കൊറോണക്കാലത്ത് ഏറെ കേട്ട രണ്ടുവാക്കുകള്‍. നെഗറ്റീവ്, പോസറ്റീവ്. മുമ്പൊക്കെ പോസിറ്റീവ് എന്നു കേട്ടാല്‍ സന്തോഷമായിരുന്നു. ഇന്ന് പക്ഷേ സങ്കടമാണ്. നെഗറ്റീവ് എന്നുകേട്ടാല്‍ നേരത്തെ ദുഃഖമായിരുന്നെങ്കില്‍ ഇന്ന് ആഹ്ലാദം.
കേരളത്തില്‍ ഏറെ കൊറോണ ബാധിതരുണ്ടായ നഗരമാണല്ലോ കാസര്‍കോട്. അവിടെ ഒരു ദിവസം കോവിഡ്-19 പോസിറ്റീവായ ഒരുദിവസം ഇല്ലാതായപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. മന്ത്രിമാരും മാധ്യമങ്ങളും അതങ്ങ് വല്ലാതെ ആഘോഷിച്ചു. അതിന് പക്ഷേ അല്പായുസ്സേ ഉണ്ടായുള്ളൂ. കേരളത്തില്‍ ഭൂരിപക്ഷ ജില്ലകളും ഇന്ന് കോവിഡ് 19 നെഗറ്റീവാണ്. കേരളത്തില്‍ കോവിഡ് 19 നെഗറ്റീവായത് കൊട്ടിപ്പാടുകയാണ് ലോകം മുഴുവന്‍. കേരളത്തിനേക്കാള്‍ കോവിഡിനെ അകറ്റിനിര്‍ത്തിയ സംസ്ഥാനങ്ങളുണ്ട്. പക്ഷേ അതൊന്നും പോസിറ്റീവായി കാണാന്‍ കേരളത്തിലെ പാര്‍ട്ടികളും പത്രക്കാരുമൊന്നും തയ്യാറാകുന്നില്ല.
നെഗറ്റീവിലാണ് മലയാളികളുടെ പൊതുസ്വഭാവം. എന്തിനും വിപരീത നിലപാട് സ്വീകരിക്കുക. ആളാകാന്‍ ചിലപ്പോള്‍ അത് സഹായകമായേക്കും. അന്യസംസ്ഥാനക്കാരും പ്രവാസികളും തിരിച്ചെത്തുമ്പോള്‍ കൈക്കൊള്ളേണ്ട പെരുമാറ്റം എന്താകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന് അനുകൂലമായ ഒരു സമീപനമല്ല കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭയില്‍ യോജിച്ച പ്രമേയവും പാസാക്കി. ആ നെഗറ്റീവ് സമീപമല്ല കേരള സര്‍ക്കാര്‍ ഇന്ന് സ്വീകരിക്കുന്നത്. വണ്ടി കയറുന്നിടത്തുനിന്ന് പരിശോധിക്കണം. രോഗമില്ല സഞ്ചരിക്കാമെന്ന കത്തുവേണം. പുറപ്പെടുന്ന സ്ഥലത്തുനിന്ന് കത്തുകിട്ടിയാല്‍ മാത്രം പോര എവിടെയാണോ എത്തേണ്ടത് അവിടത്തെ അധികാരിയുടെ പാസും വേണം. എത്ര വേഗമാണ് നിലപാടുകള്‍ മാറിമറിയുന്നത്.
സര്‍ക്കാരിന്റെ നിലപാടുകളില്‍ പിശകുകണ്ടാല് തിരുത്താന്‍ ആവശ്യമാംവിധം ശ്രദ്ധയില്‍പ്പെടുത്തേണ്ടത് മാധ്യമ ധര്‍മ്മമാണ്. ധര്‍മ്മം മറന്ന് ചില മാധ്യമങ്ങള്‍ അധര്‍മ്മത്തില്‍ അഭിരമിക്കുകയാണ്. ദോഹയില്‍ നിന്നും പുറപ്പെടുമെന്ന് കരുതിയ വിമാനം അന്ന് യാത്ര തുടങ്ങാന്‍ സാങ്കേതിക തടസ്സമുണ്ടായി. അത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന നെഗറ്റീവ് വാര്‍ത്ത ആഘോഷമാക്കി. ഒരു ദിവസം പിന്നിട്ട് ആ വിമാനം സര്‍വീസ് നടത്തി. യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങി വിമാനം പറത്തുന്നതിനെതിരായ നിലപാട് ഖത്തര്‍ സ്വീകരിച്ചു എന്നാണ് ഒരു ദിവസം മുഴുവന്‍ ചില മാധ്യമങ്ങള്‍ ആവര്‍ത്തിച്ചത്. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ നെഗറ്റീവ് വാര്‍ത്ത നല്കുന്ന വൈറസുകളാകരുതെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന് പറയേണ്ടിവന്നു. വാര്‍ത്തയില്‍ വിശദീകരിച്ച കാര്യങ്ങള്‍ സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. കുവൈറ്റില്‍ ഇന്ത്യന്‍ വിമാനം ഇറങ്ങാന്‍ അനുമതി ലഭിക്കില്ലെന്നായിരുന്നു ആദ്യ പ്രചാരണം. വിമാനം അവിടെ ഇറങ്ങുക മാത്രമല്ല പ്രവാസികളുമായി കേരളത്തിലെത്തിയിട്ടും നെഗറ്റീവ് വാര്‍ത്ത പോസിറ്റിവാക്കാന്‍ ചാനല്‍ മേലാളന്മാര്ക്ക് മനസ്സുണ്ടായില്ല.
വന്ദേഭാരത് മിഷന് കൊള്ളയാണെന്നാണ് നെഗറ്റീവ് ചിന്ത മാത്രം തലയിലുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവിന്റെ ഭാഷ്യം. അയാള്‍ക്ക് പോസിറ്റീവായി തോന്നിയത് മറ്റു പലതുമാണെന്ന് എല്ലാവര്ക്കും അറിയുന്നതാണ്. രക്ഷാദൗത്യമെല്ലാം കൊട്ടിഘോഷിക്കുന്നതാണെന്ന് ആ നേതാവിന് തോന്നുന്നത് നെഗറ്റീവ് മനോഭാവം വളരുന്നതുകൊണ്ടുമാത്രമാണ്.
കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കാന്‍ പണവുമായി ജില്ലാ കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നേതാക്കളെത്തിയിരുന്നു. സര്‍ക്കാരിന്റെ നെഗറ്റീവ് ചിന്ത അതിനെ അവഗണിക്കാനാണ് പ്രേരിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബസില്‍ മലയാളികളെ കൊണ്ടുവരുമെന്നാണ് ചിലര്‍ പറയുന്നത്. ‘സര്‍ക്കാരിന് പറ്റില്ലെങ്കില്‍ പറ. എല്ലാം ഞമ്മള് നോയിക്കൊളാ” മെന്ന് ലീഗ് നേതാക്കളുടെ പ്രസ്താവന. അവരുടെ കണ്ണ് എങ്ങോട്ടായിരിക്കുമെന്ന് പറയാനുണ്ടോ?
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ നെഗറ്റീവായേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കാണുന്നുള്ളൂ. ഇടതു-വലത് മുന്നണികളെന്നും നെഗറ്റീവിന്റെ മൊത്ത വില്പ്പനക്കാരാണല്ലോ. ജയിപ്പിക്കാന്‍ വോട്ടുചോദിക്കുന്ന പാരമ്പര്യമല്ല തെരഞ്ഞെടുപ്പുകളില്‍ കാണാറുള്ളത്. തോല്‍പ്പിക്കാന്‍ വോട്ടുചോദിക്കുന്ന ശീലം. ഈ നെഗറ്റീവ് പെരുമാറ്റം ജീവിതത്തിലെമ്പാടും പ്രകടമാണെങ്കിലും കൊറോണ നെഗറ്റീവ് പക്ഷേ ആഹ്ലാദത്തിനാണ് വഴിവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: