കുവൈറ്റ് സിറ്റി – കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ സന്പൂര്‍ണ്ണ കര്‍ഫ്യു പ്രാബല്യത്തിലായി. മെയ് 30 വരെ 20ദിവസത്തേക്കാണ് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളും കര്‍ശനമായും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സലേഹ് ആവശ്യപ്പെട്ടു.
റമദാനു ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഫ്യു പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് സ്വദേശികളുടെയും വിദേശികളുടെയും വലിയ തിരക്കാണ് കട കമ്പോളങ്ങളില്‍ രൂപപ്പെട്ടത്. മണിക്കൂറുകള്‍ കാത്തു നിന്നാണ് അത്യാവശ്യ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനായത്.
കര്‍ഫ്യൂ സമയങ്ങളില്‍ ജാം ഇയ്യകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും നിന്നും സാധനങള്‍ വാങ്ങാന്‍ വാണിജ്യ മന്ത്രാലയം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വെബ്‌സൈറ്റ് വഴി സിവില്‍ ഐഡി നന്പര്‍ രജിസ്റ്റര്‍ചെയ്ത് വാണിജ്യസ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
ഇതിനു പുറമേ താമസ കേന്ദ്രങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ബക്കാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തികാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹോം ഡെലിവറി സംവിധാനം വഴി സാധനങ്ങള്‍ വിതരണം ചെയ്യുവാനാണു അനുമതി.
അതേ സമയം കുവൈത്തില്‍ ഖാലിദിയ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 103 ജീവനക്കാരില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തി. തുടര്‍ന്ന് സ്ഥാപനം അടച്ചിട്ടു. 230 ജീവനക്കാരില്‍ 103 പേര്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: