‘സത്യം ഏകമാണ്. അത് അനന്തമാണ്. സച്ചിദാനന്ദമാണ്. ഗീതാധിഷ്ഠിതമായ മോക്ഷപാതയിലാണ് മനുഷ്യന്‍ സഞ്ചരിക്കേണ്ടത്. കര്‍മഭക്തിജ്ഞാനയോഗവൈഭവങ്ങളാണ് അതിന്റെ മാര്‍ഗസരണി. ഇൗശ്വരനൊഴികെ മറ്റു വസ്തുക്കളോടെല്ലാമുള്ള സംഗരാഹിത്യം കൊണ്ട് മനഃശുദ്ധി നേടണം. ഉച്ചനീചത്വബോധം ഉപേക്ഷിച്ച് ഭഗവാന്‍ വിഠലന്റെ കീര്‍ത്തനങ്ങളില്‍ നമുക്ക് മുഴുകാം…’ പണ്ഡര്‍പൂര്‍ ശ്രീ വിഠലക്ഷേത്രത്തിലെ ഗോപുരനടയില്‍ സംത് ജ്ഞാനേശ്വരന്റെ സത്‌സംഗ വേദിയില്‍ നിന്നുയരുന്ന ആ അമൃതവചനത്തില്‍ ഭക്തജനം ആഹ്ലാദഭരിതരായി ഇടയ്‌ക്കിടെ ഹര്‍ഷാരവം മുഴക്കുന്നുണ്ടായിരുന്നു. പന്ത്രണ്ടും പതിന്നാലും നൂറ്റാണ്ടിനിടയില്‍ ചരിത്രത്തിന്റെ ഭാഗധേയമായൊഴുകിയ ഭക്തിമാര്‍ഗ വിഭൂതി മഹാരാഷ്‌ട്രയിലും തരംഗങ്ങളായി പടര്‍ന്നു. വേദാദികളെയും സാമ്പ്രദായിക വ്യവസ്ഥകളെയും അവഗണിച്ച,’മഹാനുഭാവന്മാര്‍’ എന്നറിയപ്പെട്ട ഭക്തസംഘം കാലക്രമത്തില്‍ സമൂഹത്തില്‍ അവഗണിക്കപ്പെടുകയായിരുന്നു.
യാദവരാജവംശത്തിന്റെ അന്ത്യോദയത്തിലാണ് സംത് ജ്ഞാനേശ്വര്‍ (ജ്ഞാനദേവ്) ഭക്തിയുടെ ദിവ്യസന്ദേശവുമായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ പൈഥന്‍ ഗ്രാമത്തിലാണ് ജ്ഞാന്‍ദേവിന്റെ പിറവി. അച്ഛന്‍ വിഠല്‍പംഥ് കുല്‍ക്കര്‍ണി സമൂഹഭ്രഷ്ടനായിരുന്നു. ജ്യേഷ്ഠസഹോദരനായ നിവൃത്തി നാഥായിരുന്നു ജ്ഞാന്‍ദേവിന്റെ ഗുരു. വേദോപനിഷത്തുക്കളും യോഗവാസിഷ്ഠവും ഉള്‍ക്കൊണ്ട് പതിനാറാം വയസ്സിലാണ് ജ്ഞാനേശ്വര്‍ ഭഗവദ്ഗീതയുടെ ഉജ്വലമായ ഭാഷ്യം ചമയ്‌ക്കുന്നത്. അതാണ് 1290 ല്‍ രചന സാധിച്ച ‘ജ്ഞാനേശ്വരി’. മറാത്തിഭാഷയില്‍ ഓവി വൃത്തത്തിലാണ് ശ്ലോകം. സാധാരണ മനുഷ്യരുടെ നടുവിലിരുന്ന് ചര്‍ച്ചായോഗമായി ആ മഹാഭാഷ്യം പ്രചുരപ്രചാരം നേടുകയായിരുന്നു. ഭക്തിജ്ഞാനകര്‍മവൈഭവങ്ങളുടെ അനന്തമായ ഈ ജ്ഞാനസുധാരസംഗീതയുടെ ശങ്കരഭാഷ്യം പോലെ അഗാധമാണ്.’അമൃതാനുഭവം’ ,’ചാംഗ് ദേവ പസഷ്ട’, ‘അഭംഗങ്ങള്‍’ എന്നീ ജ്ഞാനേശ്വര കൃതികള്‍ ആത്മീയ മുന്നേറ്റത്തിന് ചാലകശക്തിയായി പരിണമിച്ചു.
ജാതിഭ്രഷ്ടും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന സാമൂഹ്യാന്തരീക്ഷത്തെ പരിവര്‍ത്തനവിധേയമാക്കാന്‍ ജ്ഞാനേശ്വരന്റെ കര്‍മസരണി പ്രതിജ്ഞാബദ്ധമായിരുന്നു. സമൂഹത്തിന്റെ കീഴ്‌ത്തട്ടില്‍ പിറന്ന നാമദേവന്‍, സവതല്‍, ഗോറ രാക്, ഛോക എന്നീ ആത്മീയപുരുഷന്മാരോടൊപ്പം നേടിയ കര്‍മവീര്യവും മാര്‍ഗദര്‍ശിത്വവുമാണ് ജ്ഞാനേശ്വരനെ സര്‍വാദരണീയനാക്കുന്നത്. പഴങ്കഥകളും മിത്തുകളും ചൂഴ്ന്നു നില്‍ക്കുന്ന ആ കര്‍മയോഗിയുടെ പാവനചരിതം ഋഷീശ്വരഭാരതം കണ്ട ജ്ഞാനബോധിയുടെ ഭാവാത്മക ചിത്രണമാണ്. ആളിന്ദിയില്‍ 1296 ല്‍ ഇരുപത്തിയാറാം വയസ്സില്‍ ജ്ഞാനേശ്വര്‍ മഹാസമാധിയായി.
ജ്ഞാനേശ്വറും സഹവര്‍ത്തികളും ചേര്‍ന്ന് രൂപപ്പെടുത്തിയ’വാര്‍ക്കരി പംഥ് സമ്പ്രദായം’ ആത്മീയാശയങ്ങളുടെ പ്രയോഗിക വിചിന്തനത്തിനാണ് ഊര്‍ജം പകര്‍ന്നത്. ശാരദചന്ദ്രിക പോലെ വിശുദ്ധിയാര്‍ന്ന ഭക്തിസങ്കല്‍പ്പവും പരമപ്രേമരൂപമാര്‍ന്ന ജ്ഞാനനിഷ്ഠയും ചിന്തയുടെ മൗലികപഥവും പ്രായോഗിക ഗീതാദര്‍ശനവും ചേര്‍ന്നുല്ലസിക്കുന്ന ജ്ഞാനേശ്വരി വാണി നമ്മളോടരുളുന്നു, ‘നിങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ക്ക് ലഭിക്കും.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: