്രീയം കാണുകയും അത് പാര്‍ട്ടിക്ക് മുതല്‍കൂട്ടാക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറന്ന് യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: