കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ സ്കൂളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്വാറന്റൈനില്‍ കഴിയുവാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇത് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത് അടിയന്തര നടപടി സ്വീകരിച്ചത്.
എട്ട് പേരാണ് ഇത്തരത്തില്‍ ശനിയാഴ്ച വരെ എത്തിയത്. ഇവരെ ക്വാറന്റൈന് ചെയ്യാന്‍ പണിക്കന്‍കുടിയിലെ സ്വകാര്യ സ്കൂളാണ് പഞ്ചായത്ത് തെരഞ്ഞെടുത്തത്. എന്നാല്‍ ഇവിടെ ഇവരെ പാര്‍പ്പിക്കുവാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഒരു യുവതി അടക്കം നാലുപേരാണ് ശനിയാഴ്ച ഉച്ചവരെ സ്കൂളില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് കിടക്കുവാന് മെത്തയോ, പ്രത്യേകം ശുചിമുറിയോ ഇവിടെ ഇല്ലായിരുന്നു. ബെഞ്ചും ഡെസ്ക്കും അടുക്കിയിട്ടാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞിരുന്നത്. പിന്നാലെ 4 പേര് കൂടി എത്തിയതോടെ ഇവര്‍ കൂടുതല്‍ ദുരിതത്തിലായി.
സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് ഇവരെ പഞ്ചായത്ത് ഹോം സ്റ്റേകളിലേക്ക് മാറ്റിയത്. പഞ്ചായത്തിലെ 4 ഹോം സ്റ്റേകളാണ് ഇതിനായി ഏറ്റെടുത്തത്. 8 പേരെയും ഹോം സ്റ്റേകളിലേക്ക് മാറ്റി. പണിക്കന്‍കുടിയിലെ ഹോം സ്റ്റേയില്‍ രണ്ട് സ്ത്രീകളും, മാങ്ങാപ്പാറയിലെ ഹോം സ്റ്റേയിലും പൂതാളിയിലെ ഹോം സ്റ്റേയിലുമായി 6 പുരുഷന്മാരുമാണ് കഴിയുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം പഞ്ചായത്ത് എത്തിച്ച് നല്‍കും. കൊന്നത്തടി മേഖലയില്‍ 5 പേര്‍ക്ക് താമസിക്കുവാന്‍ പറ്റുന്ന മറ്റൊരു റിസോര്‍ട്ടും കൂടി പഞ്ചായത് ഏറ്റെടുത്തിട്ടുണ്ട്.
കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ ഉള്ള നൂറ്റിഅമ്പതോളം ആളുകളാണ് ഇതര സംസ്ഥാങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുവാന്‍ പാസ് എടുത്തിട്ടുള്ളത്. എന്നാല്‍ ഇത്രയും ആളുകള്‍ക്ക് വേണ്ട താമസം ഒരുക്കുവാന്‍ ഉള്ള സൗകര്യം പഞ്ചായത്തില്‍ ഇല്ല എന്നും അയല്‍ പഞ്ചായത്തുകളിലെ റിസോര്‍ട് ഏറ്റെടുക്കുന്നതിനുമായി ബന്ധപെട്ട് ഉന്നത അധികാരികളുമായി സംസാരിച്ചതായും കൊന്നത്തടി ഗ്രാമപഞ്ചായത് പ്രസിഡന്റ് എന്‍.എം. ജോസ് പറഞ്ഞു.
സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കൊന്നത്തടിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇവിടെ ആളുകളെ പാര്‍പ്പിക്കാന്‍ പറ്റില്ല എന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ സമയം മറ്റുപഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ആളുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും കൊന്നത്തടി പഞ്ചായത്തിന്റെ കാര്യത്തില്‍ മാത്രം ആരോഗ്യവകുപ്പ് പിടിവാശി കാണിക്കുന്നത് എന്തിനാണെന്നും കൊന്നത്തടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ചോദിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്കായി നില്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളിലും ഇല്ലാതെയാണ് സേവനം ചെയ്തിരുന്നത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നില്ല. ഇന്ന് അവര്‍ക്കുവേണ്ടി ആരോഗ്യവകുപ്പും പഞ്ചായത്തും ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: