കണ്ണൂര്‍: പ്രവാസികളുമായി ആദ്യ വിമാനം ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുമ്പോള്‍ ജില്ലയിലെ ക്വാറന്റൈന് കേന്ദ്രങ്ങളുടെ എണ്ണത്തിലും സൗകര്യങ്ങളിലും അവ്യക്തത. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരും പ്രവാസികളുമായി അര ലക്ഷത്തിലധികം പേരെത്തുന്ന ജില്ലയില്‍ സര്‍ക്കാര്‍ വക ക്വാറന്റെയിന് സൗകര്യം പൂര്‍ത്തിയായി എന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം പൊള്ളയാണെന്ന് ആരോപണമുയരുന്നു. ക്വാറന്റൈയിന് സൗകര്യങ്ങള്‍ക്കായി ജില്ലയിലെ വിവിധ താലൂക്കുകളിലായി കണ്ടെത്തിയ കേന്ദ്രങ്ങളില്‍ 50 ശതമാനം പോലും ഇതുവരെ സജ്ജമാക്കിയിട്ടില്ല.
ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ ആയി 474 കെട്ടിടങ്ങളിലായി പതിനാറായിരത്തിനടുത്ത് മുറികള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ജില്ലാഭരണകൂടം അവകാശപ്പെടുന്നത്. മുറികളിലായി 14000 അധികം ശുചിമുറികള്‍ ഉണ്ടെന്നും താലൂക്ക് തഹസില്‍ദാര്‍മാര്‍ മുഖേന തയ്യാറാക്കിയ പട്ടികയില്‍ പറയുന്നു. എന്നാല്‍ താഴെ തട്ടില്‍ നിന്നു ജില്ലാഭരണകൂടം ലഭിച്ച ഈ പട്ടികയില്‍ പറഞ്ഞ പലതും ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല കെട്ടിടങ്ങളിലും ശുചിമുറികളുടെ എണ്ണം നാമമാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുറികളുടെ പട്ടിക ഇറക്കിയത് സംബന്ധിച്ച് അപാകതകള്‍ ഉണ്ടെന്നു അറിയുന്നു.
മറ്റു സംസ്ഥാനങ്ങളിലെ നിന്നു വരുന്നവര്‍ വീട്ടില്‍ കോറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം ജില്ലക്ക് ആശ്വാസം ആണെങ്കിലും കണ്ടെത്തിയ കേന്ദ്രങ്ങളില്‍ പൂര്‍ണമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് രോഗം സംശയിച്ച് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭീഷണിയാവുന്ന സ്ഥിതിയാണ്. ഇത് ജനങ്ങള്‍ക്കിടയിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുളളവരാരെങ്കിലും രോഗബാധയുളളവരുണ്ടെങ്കില് ശുചിമുറികളിലൂടേയും മറ്റും വൈറസ് ബാധയില്ലാത്തവര്‍ക്കും രോഗ പകരാനുളള സാധ്യത കൂടുതലാണ് എന്നുളളതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
നിലവില്‍ റെഡ് സോണില്‍ നിന്ന് എത്തുന്നവരെ ക്വാറന്റൈനില്‍ ആക്കണമെന്ന് നിയമം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടു ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ അതിര്‍ത്തി കടന്നെത്തിയ റെഡ് സോണില്‍ നിന്നുള്ളവരെ വിവിധ ക്വാറന്റൈന് സെന്ററുകളില്‍ പ്രവേശിച്ചെങ്കിലും ഇവിടങ്ങളിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികളായ 180 പേരാണ് ഇന്ന് ഗള്‍ഫില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: