ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് പതിനാലുകാരിയെ എഐഎഡിഎംകെ പ്രാദേശിക നേതാക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ജി മുരുകന്, കെ കാളിയപെരുമാള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇന്ന് രാവിലെ വില്ലുപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ കുടുംബവുമായി വര്‍ഷങ്ങളായി തുടരുന്ന ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ഞായറാഴ്ച വില്ലുപുരത്ത് വച്ചാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്നുളള പിതാവിന്റെ കടയില്‍ ഇരിക്കുമ്പോഴാണ് എഐഎഡിഎംകെ നേതാക്കള്‍ ആക്രമണം നടത്തിയത്. കട തുറന്നു സാധനം നല്‍കാത്തതാണ് പ്രകോപനത്തിനു കാരണമെങ്കിലും പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് ഇതിന് കാരണമെന്ന് പോലീസ് പറയുന്നു. ചെറിയ കട നടത്തുന്ന ജയബാല്‍ എന്നയാളുടെ മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.
എട്ടുവര്‍ഷം മുന്‍പ് ജയബാലിന്റെ സഹോദരനെ ആക്രമിച്ച കേസില്‍ പ്രതികളായ മുരുകനും കാളിയപെരുമാളും അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് ഇരുവരും. വീടിനു മുന്‍പിലുള്ള ചെറിയ കടയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നും യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: