കാലം ഏകദേശം 1858. ശാരദാമണീദേവിക്ക് അന്ന് അഞ്ചു വയസ്സു പ്രായം. തന്റെ ജന്മസ്ഥലമായ ജയരാംവാടിയില്‍നിന്ന് ശാരദ അന്ന് സമീപഗ്രാമമായ സിഹോറിലെത്തിയിരിക്കുന്നു. അവിടെയാണ് ശാരദയുടെ അമ്മാവന്മാരുടെ വീടുകള്‍. അന്ന് സിഹോറിലെ ശാന്തിനാഥ ശിവക്ഷേത്രത്തില്‍ ഉത്സവമാണ്. കീര്‍ത്തനം കേള്‍ക്കാനും നാടകം കാണാനുമായി അടുത്തും അകലെയുമുള്ള ജനങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു.
ഭാവിയില്‍ ശ്രീരാമകൃഷ്ണപരമഹംസനായിത്തീര്‍ന്ന ഗദാധറിന് അന്ന് ഏകദേശം 23 വയസ്സ് പ്രായം. ഗദാധറും അന്ന് കീര്‍ത്തനത്തിനായി സിഹോറില്‍, മരുമകന്‍ ഹൃദയന്റെ വീട്ടിലെത്തിയിട്ടുണ്ട്. കീര്‍ത്തനം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയുടെ മടിയിലിരിക്കുകയായിരുന്നു കൊച്ചുശാരദ. ശൈശവവിവാഹം നിലവിലിരുന്ന കാലമായിരുന്നു അത്. ആ സ്ത്രീ അവിടെയുള്ള ആളുകളെ ചൂണ്ടി ശാരദയോടു ചോദിച്ചു: ”ഇവരില്‍ ആരെയാണ് നീ വിവാഹം കഴിക്കുക?” ശാരദ ഉടന്‍തന്നെ തന്റെ കൊച്ചുകൈകളുയര്‍ത്തി അധികം അകലെയല്ലാതെ ഇരിക്കുകയായിരുന്ന ഗദാധറിനെ ചൂണ്ടിക്കാണിച്ചു. വിവാഹമെന്തെന്ന് അന്ന് ശാരദ അറിഞ്ഞിരുന്നില്ല. എന്നാല്‍ ആ കൊച്ചുകൈകളെ നയിച്ച അദൃശ്യശക്തി പിഴയ്‌ക്കാത്ത ആ ശുദ്ധഹൃദയത്തിന്റെ നിഗമനം സത്യമാക്കിത്തീര്‍ത്തു.
ഈശ്വരദര്‍ശനത്തിനായി വെമ്പുന്ന ഹൃദയവും മനസ്സുമായി കല്‍ക്കത്തയിലെ ദക്ഷിണേശ്വരത്തെ കാളീക്ഷേത്രത്തില്‍ തപസ്സില്‍ മുഴുകിയ ഗദാധറിന്റെ മനസ്സിനെ ലോകത്തിലേക്കു തിരിച്ചുവിടാനായി, അമ്മ ചന്ദ്രമണീദേവിയും മൂത്ത സഹോദരന്‍ രാമേശ്വറും ഗദാധറിനെ വിവാഹം കഴിപ്പിക്കാനായി വധുവിനെ അന്വേഷിക്കാന്‍ തുടങ്ങി. യോജിച്ച വധുവിനെ കിട്ടാതെ അവര്‍ നിരാശരായി. അപ്പോഴാണ് ഗദാധര്‍തന്നെ അവരുടെ രക്ഷയ്‌ക്കെത്തിയത്. അദ്ദേഹം അവരോടു പറഞ്ഞു: ”ജയരാംബട്ടിയിലെ രാമചന്ദ്ര മുഖര്‍ജിയുടെ വീട്ടില്‍ വധുവിനെ വൈക്കോല്‍കൊണ്ട് അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്.” (ദേവതയ്‌ക്കായി കരുതിവെച്ച ഒരു ഫലമോ വിത്തോ അടയാളത്തിനുവേണ്ടി വൈക്കോല്‍കൊണ്ടു കെട്ടിവെക്കാറുള്ളതുകൊണ്ടാണ് ഈ പ്രയോഗം.) വീട്ടുകാര്‍ ഉടന്‍തന്നെ വധുവിനെ കണ്ടെത്തുകയും 1859 മെയ് ആദ്യം വിവാഹം നടക്കുകയും ചെയ്തു.
രാധയേയോ സീതയേയോ പോലത്തെ ഒരു നാരീരത്‌നത്തിന്റെ വിവാഹം നടന്നതിന്റെ പശ്ചാത്തലമാണ് ഇവിടെ വിവരിച്ചത്. 1853-ല്‍ പശ്ചിമബംഗാളിലെ ബാങ്കുറ ജില്ലയിലെ ജയരാംവാടി ഗ്രാമത്തിലെ ഒരു സാധാരണകുടുംബത്തില്‍ പിറവികൊണ്ട്, ലോകഗുരുവിന്റെ നിലയിലേയ്‌ക്കുയര്‍ന്ന ശാരദാദേവിയുടെ ജനനവും ബാല്യവും വിവാഹവും വിവാഹജീവിതവും വാര്‍ദ്ധക്യവുമെല്ലാം ആധുനികലോകത്തിന്, പ്രത്യേകിച്ചും ആധുനികസ്ത്രീയ്‌ക്ക് പഠനീയമാണ്, മനനീയമാണ്. കാരണം, പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ പാശ്ചാത്യഭോഗസംസ്‌കാരത്തിലേക്കു കൂപ്പുകുത്തുകയായിരുന്ന ഭാരതമനസ്സിനെ തനതു സംസ്‌കാരത്തിന്റെ അന്തസ്സത്തയിലേക്കു നയിച്ച് രാഷ്‌ട്രചേതനയെയാകെത്തന്നെ പുനരുജ്ജീവിപ്പി ക്കാനും ജനതയ്‌ക്ക് തങ്ങളില്‍ത്തന്നെയുള്ള വിശ്വാസം തിരിച്ചുകൊടുക്കാനും സനാതനധര്‍മ്മത്തെ പുനരുദ്ധരിക്കാനും കാരണമായ ശ്രീരാമകൃഷ്ണപരമഹംസനു ജീവിതസഖിയായത് ഈ ശാരദാദേവിയാണ്. ഈ സ്ത്രീരത്‌നമാണ് തന്റെ അനുജ്ഞയും അനുഗ്രഹവും നല്‍കി വിവേകാനന്ദസ്വാമികളെ അമേരിക്കന്‍ പര്യടനത്തിനു സജ്ജമാക്കിയത്, ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗദ്ധിതായ’ (ആത്മോദ്ധാരണത്തിനും ലോകോദ്ധാരണത്തിനുമായി) എന്ന ആദര്‍ശവചനവുമായി രാമകൃഷ്ണപ്രസ്ഥാനത്തില്‍ ചേര്‍ന്ന ത്യാഗികള്‍ക്കു മാതാവും ദേവതയുമായി ഭവിച്ചത്.
പ്രതിസന്ധികളില്‍ തളരാത്ത മാതൃഭാവം
ശരിയേത്, നല്ലതേത് എന്ന ധര്‍മ്മം മക്കള്‍ക്കുപോലും പകര്‍ന്നുകൊടുക്കാന്‍ കഴിയാത്ത അനേകം ദമ്പതിമാരുള്ള ലോകമാണിത്. വൃദ്ധരായ അച്ഛനമ്മമാരെപ്പോലും ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതുമില്ലെന്നും തങ്ങളുടെ ഭാവവും വാക്കും നടപ്പുംകൊണ്ടു മക്കളെ പഠിപ്പിക്കുന്ന, പേരിനുമാത്രമുള്ള മാതൃ-പിതൃത്വങ്ങള്‍കൊണ്ട് ഊറ്റംകൊള്ളുന്ന അനേകമാളുകളുള്ള ആധുനിക ലോകം. ഭോഗകലുഷമായ ഈ വര്‍ത്തമാനലോകത്തെ, തന്റെ മാതൃഭക്തിയും പിതൃഭക്തിയും സോദര സ്‌നേഹവും ഗുരുഭക്തിയും പതിഭക്തിയും ധര്‍മ്മനിഷ്ഠയും ലോകപ്രേമവുംകൊണ്ട് ശാരദാദേവി പ്രകാശമാനമാക്കിയിരിക്കുന്നു.
കുട്ടിക്കാലംതൊട്ട് അച്ഛനമ്മമാരെ കൃഷിപ്പണിമുതല്‍ അടുക്കളപ്പണിവരെ എല്ലാറ്റിലും സഹായിക്കുന്ന മകള്‍, തന്റെ കുഞ്ഞുസഹോദരന്മാരെ അമ്മയെപ്പോലെ സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കുകയും, പില്‍ക്കാലത്ത് സോദരര്‍തമ്മിലുള്ള വഴക്കില്‍ പോലുമിടപെട്ട് അവരെ ശാസിക്കുകയും നേരെ നയിക്കുകയും ചെയ്യുന്ന സോദരി, ഈശ്വരപ്രേമത്തിന്റെ ഉദാത്തതലത്തില്‍ വിഹരിക്കുന്ന ഭര്‍ത്താവിന്റെ തപശ്ചര്യക്കു പൂര്‍ണ്ണമനസ്സോടെ നിരന്തരം തുണയേകുന്ന സഹധര്‍മ്മിണി, ഭാരതത്തെ അടക്കിഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷുകാരെപ്പോലും സ്വന്തം മക്കളായി കരുതി സ്‌നേഹമൊഴുക്കിയ വിശ്വമാതൃത്വം, സ്വയം ഒരു നല്ല ഹിന്ദുവായിരിക്കെത്തന്നെ എല്ലാ മതക്കാരെയും സ്വന്തം മക്കളായിക്കണ്ട വാത്സല്യനിധി – ഈ സതീരത്‌നം ആധുനികഭാരതത്തിന് എന്തുകൊണ്ടും എന്നേയ്‌ക്കും മാതൃകയായി വര്‍ത്തിക്കുന്നു.
മനുഷ്യജീവിതം മഹാത്മാവിനും ദുരാത്മാവിനുമെല്ലാം ഒരു പോലെ കഷ്ടങ്ങളും ദുരിതങ്ങളും കാഴ്ചവെക്കുന്നു. എന്നാല്‍ മഹാത്മാക്കള്‍ ഇവയ്‌ക്കിടയില്‍ മനസ്സാന്നിധ്യം കൈവിടാതെ കഴിയുന്നതു നാം കാണുന്നു. ഇതു ശാരദാദേവിയുടെ ജീവിതത്തിലും സ്പഷ്ടമാണ്. കഷ്ടങ്ങളും ദുരിതങ്ങളുമെല്ലാം അസാമാന്യസഹനശക്തിയോടെ ഉള്‍ക്കൊള്ളുന്ന അസാധാരണസ്ത്രീത്വമായിരുന്നു ദേവിയുടേത്. സീതാദേവിയെപ്പോലെ സര്‍വ്വംസഹയും സാവിത്രിയെപ്പോലെ ഭര്‍തൃസേവനവ്യഗ്രയുമായ സതിയേയാണ് നാം ദേവിയില്‍ കാണുന്നത്. ശ്രീരാമകൃഷ്ണന്റെ മഹാസമാധിക്കുശേഷം ഗാര്‍ഹികസാഹചര്യങ്ങള്‍ അസഹനീയമായിത്തീര്‍ന്നിരുന്നുവെങ്കിലും, ദേവി തന്റെ തപോബലത്താല്‍മാത്രം സംതൃപ്ത മനസ്സോടെ കഴിഞ്ഞു, കര്‍ത്തവ്യനിരതയായി ദിനങ്ങള്‍ കഴിച്ചു.
സഹോദരന്മാരുടെ സ്വാര്‍ത്ഥതയും, അനന്തരവര്‍മാര്‍ക്ക് അന്യോന്യമുള്ള അസൂയയും, സോദരപുത്രിയുടെ വക്രബുദ്ധിയും, സോദരപത്‌നിയുടെ ചിത്തഭ്രമവുമെല്ലാം ചേര്‍ന്നുള്ള ദേവിയുടെ ഗാര്‍ഹികാവസ്ഥ സങ്കീര്‍ണ്ണമായിരുന്നു. ഇത്തരമൊരന്തരീക്ഷത്തില്‍, ദേവിക്കു തന്റെ കര്‍മ്മങ്ങള്‍ സംശയവും നീരസവുമില്ലാതെ, ക്ഷമയും ഉള്‍ക്കാഴ്ചയും നിസ്സംഗതാബലവുംകൊണ്ടു നിറവേറ്റേണ്ടിയിരുന്നു. ലൗകികലാഭത്തിനുവേണ്ടി എപ്പോഴും തന്നെ അലട്ടുന്ന ബന്ധുക്കള്‍ക്കൊപ്പം കഴിയുമ്പോള്‍പോലും, അപരിചിതര്‍ക്കും കുറ്റവാളികള്‍ക്കും ധനികര്‍ക്കും ദരിദ്രര്‍ക്കും രോഗികള്‍ക്കും ദുഃഖിതര്‍ക്കും സാധകര്‍ക്കും സിദ്ധര്‍ക്കുമെല്ലാം ഒരുപോലെ വിസ്മയകരമായ സ്‌നേഹം പകര്‍ന്നൊഴുക്കുന്നതിന്റെ വര്‍ണ്ണാഭമായ ജീവിതചിത്രമാണ് നാം ഇവിടെ കാണുന്നത്. ഈ അനുപമവ്യക്തിത്വത്തിന്റെ അഞ്ചു ശതമാനമെങ്കിലും ജീവിതത്തിലുണ്ടായാല്‍ സുസ്ഥിരമായ കുടുംബബന്ധങ്ങളുണ്ടാക്കാന്‍ ഭാരതസ്ത്രീകള്‍ക്കു കഴിയും.
‘തപോ ബ്രഹ്‌മേതി…’
‘സഹനശക്തി ഓരോ മനുഷ്യനെ സംബന്ധിച്ചും പരമപ്രധാനമായ ഗുണമാണ്’ എന്ന ശ്രീരാമകൃഷ്ണ വചനം ഈ വിധത്തില്‍ ദേവിയുടെ ജീവിതത്തില്‍ പ്രയോഗത്തില്‍ വരുന്നുണ്ട്. പൂര്‍ണ്ണരും ശുദ്ധരുമായ മനുഷ്യര്‍ അപൂര്‍വ്വമായതിനാല്‍ പൂര്‍ണ്ണവും ശുദ്ധവുമായ കുടുംബങ്ങളോ സ്ഥാപനങ്ങളോ ഈ ലോകത്തിലില്ല. അതുകൊണ്ടു സ്വന്തം അപൂര്‍ണ്ണത്വം മനസ്സിലാക്കിക്കൊണ്ട് കൂടെയുള്ള അപൂര്‍ണ്ണവ്യക്തികളുമായി യോജിച്ചും സ്‌നേഹിച്ചും കഴിയാനുള്ള കഴിവു നാം വികസിപ്പിക്കണം. എന്നാല്‍, സ്വയം ശുദ്ധയും പരിപൂര്‍ണ്ണയുമായിരുന്നിട്ടും തനിക്കു ചുറ്റുമുള്ള സാധാരണക്കാരുടെ കുറവുകള്‍ പൊറുത്തുകൊണ്ട് അവരുമായി മൈത്രിയിലും സാഹോദര്യത്തിലും ചരിക്കുന്ന അസാമാന്യവ്യക്തിത്വമായിരുന്നു ദേവിയുടേത്. ‘ആത്മസാക്ഷാത്കാരം
പൂര്‍ണ്ണമായാല്‍ തന്റെ ഹൃദയത്തില്‍ വസിക്കുന്ന ഭഗവാന്‍തന്നെയാണ് മറ്റുള്ളവരുടെ ഹൃദയത്തിലും വസിക്കുന്നതെന്നു കണ്ടെത്തുന്നു. ഈ സാക്ഷാത്കാരം ഒരുവനെ സത്യമായും വിനയാന്വിതനാക്കുന്നു.’ ദേവിയുടെതന്നെ ഈ വാക്കുകള്‍ ഇവിടെ അന്വര്‍ത്ഥമാണ്. എന്നാല്‍ സാധാരണമനുഷ്യര്‍ സ്വന്തം കുറവുകളെ മറക്കുകയും പൊറുക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുടെ കുറവുകളെ മറക്കുകയോ പൊറുക്കുകയോ ചെയ്യുന്നില്ല. ഇവിടെയാണ്, ‘ഈശ്വരഭക്തി നേടാതെ ലോകജീവിതത്തില്‍ പ്രവേശിച്ചാല്‍ അതിലെ അപകടങ്ങളും ദുഃഖങ്ങളുംകൊണ്ടു നിങ്ങള്‍ പൊറുതികെടും’ എന്ന ശ്രീരാമകൃഷ്ണവാണിയുടെ പ്രസക്തി നമുക്കു മനസ്സിലാവുന്നത്.
മനുഷ്യരോടിടപെടുമ്പോള്‍ ദേവി മതമോ ജാതിയോ ധനമോ നോക്കാറില്ലെന്നു കാണിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ദേവിയുടെ വീടു പണിയുമ്പോള്‍ കൂലിവേല ചെയ്തിരുന്ന അംജദ് എന്നു ഒരു മുസല്‍മാനും മറ്റു ചിലര്‍ക്കും ഒരു ദിവസം മാതൃദേവി വീട്ടിന്റെ വരാന്തയില്‍ ഇരുത്തി ആഹാരം നല്‍കി. ഭാഗിനേയിയായ നളിനിയോടാണ് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പറഞ്ഞത്. തൊട്ടുകൂടായ്മയും ജാതിവിവേചനവുമുണ്ടായിരുന്ന സമൂഹത്തിലെ ബ്രാഹ്മണഗൃഹം; നളിനി ദൂരെ നിന്നുകൊണ്ട് ആഹാരസാധനങ്ങള്‍ ഓരോന്നായി അയാളുടെ തളികയിലേക്ക് ഇടുകകയായിരുന്നു. ഇതു കണ്ട് ദേവി ചോദിച്ചു: ‘ഇങ്ങനെ വിളമ്പിക്കൊടുത്താല്‍ എങ്ങനെയാണ് വയറുനിറയെ ആഹാരം കഴിക്കുന്നത്? നിനക്കു വയ്യെങ്കില്‍ ഇവിടെത്തരൂ, ഞാന്‍ വിളമ്പിക്കൊടുക്കാം.’ അംജദ് ആഹാരം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ദേവിതന്നെ അവിടമൊക്കെ വെള്ളമൊഴിച്ചു വൃത്തിയാക്കി. അതു കണ്ട് ‘അമ്മായി ജാതിഭ്രഷ്ടയാകില്ലേ?’ എന്നു ചോദിച്ച നളിനിയെ ശാസിച്ചുകൊണ്ടു ദേവി പറഞ്ഞു: ‘ശരത്ത് (ശ്രീരാമകൃഷ്ണശിഷ്യനായ ശാരദാനന്ദസ്വാമികള്‍) എനിക്ക് എങ്ങനെയോ മകനായിരിക്കുന്നത്, അങ്ങനെതന്നെയാണ് എനിക്ക് ഈ അംജദും.’
ആധുനികലോകത്തില്‍ നാം അല്പംമാത്രം കാണുന്നതും ശാരദാദേവിയില്‍ ഉജ്ജ്വലമായി ശോഭിക്കുന്നതുമായ മറ്റൊരു പ്രധാനഗുണം തപസ്സിലുള്ള ശ്രദ്ധയാണ്. ‘തപസാ ബ്രഹ്മ വിജിജ്ഞാസസ്വ. തപോ ബ്രഹ്‌മേതി’ – ‘തപസ്സുകൊണ്ടു ബ്രഹ്മത്തെ അറിവാന്‍ ശ്രമിക്കുക; തപസ്സാകുന്നു ബ്രഹ്മം’ – എന്ന വേദോപദേശത്തെ സ്വജീവിതത്തില്‍ ദേവി പകര്‍ത്തിയിരുന്നു. മാറിക്കൊണ്ടിരിക്കുന്നതും ജരാവാര്‍ദ്ധക്യങ്ങള്‍ ബാധിക്കുന്നതും മരണമടയുന്നതുമായ മനുഷ്യദേഹത്തില്‍ മനുഷ്യാത്മാവായി കുടികൊള്ളുന്ന ഈശ്വരാംശത്തെ അനുഭവിക്കാനും അങ്ങനെ ശാശ്വതശാന്തിയും ആനന്ദവും നേടാനും മനുഷ്യരേവരും തപസ്സിലേര്‍പ്പെടേണ്ടതാണെന്നു ദേവി തന്റെ തപോമയജീവിതത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണസന്നിധിയില്‍ ദേവി നയിച്ച ജീവിതം അത്ഭുതകരമായിരുന്നു. രാവിലെ മൂന്നു മണിക്കുള്ള ഉണരല്‍, ഗംഗയില്‍ സ്‌നാനം, അതു കഴിഞ്ഞാല്‍ നേരം നന്നായി പുലരുന്നതുവരെയുള്ള ജപധ്യാനങ്ങള്‍. പിന്നെ ശ്രീരാമകൃഷ്ണനെ സന്ദര്‍ശിക്കുന്ന ശിഷ്യര്‍ക്കും മറ്റും വേണ്ടിയുള്ള വിപുലമായ പാചകജോലി. ‘അതിഥിദേവോ ഭവ’ എന്ന വേദോപദേശത്തിന്റെ അസുലഭസുന്ദരമായ ദൃഷ്ടാന്തം. ഈ തിരക്കിട്ട ദിനചര്യയ്‌ക്കിടയിലും സത്യം, ബ്രഹ്മചര്യം തുടങ്ങിയ മഹാവ്രതങ്ങളെല്ലാം ആ മഹതിയില്‍ ശോഭിച്ചിരുന്നു.
ധര്‍മമാര്‍ഗത്തിലെ ജീവിതയാത്ര
ഒരിക്കല്‍ അനന്തരവളായ നളിനിയെ ഗുണദോഷിക്കവെ, ജോലിക്കൊപ്പം താന്‍ ചെയ്ത തീവ്രതപസ്സിനെപ്പറ്റി ദേവി ഇങ്ങനെ പറഞ്ഞു: ‘നിന്റെ പ്രായത്തില്‍ ഞാന്‍ എത്രയധികം ജോലി ചെയ്തു! എന്നിട്ടും ഓരോ ദിവസവും ലക്ഷം തവണ മന്ത്രമുരുവിടാനുള്ള സമയം ഞാന്‍ കണ്ടെണ്ടത്തിയിരുന്നു.’ കഠിനമായ ഏതൊരു തപശ്ചര്യയുമായി തട്ടിച്ചുനോക്കിയാലും ഇതു വളരെ ഉന്നതമായ നിലയാണ്. ദേവി ഈ കഠിനതപസ്സിന്റെയെല്ലാം ഫലം ചെലവഴിച്ചത് തനിക്കുവേണ്ടണ്ടിയായിരുന്നില്ല, തന്റെ ശിഷ്യര്‍ക്കുവേണ്ടണ്ടിയായിരുന്നു എന്നത് ദേവിയുടെ വാക്കുകളില്‍നിന്നുതന്നെ വ്യക്തമാകുന്നു: ‘മന്ത്രംവഴിയായി തന്റെ ശക്തി ശിഷ്യനിലേയ്‌ക്കു പകരുകയാണ് ഗുരു ചെയ്യേണ്ടണ്ടത്. അതോടൊപ്പം ആ ശിഷ്യന്റെ പാപങ്ങള്‍ ഗുരു ഏറ്റെടുക്കുകയും ചെയ്യുന്നു. ഗുരുവിനു ശാരീരികരോഗങ്ങള്‍ ഉണ്ടണ്ടാകുന്നതിന്റെ കാരണമിതാണ്. അതുകൊണ്ടണ്ടാണ് ഗുരുസ്ഥാനം സ്വീകരിക്കുന്നത് ക്ലേശകരമായ പ്രവൃത്തിയാകുന്നത്.’
ഗുരുകുലരീതിയിലുള്ള പഠനസമ്പ്രദായം തിരിച്ചുവരണമെന്ന വിവേകാനന്ദസ്വാമികളുടെ പ്രസ്താവനയുടെ വില നമുക്കു ദേവിയുടെ ജീവിതത്തിലൂടെ ഉള്‍ക്കൊള്ളാനാവും. ഔപചാരികവിദ്യാഭ്യാസമില്ലാതിരുന്നിട്ടുകൂടി, സ്വയം നേടിയെടുത്തതും പതിദത്തവുമായ വിദ്യയിലൂടെ ധര്‍മ്മമാര്‍ഗ്ഗത്തില്‍ ഉറച്ചു ചരിച്ച ദേവിയും, ഉന്നതവിദ്യാഭ്യാസം നേടിയിട്ടും അധാര്‍മ്മികരാകുന്ന ആധുനികജനതയും തമ്മിലുള്ള അന്തരം നമ്മെ അമ്പരപ്പിക്കും. പണ്ടണ്ടത്തെ ഗുരുകുലവിദ്യാഭ്യാസത്തില്‍ മനുഷ്യനിലെ നിത്യസത്യമായ ഈശ്വരാംശത്തെക്കൂടി പഠിപ്പിച്ചിരുന്നു, അതുകൊണ്ടണ്ടുതന്നെ അവര്‍ ഏറെക്കുറെ നിര്‍ഭയരും നിസ്സ്വാര്‍ത്ഥരും സത്യ നിഷ്ഠരും ധര്‍മ്മിഷ്ഠരുമായിത്തീര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഈ അദ്ധ്യാത്മവിദ്യയുടെ അഭാവത്തില്‍ വിദ്യാഭ്യാസലക്ഷ്യം പണമുണ്ടണ്ടാക്കല്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു. അതു മനുഷ്യനെ ഭയഭീതനും സ്വാര്‍ത്ഥനും അസത്യവാക്കും അധര്‍മ്മിയുമാക്കുകയും ലോകത്തിനു ദുരിതം വരുത്തുകയും ചെയ്യുന്നു. ദേവിയിലൂടെയും ശ്രീരാമകൃഷ്ണനിലൂടെയും അവരുടെ സംന്യാസി-ഗൃഹസ്ഥശിഷ്യരിലൂടെയും വെളിവാകുന്ന അദ്ധ്യാത്മവിദ്യാര്‍ജ്ജനത്തിന്റെ അത്ഭുതകരമായ മൂല്യവും പ്രയോജനവും പരിഷ്‌കൃതരെന്നു മേനിനടിക്കുന്ന നമ്മുടെ ഈ ആധുനികലോകം മനസ്സിലാക്കാന്‍ വൈകിക്കൂടാ.
ദൈനംദിനജീവിതത്തിനും അദ്ധ്യാത്മപുരോഗതിക്കും ഉതകുന്നതായിരുന്നു ശ്രീരാമകൃഷ്ണന്‍ ദേവിക്കു നല്കിയ ഉപദേശങ്ങള്‍. മനുഷ്യന്റെ വിജയം സ്ഥലകാലങ്ങളനുസരിച്ചു പെരുമാറാനുള്ള കഴിവിനെ ആശ്രയിച്ചാണെന്ന് ശ്രീരാമകൃഷ്ണന്‍ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു: ‘ശാരീരികമായി എല്ലാവരുടേയും മാംസവും അസ്ഥിയുമെല്ലാം ഒന്നുതന്നെ. പക്ഷേ, അന്തഃകരണം ഭിന്നരീതിയിലാണ് ഓരോ വ്യക്തിയിലും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടണ്ടു സ്‌നേഹിതരെയും സഹകാരികളെയും തിരഞ്ഞെടുക്കുന്നതു വളരെ കരുതലോടെ വേണം. ചിലരോടു വളരെ സ്വാതന്ത്ര്യമായി ഇടപെടാം. മറ്റു ചിലരെ കണ്ടണ്ടാല്‍ ഒന്നു തല കുലുക്കിയാല്‍ മാത്രം മതി. വേറെ ചിലരോടു സംസാരിക്കാന്‍തന്നെ പോകരുത്.’ ഇങ്ങനെ ശ്രീരാമകൃഷ്ണന്‍ ദേവിക്കു നല്കിയ ശിക്ഷണം സമഗ്രമായിരുന്നു.
സ്വാര്‍ഥത്യാഗിയായ ദേവി
ഈ പതിവ്രതയുടെ ഉദാത്തജീവിതം നമുക്കു സമ്മാനിക്കുന്ന അതിസാധാരണമെന്നു തോന്നാവുന്ന സന്ദര്‍ഭങ്ങള്‍ പോലും അര്‍ത്ഥഗര്‍ഭവും ആദര്‍ശപൂര്‍ണ്ണവുമാണ്. പാശ്ചാത്യാനുകരണഭ്രമത്താല്‍ ശരീര സൗന്ദര്യവത്ക്കരണം വളരെയേറെ സമയവും ഊര്‍ജ്ജവും അപഹരിക്കുന്ന ഇക്കാലത്ത്, ദേവിയുടെ ജീവിതത്തിലെ ഒരു സംഭവം നമുക്കു വഴികാട്ടിയാകേണ്ടതാണ്. ഒരിക്കല്‍ ദേവിയുടെ സോദരപുത്രിയായ രാധു മുട്ടിനുമുകളില്‍ തുണി കയറ്റിവച്ച് ഇരുന്നു. ദേവി അവളെ ഇങ്ങനെ ശാസിച്ചു: ‘കഷ്ടം! ഒരു സ്ത്രീയെന്തിനാണ് മുട്ടിനുമുകളിലേക്ക് തുണി കയറ്റുന്നത്? തുണി മുട്ടിനുമുകളിലായാല്‍ അതു നഗ്നതയ്‌ക്കു തുല്യമാണ്.’
സമൂഹത്തിന്റെ ഉദ്ധാരണത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെപ്പറ്റി ദേവിക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ എങ്ങനെ പെരുമാറണമെന്നതിനെപ്പറ്റി ദേവി പലപ്പോഴും ഉപദേശിച്ചിട്ടുണ്ട്: ‘സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ കോപം വരരുത്. അവര്‍ ക്ഷമ ശീലിക്കണം. സ്വഭാവേന സ്ത്രീകള്‍ വളരെ മൃദുലകളാണ്. ഒരൊറ്റ വാക്കു മതി അവരുടെ മനം കലക്കുവാന്‍. ഇക്കാലത്താകട്ടെ, വാക്കുകള്‍ക്കു ലോഭവുമില്ലല്ലോ. സ്ത്രീകള്‍ക്ക് എപ്പോഴും ക്ഷമയുണ്ടായിരിക്കണം.’
എന്നാല്‍ സ്വാര്‍ഥതയുടെ ലേശമെങ്കിലുമുള്ള ത്യാഗമില്ലാതെ ഈ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പ്രയാസമാണെന്നത് വ്യക്തമാണ്. ഇന്നത്തെ ലോകത്തിന് അവശ്യം വേണ്ടത് സ്വാര്‍ഥ ത്യാഗമാണുതാനും. കാരണം സ്വാര്‍ഥതയാണ് മനുഷ്യനെ തെറ്റില്‍നിന്നു കൂടുതല്‍ വലിയ തെറ്റിലേക്കു കൊണ്ടുപോകുന്നത്. കൈക്കൂലിയും അഴിമതിയും മറ്റു കുറ്റങ്ങളുമെല്ലാം സ്വാര്‍ത്ഥത്തില്‍നിന്നു ജനിക്കുന്നു. സ്വാര്‍ഥത്തില്‍നിന്ന് അകലുന്തോറും നാം ഈശ്വരനുമായി അടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ‘നിസ്വാര്‍ഥത ഈശ്വരനാണ്’ എന്ന് വിവേകാനന്ദസ്വാമികള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ സ്വാര്‍ത്ഥത്യാഗം അഭ്യസിക്കണമെങ്കില്‍ നമുക്കു ജീവിതമാതൃകകള്‍ വേണം; ജീവിതത്തില്‍ സ്വാര്‍ഥത്യാഗം അനുഷ്ഠിച്ചവരുടെ ദൃഷ്ടാന്തം വേണം. ഈ ദൃഷ്ടാന്തത്തിനായി നമുക്കു ശാരദാദേവിയുടെ ജീവിതം പഠിക്കാം, അതു നല്കുന്ന സാര്‍വ്വജനീനമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാം. മാത്രമല്ല, സ്വാര്‍ഥത്യാഗത്തിന്റെ സല്‍ഫലം നമുക്കു ബോധ്യമാകണമെങ്കിലും അവശ്യം വേണ്ടത് ഇത്തരം മഹത്തുക്കളുടെ ജീവചരിത്ര പഠനമാണ്.
ജീവിതപാഠങ്ങളുടെ മഹത്വം
ഔപചാരികവിദ്യാഭ്യാസമില്ലാതെപോലും എങ്ങനെ വിദ്യാസമ്പന്നയാകാമെന്നും (വിദ്യാസമ്പന്നത കൊണ്ടു ലക്ഷ്യമാക്കുന്നത് ധാര്‍മ്മികമായി കര്‍മ്മമനുഷ്ഠിച്ചു ജീവിച്ച് ശാന്തിയും ആനന്ദവും നേടലുമാണെങ്കില്‍), സ്വന്തമായി മക്കളില്ലാതെതന്നെ എങ്ങനെ അമ്മയാകാമെന്നും, ലോകജീവിതം നയിച്ചുകൊണ്ടുതന്നെ എങ്ങനെ യോഗിയാകാമെന്നും, കര്‍മ്മമനുഷ്ഠിച്ചുകൊണ്ടുതന്നെ എങ്ങനെ നൈഷ്‌കര്‍മ്മ്യസിദ്ധി നേടാമെന്നും, സ്ത്രീയായി ജീവിച്ചുകൊണ്ടുതന്നെ എങ്ങനെ തപസ്സുചെയ്യാമെന്നും, സാധാരണമായ ചുറ്റുപാടില്‍പ്പോലും എങ്ങനെ ആദര്‍ശജീവിതം നയിക്കാമെന്നും, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചുകൊണ്ട് എങ്ങനെ ജീവിതസാഫല്യം നേടാമെന്നും ശാരദാദേവിയുടെ ജീവിതം നമുക്കു കാട്ടിത്തരുന്നു. ‘അമ്മ എന്തിനാണിത്ര അദ്ധ്വാനിക്കുന്നത്’ എന്ന ചോദ്യത്തിനുത്തരമായി ദേവി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘എന്റെ കുട്ടീ, എന്റെ ജീവിതം ഒരു മാതൃകയാക്കാന്‍ വേണ്ടതിലധികം ഞാന്‍ ചെയ്തിരിക്കുന്നു.’
ഉപയോഗമുള്ള എന്തെങ്കിലും ചെറിയ സാധനംപോലും കളയുന്നത് ദേവിയ്‌ക്ക് ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം വീട്ടിലെ ആരോ ഒരു ഫലക്കൊട്ട എറിഞ്ഞുകളഞ്ഞു. അതു പ്രയോജനമുള്ള നല്ല കൊട്ടയാണെന്ന് അമ്മ കണ്ടു. ദേവി അതു കൊണ്ടുവരവിച്ച് ഭാവിയിലെ എന്തെങ്കിലും ആവശ്യത്തിനായി സൂക്ഷിച്ചുവെച്ചു. ഒരിക്കല്‍ നന്നായി പാചകം ചെയ്ത കിച്ചുരി (അരികൊണ്ടുണ്ടാക്കുന്ന ഒരു ബംഗാളിഭക്ഷണം) വീട്ടിലുള്ള ഒരാള്‍ കളയാന്‍ പോകുകയായിരുന്നു. ദേവി പ്രതിഷേധിക്കുകയും അത് ഒരു യാചകിക്കു നല്കുകയും ചെയ്തു. ദേവി പറഞ്ഞു: ‘ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുക്കണം. മനുഷ്യര്‍ക്കു കഴിക്കാവുന്നത് പശുവിനു കൊടുത്തു കളയരുത്. പശുക്കള്‍ക്കു കഴിക്കാനാവാത്തത് പട്ടിക്കു കൊടുക്കണം. പശുവിനും പട്ടിക്കും കഴിക്കാനാവാത്തത് കുളത്തിലെ മീനുകള്‍ക്കു കൊടുക്കാം. ഒന്നും പാഴാക്കരുത്.’
ഒരു ദിവസം പത്തു മണിയോടെ ദേവി ദേഹത്ത് തൈലം പുരട്ടുകയായിരുന്നു. ഒരു സേവിക നിലം അടിച്ചുവാരിയതിനുശേഷം ചൂല്‍ ഒരു വശത്തേക്ക് എറിഞ്ഞു. ഇതു കണ്ട് ദേവി പറഞ്ഞു: ‘ഇതെന്താണ്? പണി കഴിഞ്ഞപ്പോള്‍ ചൂലെടുത്ത് എറിയുകയോ! എറിയാനെടുത്ത സമയമേ അതു നേരെ ഒരിടത്തു വെക്കാനും എടുക്കൂ. ചെറുതായതുകൊണ്ട് ഒരു സാധനത്തെ അവഗണിക്കണോ? നിങ്ങള്‍ ഒരു സാധനത്തെ മാനിച്ചാല്‍ അതു നിങ്ങളെയും മാനിക്കും. അത് ഇനിയും ആവശ്യമില്ലേ! മാത്രമല്ല, ആ ചൂലും ഈ കുടുംബത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അതു കുറച്ചു പരിഗണന അര്‍ഹിക്കുന്നുണ്ട്. ഒരു സാധനം അര്‍ഹിക്കുന്ന ആദരവ് അതിനു നല്‍കണം. ചൂലായാലും ശ്രദ്ധയോടെ വേണം വെക്കാന്‍. സാധാരണജോലിപോലും ശ്രദ്ധയോടെ വേണം ചെയ്യാന്‍.’
വിസ്മരിക്കരുത് മാതൃദേവിയെ…
ഇംഗ്ലീഷുകാരെ അനുകരിക്കാനുള്ള അന്ധമായ ഓട്ടത്തിന്റെ ദിനങ്ങളില്‍ ഭാരതീയസ്ത്രീകള്‍ക്കായി ഒരു ദേശീയ വിദ്യാഭ്യാസപദ്ധതിക്കു തുടക്കം കുറിച്ചത് ഒരു ‘ഇംഗ്ലീഷുകാരി’യുടെ കൈകളാണെന്നത് വിരോധാഭാസമാണ്. സിസ്റ്റര്‍ നിവേദിതയായി മാറിയ മാര്‍ഗരറ്റ് എലിസബത്ത് നോബിളിന്റെ കൈകള്‍. ഈ സ്‌കൂളിന്റെ ആരംഭത്തില്‍ അതിന് തന്റെ അനുഗ്രഹാശിസ്സുകള്‍ നല്കാന്‍ ശാരദാദേവി സന്നിഹിതയായിരുന്നു. 1898 നവംബര്‍ 13ന് കല്‍ക്കത്തയിലെ 16 ബോസ്പാറ ലെയ്‌നിലുള്ള നിവേദിതയുടെ വിദ്യാലയം ഉദ്ഘാടനം ചെയ്യാന്‍ ശാരദാദേവി വന്നു. ശ്രീരാമകൃഷ്ണനെ പൂജിച്ചതിനുശേഷം ദേവി
വിദ്യാലയം ഈശ്വരന്നര്‍പ്പിക്കുകയും, ‘വിദ്യാലയത്തിനും പെണ്‍കുട്ടികള്‍ക്കും ജഗദംബയുടെ അനുഗ്രഹങ്ങളുണ്ടണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ വിദ്യാലയത്തില്‍നിന്നു ശിക്ഷണം ലഭിച്ച പെണ്‍കുട്ടികള്‍ ആദര്‍ശവനിതകളാകട്ടെ’ എന്നു പറഞ്ഞ് വിദ്യാലയത്തെ അനുഗ്രഹിക്കുകയും ചെയ്തു. നിവേദിത അത്യന്തം ആഹ്ലാദവതിയായി. അവര്‍ പിന്നീട് തന്റെ ചേതോവികാരം ഇങ്ങനെ രേഖപ്പെടുത്തി: ‘ഭാവിയിലെ അഭ്യസ്തവിദ്യരായ ഹിന്ദുസ്ത്രീകളെ അമ്മ അനുഗ്രഹിച്ചതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു തുടക്കം എനിക്കു സങ്കല്പിക്കാനേ കഴിയുന്നില്ല.’
വിവേകാനന്ദസ്വാമികളുള്‍പ്പെട്ട രാമകൃഷ്ണപ്രസ്ഥാനത്തിലെ സംന്യാസിമാരെ നയിക്കുന്നതില്‍ ശാരദാദേവി വഹിച്ച പങ്ക് മഹനീയമായിരുന്നു. സംന്യാസിമാരെ ദേവി ഇങ്ങനെ ഉപദേശിച്ചു: ‘ഒരു സന്ന്യാസി എപ്പോഴും ജാഗ്രതയോടെയിരിക്കണം. സംന്യാസിയുടെ മാര്‍ഗ്ഗം അപകടങ്ങള്‍ നിറഞ്ഞതാണ്. വളരെ ശ്രദ്ധയോടുകൂടി സഞ്ചരിച്ചില്ലെങ്കില്‍ കാല്‍ വഴുതിപ്പോകുവാനിടയു ണ്ട്ണ്ട്. സംന്യാസിയാവുക എന്നുവെച്ചാല്‍ നേരമ്പോക്കാണോ? സംന്യാസി ഒരു സ്ത്രീയെ നോക്കുകപോലും അരുത്. വഴിയില്‍ക്കൂടി നടക്കുമ്പോള്‍ കാലിന്റെ പെരുവിരലിലേക്കു ദൃഷ്ടിയുറപ്പിക്കണം. പട്ടിയുടെ കഴുത്തില്‍ പട്ട കെട്ടിയാല്‍ അത് അലഞ്ഞുനടക്കുന്ന പട്ടിയല്ല എന്നു മനസ്സിലാകുന്നു; തന്നിമിത്തം അതു രക്ഷപ്പെടുന്നു. അതേപോലെ, സംന്യാസിയുടെ കാവിവസ്ത്രം അപകടങ്ങള്‍ ഒഴിവാക്കാനുള്ള രക്ഷാകവചമാണ്.’1894-ല്‍ വിവേകാനന്ദസ്വാമികള്‍ തന്റെ സോദരസം
ന്യാസിയായ ശിവാനന്ദസ്വാമികള്‍ക്ക് എഴുതി: ‘സഹോദര! മാതൃദേവി (ശാരദാദേവി) എത്ര വലിയ മഹതിയാണെന്നു നിങ്ങള്‍ക്കു മനസ്സിലായിട്ടില്ല. ക്രമേണ മനസ്സിലാകും. ശക്തികൂടാതെ ലോകോദ്ധാരണമുണ്ടണ്ടാകില്ല. നമ്മുടെ നാട് ഏറ്റവും അധമവും ദുര്‍ബലവുമായിരിക്കുന്നത് എന്തുകൊണ്ടണ്ട്? ശക്തിയെ അപമാനിച്ചതുകൊ ണ്ട്. ഭാരതത്തില്‍ ആ മഹാശക്തിയെ വീണ്ടണ്ടും ഉണര്‍ത്താനാണ് മാതൃദേവി ആവിര്‍ഭവിച്ചിരിക്കുന്നത്; അവരെ അവലംബിച്ച് ഗാര്‍ഗ്ഗി, മൈത്രേയി മുതലായവര്‍ വിണ്ടണ്ടും ലോകത്തില്‍ ജനിക്കും……ശ്രീരാമകൃഷ്ണദേവനെ വിസ്മരിച്ചാലും ഞാന്‍ ഭയപ്പെടുന്നില്ല. മാതൃദേവിയെ വിസ്മരിച്ചാല്‍ സര്‍വ്വനാശംതന്നെ. ശക്തിയുടെ കൃപയില്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാകും. ജ്യേഷ്ഠ, കോപിക്കരുത്. എന്നാല്‍ നിങ്ങളാരും ഇപ്പോഴും മാതൃദേവിയെ മനസ്സിലാക്കിയിട്ടില്ല. എനിക്കു മാതൃദേവിയുടെ കൃപ പിതൃദേവന്റെ കൃപയേക്കാള്‍ ലക്ഷം മടങ്ങു വലുതാണ്.
ജ്യേഷ്ഠ, ക്ഷമിക്കണം. ഞാന്‍ തുറന്നു പറയുന്നു. മാതൃദേവിയെ സംബന്ധിച്ചിടത്തോളം എനിക്ക് അല്‍പം പക്ഷപാതമുണ്ട്. മാതൃദേവിയുടെ ആജ്ഞ കിട്ടിയാല്‍ അവരുടെ ദാസന്മാരായ വീരഭദ്രന്‍ തുടങ്ങിയവര്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കും. താരകജ്യേഷ്ഠ, അമേരിക്കയിലേക്കു പുറപ്പെടുന്നതിനുമുമ്പ് മാതൃദേവിയോട് എന്നെ ആശീര്‍വദിക്കാന്‍ ഞാന്‍ എഴുതിയയച്ചിരുന്നു. അവര്‍ ആശീര്‍വദിച്ചു; ഉടന്‍തന്നെ ഞാന്‍ കടല്‍ കടന്നു; ഇക്കാര്യം മനസ്സിലാക്കുക….’
സരസ്വതീദേവിയുടെ അവതാരം
താന്‍ തുടങ്ങിവെച്ച അദ്ധ്യാത്മജ്ഞാനദാനകര്‍മ്മം തന്റെ കാലശേഷം ശാരദാദേവിക്കു തുടര്‍ന്നുകൊണ്ടുപോവേണ്ടിവരുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിഞ്ഞിരുന്നു. അതിനായുള്ള സവിശേഷാധികാരം അദ്ദേഹം ദേവിയ്‌ക്കു നല്കി. അദ്ദേഹം ഒരിക്കല്‍ ദേവിയോടു പറഞ്ഞു: ”ആളുകള്‍ അന്ധകാരത്തില്‍
പുഴുക്കളെപ്പോലെ കഴിയുകയാണ്. ഭവതി അവരെ നോക്കി രക്ഷിക്കണം.” ഭൂമിയിലെ തന്റെ ദൗത്യത്തെപ്പറ്റി ദേവി ഇങ്ങനെ പറഞ്ഞു: ”ഗുരുദേവന്‍ (ശ്രീരാമകൃഷ്ണന്‍) എല്ലാ ജീവികളെയും ജഗദംബയുടെ ആവിഷ്‌കാരങ്ങളായി കണ്ടു. ഈശ്വരന്റെ മാതൃഭാവം പ്രകടമാക്കാനാണ് ഗുരുദേവന്‍ എന്നെ ഇവിടെ വിട്ടു പോയത്.”
”ശാരദ എന്നാണ് അവരുടെ പേര്. അവര്‍ സരസ്വതീദേവിയുടെ അവതാരമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ആഭരണങ്ങളണിയാന്‍ ഇഷ്ടം.” ധര്‍മ്മപത്‌നിയെപ്പറ്റി ശ്രീരാമകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞതാണിത്. മറ്റൊരിക്കല്‍ അദ്ദേഹം ശിഷ്യയായ ഗോലാപ്മായോട് ഇങ്ങനെ വെളിപ്പെടുത്തി: ”അവര്‍ സരസ്വതി(ജഗദംബയുടെ ജ്ഞാനഭാവം)യുടെ അവതാരമാണ്. മറ്റുള്ളവര്‍ക്ക് ജ്ഞാനം നല്കാനാണ് അവര്‍ ജന്മമെടുത്തിരിക്കുന്നത്. ആളുകള്‍ അവരെ അശുദ്ധദൃഷ്ടികൊണ്ടു നോക്കി പാപം വരുത്താതിരിക്കാനായി അവര്‍ തന്റെ ശരീരസൗന്ദര്യം മറച്ചിരിക്കുന്നു.”
ശാരദാദേവീവചനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖം ഇങ്ങനെ പറയുന്നു: ”ശാരദാദേവിയില്‍ ലോകചരിത്രം അനന്യമായ ഒരു വ്യക്തിത്വത്തെ കണ്ടു – ഒരേ സമയം ഉത്തമസഹധര്‍മ്മിണിയും സന്ന്യാസിനിയും മാതാവും ഗുരുവും മേളിച്ച വ്യക്തിത്വം. ആരുടെ പരിപൂര്‍ണ്ണനിഷ്‌കളങ്കതയ്‌ക്കാണോ കഠിനതമഹൃദയത്തെപ്പോലും അലിയിക്കാന്‍ കഴിഞ്ഞത്, ആരാണോ ഒരിക്കലും മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണാതിരുന്നത്, ആരുടെ സ്‌നേഹമാണോ അര്‍ഹരേയും അനര്‍ഹരേയും വേര്‍തിരിച്ചു കാണാതിരുന്നത്, ആരുടെ കണ്ണിലാണോ പുണ്യവാനും പാപിയും ഒരുപോലെ തന്റെ അമൂല്യസന്താനമായിരുന്നത്, ആരുടെ വിശാലഹൃദയമാണോ സമസ്തമാനവരാശിയേയും മാതൃഭാവത്തില്‍ ആലിംഗനം ചെയ്തത്, ആരാണോ അവരില്‍ ഏറ്റവും താണവര്‍ക്കുവേണ്ടിപ്പോലും അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും തന്റെ വിശേഷാവകാശമായി കരുതിയത്, ആ ശാരദാദേവി, നമ്മുടെ ഈ ഗ്രഹത്തിലെ മനുഷ്യവര്‍ഗ്ഗത്തിന്റെ ശാശ്വതഘോഷയാത്രയില്‍ അതുല്യമാതൃകയായി വേറിട്ടുനില്‍ക്കുന്നു.”
1920 ജൂലായ് 20 ന് രാത്രി ഒന്നരമണിക്ക് 66 വയസ്സും 7 മാസവും പ്രായമായപ്പോള്‍ ശാരദാദേവി മഹാസമാധിയായി. അവസാനകാലത്തൊരിക്കല്‍ ദേവിയുടെ മോശമായ ആരോഗ്യസ്ഥിതിയോര്‍ത്തു വിലപിച്ച ഒരു ഭക്തയോട് ദേവി പറഞ്ഞു: ”ഒരു കാര്യം ഞാന്‍ പറയാം. നിങ്ങള്‍ക്കു മനസ്സമാധാനം വേണമെങ്കില്‍ മറ്റുള്ളവരില്‍ കുറ്റം കാണാതിരിക്കുക. മറിച്ചു സ്വന്തം ദോഷങ്ങള്‍ കാണുക. ലോകം മുഴുവനും സ്വന്തമാക്കാന്‍ പഠിക്കൂ. ആരും അപരിചിതരല്ല. ലോകം നിങ്ങളുടെ സ്വന്തമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: