തിരുവനന്തപുരം: കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ മദ്യനികുതിയില്‍ വന്‍ വര്‍ദ്ധനവ് വരുത്താന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനംവരെ കൂട്ടാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതോടെ എല്ലാ മദ്യങ്ങള്‍ക്കും ബിയറിനും വില കുതിച്ച് ഉയരും. മദ്യത്തിന്റെ വില വര്‍ദ്ധിക്കാന്‍ സര്‍ക്കാരിനോട് നികുതിവകുപ്പ് ശുപാര്‍ശചെയ്തിട്ടുണ്ട്.
നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകും. ഇതോടെ ഒരു കുപ്പി മദ്യത്തിന് 50 മുതല്‍ നൂറുരൂപ വരെ വര്‍ദ്ധിക്കും. വില്‍പ്പനയില്‍ കുറവ് വന്നില്ലെങ്കില്‍ വര്‍ഷം പരമാവധി 600-700 കോടിരൂപവരെ അധികവരുമാനമാണ് നികുതിവകുപ്പ് കണക്കാക്കുന്നത്.
കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുന്നത്. 400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും. ഒരു കെയ്സില് മദ്യത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ കുപ്പികളുടെ എണ്ണം വ്യത്യസ്തമായിരിക്കും. 750 മില്ലി ലിറ്റര്‍ കുപ്പികളാണെങ്കില്‍ 12-ഉം ഒരു ലിറ്ററാണെങ്കില്‍ ഒമ്പതും കുപ്പികളുണ്ടാവും.
ബാറുകള്‍ വഴി മദ്യം പാഴ്സലായി നല്കാന് അനുമതി നല്കാന് സര്‍ക്കാരില്‍ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില് മദ്യവില്പന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്പന തുടങ്ങും. ബാറുകളില്‍ ബെവ്കോ നിരക്കില്‍ മദ്യവില്‍പ്പന നടത്തണമെന്നാണ് നിര്‍ദേശം. ബാറുകളുടെ കൗണ്ടറുകളിലും ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം നടപ്പാക്കും. അതേസമയം വെയര്‍ഹൗസുകളില്‍ മദ്യം വില്‍ക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.
നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളില്‍ കര്‍ശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കള്ളുഷാപ്പുകളില്‍ ഒരൊറ്റ കൗണ്ടര്‍ മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുക. കള്ളു വാങ്ങേണ്ടവര്‍ കുപ്പിയുമായി വരണം. 3000-ത്തിലധികം ഷാപ്പുകള്‍ നാളെ തുറക്കുമെന്നാണ് എക്സൈസിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: