താമരശ്ശേരി: ജീവിച്ചിരിക്കുന്നുവെന്ന് മാത്രം; രേഖകളൊന്നുമില്ല. ആധാറും, റേഷന്‍ കാര്‍ഡും ഇല്ല, കൂരയ്ക്ക് വീട്ട് നമ്പറും ഇല്ല. സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ ഇതെല്ലാം വേണം. താമരശ്ശേരി പഞ്ചായത്തിലെ മൂന്നാംതോട് മുട്ട് കടവിലെ രാമന് – കമല ദമ്പതികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കാത്തതുകൊണ്ടായിരിക്കാം ഇവരെ സഹായിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരവുമില്ല.
എട്ട് വര്‍ഷം മുമ്പ് ഐഎവൈ പദ്ധതി പ്രകാരം ഈ ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുറയ്ക്ക് പണി തീര്‍ത്ത് രേഖകള്‍ ഹാജരാക്കി അടുത്ത ഗഡു വാങ്ങിക്കണമെങ്കില്‍ മുന്‍കൂര്‍ പണം ചിലവാക്കി വീടിന്റെ പണി തീര്‍ക്കണം. അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ അവസാന ഗഡു ലഭിച്ചില്ല. പണി പാതിവഴിയിലുമായി.
സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അയവില്ല. അടുത്തപദ്ധതിയുടെ സഹായം ലഭിക്കണമെങ്കില്‍ വീട് പണിതീര്‍ത്ത് പന്ത്രണ്ട് വര്‍ഷമെങ്കിലും കഴിയണം. വീട്ട് നമ്പര്‍ കിട്ടിയതിന് ശേഷം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാലെ മറ്റൊരു പദ്ധതിയില്‍ പെടാന്‍ അര്‍ഹതയുണ്ടാവൂ. എന്നാല്‍ വീടിന് ഇതുവരെ നമ്പര്‍ കിട്ടിയിട്ടില്ല. നമ്പര്‍ കിട്ടണമെങ്കില്‍ ആധാറും, റേഷന്‍ കാര്‍ഡും, വീടിന്റെ പ്ലാനും തുടങ്ങി രേഖകള്‍ നിരവധി വേണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്നതിന് മറ്റൊരു തെളിവുമില്ലാത്ത ഇവര്‍ക്ക് സഹായം ലഭിക്കാത്തിരിക്കാന്‍ സര്‍ക്കാറിന്റെ കണക്കില്‍ മറ്റൊരു കാരണവും വേണ്ട.
പഞ്ചായത്തിന്റെ പട്ടികവിഭാഗക്കാര്‍ക്കുള്ള വീടുവാസയോഗ്യമാക്കാനുള്ള പദ്ധതിയില്‍ ഇവര്‍ ഒന്നാം നമ്പറുകാരിയായിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് വന്നപ്പോഴാണ് എട്ട് വര്‍ഷം മുമ്പ് സര്‍ക്കാറിന്റെ സഹായം ലഭിച്ചതറിഞ്ഞത്. പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ ഇതു തന്നെ ധാരാളം.
” ഇവരുടെ ദുരവസ്ഥ കണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഒന്നരലക്ഷം രൂപ പാസായിട്ടുണ്ട്. അയല്‍ വാസിയായ മാര്‍ട്ടിന്റെ സഹായത്തോടെ പ്ലാനും മറ്റു രേഖകളും ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ തടസ്സം കഴിഞ്ഞാല്‍ തുക അനുവദിക്കും. നാല് തവണയായി ഇവര്‍ക്ക് ഭക്ഷണത്തിനുള്ള കിറ്റ് എത്തിച്ചിട്ടുണ്ട്.
അഗതി ആശ്രയ പദ്ധതി പ്രകാരമുള്ള കിറ്റ് നല്‍കിയിട്ടുണ്ട്. സ്വന്തമായി രേഖകള്‍ ഒന്നും ഇല്ലാത്തതാണ് ഇവരുടെ പ്രശ്നത്തിന് കാരണം” പഞ്ചായത്ത് മെമ്പര്‍ മഹേഷ് പറഞ്ഞു. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പദ്ധതികള്‍ പലതും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് ഗുണഭോക്താക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ലെന്നാണ് രാമന്-കമല ദമ്പതികളുടെ അനുഭവവും തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: