കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരുന്ന കേരളീയരെ അഭയാര്‍ത്ഥികളായി കാണുന്ന പിണറായി സര്‍ക്കാരിന്റെ സമീപനം മാറ്റണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
തലപ്പാടിയില്‍ അതിര്‍ത്തി കൗണ്ടറില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരെയും, മടങ്ങിവരുന്ന ജനങ്ങള്‍ക്ക് സംസ്ഥാനത്ത് യാത്രാ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കാസര്‍കോട് കെഎസ് ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിര്‍ത്തികളിലെ കൗണ്ടറുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്ന അധികൃതര്‍ ഭക്ഷണവും, കുടിവെള്ളവും നല്കാന് തയ്യാറാവണം.
മുഖ്യമന്ത്രിയുടെ അഞ്ചു മണിക്കുള്ള തള്ളിന് പകരം അഞ്ചു കെഎസ്ആര്‍ടിസി ബസുകളെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ജനങ്ങള്‍ക്ക് യാത്രയ്ക്കായൊരുക്കി കൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തവര്‍ നാട്ടിലേക്ക് വരാന്‍ തയ്യാറാക്കാത്തത് ഇടതു സര്‍ക്കാരിന്റെ പീഡിപ്പിക്കല്‍ സമീപനം മൂലമാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ധര്‍ണ്ണ സമരത്തില്‍ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. സദാനന്ദറൈ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എന്‍.സതീഷ്, സവിതാടീച്ചര്, ജില്ലാ ട്രഷറര്‍ ജി.ചന്ദ്രന് നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: