ബെര്‍ലിന്‍: വൈറസ് വ്യാപനത്തിന്റെ അടങ്ങാത്ത ആശങ്കകള്‍ക്കിടെ ലോകത്ത് പൊട്ടിത്തെറിയുണ്ടാക്കിയേക്കാവുന്ന സുപ്രധാന വിവരവുമായി ജര്‍മനിയുടെ ഡെര്‍ സ്പൈജല്‍ മാസിക. കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന മുന്നറിയിപ്പ് വൈകിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടതായി വിവരം. ജര്‍മനിയുടെ രഹസ്യാന്വേഷണ വിഭാഗമായ ബിഎന്‍ഡിയുടെ കണ്ടെത്തല്‍ എന്ന നിലയിലാണ് മാസികയുടെ റിപ്പോര്‍ട്ട്.
ഷി ജിന്‍പിങ് ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസിനോട് വ്യക്തിപരമായാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനുവരി 21നാണ് ഷി ജിന്‍പിങ് ഈ ആവശ്യവുമായി ഗബ്രിയേസസിനെ സമീപിക്കുന്നത്. ചൈനയുടെ സമീപനം വൈറസിനെതിരെയുള്ള യുദ്ധത്തിന് തുടക്കം കുറിക്കാന്‍ ലോകത്തെ നാല് മുതല്‍ ആറ് ആഴ്ച വരെ പിന്നോട്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, മാസികയുടെ റിപ്പോര്‍ട്ട് തള്ളി ലോകാരോഗ്യ സംഘടന രംഗത്തെത്തി. ജനുവരി 21ന് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണമുണ്ടായില്ല. ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഡബ്യുഎച്ച്ഒയുടെയും ലോകത്തിന്റെയും കൊറോണ പ്രതിരോധത്തെ അപകീര്‍ത്തിപ്പെടുത്തും ഡബ്ല്യുഎച്ച്ഒ പ്രസ്താവനയില്‍ പറയുന്നു. വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്ന് ജനുവരി 20നാണ് ചൈന സ്ഥിരീകരിച്ചത്. 22ന് തന്നെ ലോകത്തെ അറിയിച്ചെന്നും ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു.
ബിഎന്‍ഡിയുടെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ ഡബ്ല്യുഎച്ച്ഒ ചൈനയെ പിന്തുണയ്ക്കുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് ആധികാരികതയേറും. വൈറസിനെക്കുറിച്ച് ചൈന പുറത്തുവിടുന്ന വിവരങ്ങളെല്ലാം തെറ്റാണെന്നുള്ള അമേരിക്കയുടെ ആരോപണവും ഡെര്‍ സ്പൈജെല്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: