ഇടുക്കി: കാലവര്‍ഷവും പ്രളയവും മുന്നില്‍ക്കണ്ട് പുഴകളിലെയും നീര്‍ച്ചാലുകളിലെയും അവശിഷ്ടങ്ങള്‍ നീക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ അടിയന്തരമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ ഭരണകൂടം വിശദമായ പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ജില്ലയിലെ എട്ട് പോയിന്റുകള്‍ ഇതിനകം ജില്ലാ സമിതി കണ്ടെത്തിയിട്ടുണ്ട്. അടിമാലി പഞ്ചായത്തിന്റെ കിഴക്കേയറ്റമായ കാഞ്ഞിരവേലി പ്രദേശം, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ചെറുതോണി ബസ് സ്റ്റാന്റ് , ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, ഒന്നാം വാര്‍ഡിലെ ആനച്ചന്ത, തട്ടേക്കണ്ണി എന്നീ പെരിയാറിലെ ഭാഗങ്ങള്‍, വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിലെ വടക്കനാര്‍, വെള്ളത്തൂവല്‍ പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ചെക്ക് ഡാം, അറക്കുളം ഗ്രാമപഞ്ചായത്തിലെ വലിയാര്‍, ചെക്ക് ഡാമായ ത്രിവേണി സംഗമം, മണപ്പാടിയിലെ ഇലപ്പള്ളി ചെക്ക്ഡാം എന്നിവയാണവ.
നിര്‍മിതി കേന്ദ്രം ജില്ലാ പ്രൊജക്റ്റ് ഓഫീസറായിരിക്കും പുഴകളിലെ മാര്‍ഗ്ഗതടസ്സങ്ങള്‍ നീക്കാനുള്ള പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് സഹായിക്കേണ്ടത് ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്ററാണ്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം.
പദ്ധതി മുടങ്ങരുത്
വനം, ത്രിതല പഞ്ചായത്തുകള്‍, റവന്യു തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഉടലെടുത്താല്‍ ജില്ലാതല ഉദ്യോഗസ്ഥ സമിതി അത് പരിഹരിക്കണമെന്ന് സമതി നിര്‍ദ്ദേശിക്കുന്നു. ഒരു കാരണവശാലും ഇക്കാരണത്താല്‍ പദ്ധതി നടത്തിപ്പ് മുടങ്ങരുത്. പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം പുഴയുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കുക,വേനല്‍ക്കാലത്ത് ജല ലഭ്യത ഉറപ്പു വരുത്തുക, മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുക എന്നതായിരിക്കണം. പുഴകളുടെയും തോടുകളുടെയും, ഓരങ്ങളിലെ സസ്യലതാതികള്ക്കും മരങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കാതെയും ശ്രദ്ധിക്കണം.
മറ്റ് ശുപാര്‍ശകള്‍
പഞ്ചായത്തുകളിലെ റിവര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ പുനരേകീകരിച്ച് പദ്ധതി നടപ്പിലാക്കണം. സാങ്കേതികത്തികവ് പ്രൊഫഷണലിസം മികച്ച ആധുനിക യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുള്ള ഈ മേഖലയിലെ പരിചയസമ്പന്നരായ ഏജന്‍സി/കരാറുകാരെ പദ്ധതി നടപ്പിലാക്കാന്‍ ഏല്‍പ്പിക്കണം.
വെള്ളത്തൂവല്‍ ചെക്ക്ഡാം പോലെയുള്ളവയുടെ നവീകരണം വൈദ്യുത ബോര്‍ഡുമായി ആലോചിച്ച് പൂര്‍ത്തിയാക്കണം. പദ്ധതി നടപ്പിലാക്കാന്‍ പുഴയോരങ്ങളിലൂടെ താല്‍ക്കാലിക റോഡുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാം. പുഴകളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളുടെയും അവ വില്‍പ്പന നടത്തുന്നതിന്റെയും കൃത്യമായ കണക്കുകള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: