ലോക് ഡൗണ്‍ കാലത്ത് നഷ്ടം നേരിട്ട ടൂറിസ്റ്റ് ടാക്സിക്കാരേയും സ്വകാര്യ ബസുടമകളേയും സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വരാതെ സഹായിക്കാന്‍ ഒരു പദ്ധതി; റോഡ് ടാക്സ് കുറയ്ക്കുക. ഒപ്പം പുതിയ വാഹനങ്ങള്‍ക്ക് നികുതി ഇടാക്കുന്ന ഘടന പുനക്രമീകരിച്ച് വലിയ സഹായം വാഹന വിപണിക്കും പുതിയ വാഹനം വാങ്ങുന്നവര്‍ക്കും ചെയ്യാനാവുമെന്നും പദ്ധതി നിര്‍ദേശിക്കുന്നത്.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഒറ്റത്തവണയായി വാങ്ങുന്ന റോഡ് നികുതി ഇപ്പോള്‍ 15 വര്‍ഷത്തേക്കാണ്. അത്, ഓരോ കൊല്ലം ആക്കുക. നിരക്ക് കുറയ്ക്കുകയും ചെയ്യുക. പക്ഷേ, 15 വര്‍ഷം കൊണ്ട് നികുതി ഇപ്പോള്‍ കിട്ടുന്നതിന്റെ രണ്ടിരട്ടി മുതല്‍ നാലിരട്ടിവരെ ലഭിക്കും. നികുതി കൊടുക്കുന്നവര്‍ക്ക് ഒന്നിച്ച് വലിയ തുക കൊടുക്കേണ്ടെന്ന സൗകര്യവും ഉണ്ടാകും. വാഹന വിപണിക്ക് ഇത് പുതിയ ഉണര്‍വ് നല്‍കും.
സന്തോഷ് താന്നിക്കാട് ആണ് ഈ പുതിയ ആശയം മുന്നോട്ടുവെച്ചത്. ഏറെക്കാലമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സന്തോഷ് ബ്രിട്ടീഷ് ചെവേനിങ് സ്കോളര്‍ഷിപ് നേടിയിട്ടുണ്ട്.
കൂടുതല്‍ വിശദമാക്കിയാല്‍, ഒരു ലക്ഷം രൂപയുള്ള മോട്ടോര്‍ സൈക്കിള്‍ വാങ്ങുമ്പോള്‍ എട്ട് ശതമാനം നികുതി 15 വര്‍ഷത്തേക്കെന്നു കണക്കാക്കി ഈടാക്കുന്നത് 8000 രൂപയാണ്. ഇത് ഒരു ശതമാനം നികുതി തോതില്‍ 1000 രൂപ വീതം 15 വര്‍ഷത്തേക്ക് കണക്കാക്കിയാല്‍ 15,000 രൂപ സര്‍ക്കാരിന് കിട്ടും. വാഹന വില കുറയുന്നതോടെ വാങ്ങുന്നവര്‍ക്ക് അപ്പോള്‍ സ ഹായകമാകും. ര ണ്ടുലക്ഷത്തിന്റെ ബൈക്കിന് 10 % നികുതി തോതില്‍ 15 വര്‍ഷത്തേക്ക് 20,000 രൂപയാണ് വാങ്ങുന്നത്. ഇത് വര്‍ഷം രണ്ട് ശതമാനത്തില്‍ 4,000 രൂപ വീതമാക്കിയാല്‍ 60,000 രൂപ ലഭിക്കും.
കാറുകള്‍ക്കും മറ്റും അഞ്ചുലക്ഷം രൂപ വിലയുള്ളവയ്ക്ക് ആറു ശതമാനം നിരക്കില്‍ 15 വര്‍ഷത്തേക്ക് 30,000 രൂപയാണ് കിട്ടുന്നത്. ഇത് ഒരു ശതമാനം വീതം വര്‍ഷം 5000 രൂപവെച്ച് പുനക്രമീകരിച്ചാല്‍ 75,000 രൂപ ലഭിക്കും. 20 ലക്ഷം രൂപ വിലയുള്ള കാറിന് 20 % നിരക്കില്‍ 15 വര്‍ഷത്തേക്ക് നാല് ലക്ഷം രൂപയാണ്, ഇത് പുനക്രമീകരിച്ച് വര്‍ഷം അഞ്ച് ശതമാനം നിരക്കില്‍ ഒരുലക്ഷം രൂപ വീതമാണെങ്കില്‍ 15 ലക്ഷം രൂപ റോഡ് നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടും. വാഹന വിപണിക്ക് ഉണര്‍വാകും,
ടൂറിസ്റ്റ് ടാക്സികള്‍, ടെമ്പോകള്‍, പ്രൈവറ്റ് ബസുകള്‍ എന്നിവയുടെ റോഡ് ടാക്സ് ഗണ്യമായി കുറയ്ക്കുക. അതുവഴി, കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് മുതല്‍ മുടക്കാന്‍ തയാറാകും. ടൂറിസം വളരും. പൊതുഗതാഗതം ശക്തിപ്പെടും. അതായത് നിലവില്‍ ആറു സീറ്റുള്ള മോട്ടോര്‍ വാഹനത്തിന് വര്‍ഷം 13,640 രൂപ നികുതി കൊടുക്കുന്നത് 2400 രൂപയാക്കി കുത്തനെ കുറയ്ക്കണം. 12 മുതല്‍ 20 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് വര്‍ഷം 57,000 രൂപയെന്നത് വെറും 7,200 രൂപയാക്കുക. അങ്ങനെ നികുതി ഘടന പരിഷ്കരിച്ചാല്‍, ഒരു വര്‍ഷത്തേക്ക് വലിയ പ്രതീക്ഷയ്ക്കിടയില്ലാത്ത ടൂറിസം മേഖലയെ ആശ്രയിക്കുന്ന വിഭാഗങ്ങള്‍ക്ക് വലിയ സഹായമാകും.
എന്നാല്‍, 15 വര്‍ഷത്തെ നികുതിയുടെ പകുതിയാണെങ്കിലും ഒറ്റത്തവണയായി കിട്ടിയാല്‍ ഇഷ്ടാനുസരണം വിനിയോഗിക്കാനേ കേരളത്തിലെ ഏതു മുന്നണി ഭരിച്ചകാലത്തുംസര്ക്കാരുകള് ആഗ്രഹിച്ചിട്ടുള്ളു. അതിനാല്‍ സംസ്ഥാനത്തിന്റെ രക്ഷയ്ക്കായാലും ഇങ്ങനെയൊരു ‘സാഹസ’ത്തിന് സര്‍ക്കാരുകള്‍, പ്രത്യേകിച്ച് പിണറായി സര്‍ക്കാര്‍, തയാറാകില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: