ന്യൂദല്‍ഹി: ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്നതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഓരോ തൊഴിലാളിക്കും കര്‍ഷകനും രാജ്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഓരോ പൗരനും, മധ്യവര്‍ഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരന്മാര്ക്കുമുള്ളതാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്.
ഭൂമി, തൊഴില്‍, പണവിനിമയം, നിയമം എന്നിവയെല്ലാം ലളിതമാക്കുന്നതാകും ഈ പാക്കേജും. ധനമന്ത്രി നിര്‍മ്മല സീതാരാമന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് സംബന്ധിച്ച് വിശദമായ പദ്ധതി പ്രഖ്യാപിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരിലാകും ഇത് പ്രാവര്‍ത്തികമാക്കുക. രാജ്യത്തെ വിവിധ മേഖലകള്‍ക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊര്‍ജം ഈ പാക്കേജ് വഴി ലഭിക്കുമെന്നും മോദി വ്യക്തമാക്കി.
ലോകത്തെ ജനങ്ങളുടെ ജീവിതം ഒരൊറ്റ വൈറസ് താറുമാറാക്കി. കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം ഒരിക്കലും നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. നമ്മള് തകരില്ല, തോല്‍ക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണയില്‍ നിന്ന് രക്ഷപെടുകയും മുന്നേറുകയും ചെയ്യും. നമ്മുടെ ദൃഢനിശ്ചയം കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ വലുതാണ്. സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തൊന്നാം നൂണ്ടാണ്ട് ഇന്ത്യയുടേതാകും. കൊവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. ആപത്തിനെ അവസരമാക്കിയതുകൊണ്ടാണ് പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം മറികടന്നത്.
കഴിഞ്ഞ കുറച്ചുകാലമായി കൊറോണ മൂലം ദുരിതത്തിലായിരുന്നു ലോകം. ലക്ഷക്കണക്കിന് പേര്‍ക്ക് രോഗം ബാധിച്ചു. ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്ത്യയിലും നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തക്കാരെ നഷ്ടമായി. എല്ലാവര്ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.
ഇന്ന് ലോകം ദുരിതത്തിലാണ്ടിരിക്കുമ്പോള്‍ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ ലക്ഷ്യം മികച്ചതായിരിക്കണം. ഒരു യുദ്ധമാണ് നടക്കുന്നത്. ഇത്തരം ഒരു ദുരിതത്തെക്കുറിച്ച് നമ്മള് കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. നമ്മള് സങ്കല്‍പിച്ചതിനുമപ്പുറമാണിത്. പക്ഷേ, ക്ഷീണിക്കരുത്, തോല്‍ക്കരുത്. അത് മനുഷ്യര്‍ക്ക് ഭൂഷണമല്ല. ധൈര്യത്തോടെ, എല്ലാ ചട്ടങ്ങളും പാലിച്ച് നമുക്ക് രക്ഷപ്പെടണം, മുന്നോട്ട് പോവുകയും വേണം.
ഒരു രാജ്യമെന്ന നിലയില്‍ പ്രധാനവഴിത്തിരിവിലാണ് നമ്മളുള്ളത്. ഇത്ര വലിയ ദുരിതം ഇന്ത്യക്ക് ഒരു സന്ദേശവും അവസരവും നല്‍കുന്നതാണ്. ഒരു ഉദാഹരണം പറയാം, കൊറോണ രോഗം വ്യാപിച്ച ഘട്ടത്തില്‍ ഇന്ത്യയില്‍ പിപിഇ കിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നില്ല. എന്‍ 95 മാസ്കുകള്‍ നാമമാത്രമായാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇന്ന് പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പിപിഇ കിറ്റുകളും എന്‍ 95 മാസ്കുകളും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരിതം അവസരമായി മാറ്റാനുള്ള ഇന്ത്യയുടെ കഴിവാണിത് കാണിക്കുന്നത്.
ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്. ഈ വെല്ലുവിളികളെ നേരിടാനും ഈ സ്ഥിതിയെ അവസരമായി കാണാനും കഴിയും. അതിനുള്ള ഒരു ഒരേ ഒരു വഴി, ധൈര്യത്തോടെ മുന്നോട്ടു പോകുന്ന ആത്മനിര്‍ഭരമായ ഭാരതം എന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: