ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയെ വലച്ച് തുടര്‍ച്ചയായി വരുന്ന തകരാറുകള്‍. ഒരു ജനറേറ്റര്‍ നവീകരണത്തിലും മറ്റ് രണ്ട് ജനറേറ്ററുകള്‍ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപണിയിലുമാണ്. ഡിസംബറില്‍ ആദ്യം തകരാറായതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിയിരുന്നു. പിന്നീട് ഇങ്ങോട്ട് തകരാറുകള്‍ വിടാതെ തുടരുകയാണ്.
വെള്ളിയാഴ്ച ആറാം നമ്പര്‍ ജനറേറ്ററിന്റെ ട്രാന്‍സ്ഫോര്‍മര്‍ പരീക്ഷണ ഓട്ടത്തിനിടെ തകരാറിലായതാണ് അവസാനം സംഭവം. ഒന്നരമാസത്തോളമായി അറ്റകുറ്റപണികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജനുവരി 20നും കഴിഞ്ഞ ഫെബ്രുവരി ഒന്നിനുമാണ് മൂലമറ്റത്തെ ഭൂകര്‍ഭ നിലയത്തിലെ രണ്ടും ആറും ജനറേറ്ററുകള്‍ തകരാറിലായത്. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ ഒന്നാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപണിയിലുമാണ്.
ജനറേറ്ററില്‍ നിന്ന് വരുന്ന 11 കെവി ഔട്ട്പുട്ട് മൂന്ന് ഘട്ടമായാണ് സ്റ്റെപ്പ് അപ്പ് ചെയ്ത് 220 കെവിയായി ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ഉയര്‍ത്തുന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍ ആണ് തകരാറിലായത്. ഈ ജനറേറ്ററിന്റെ അനുബന്ധഭാഗമായ പാനല്‍ ബോര്‍ഡാണ് ഫെബ്രുവരി ഒന്നിനുണ്ടായ പൊട്ടിത്തെറിയില്‍ കത്തി നശിച്ചത്. തകരാറുകള്‍ പരിഹരിക്കുന്നതിനിടെ വന്ന കൊറോണയും ഉത്പാദന കുറവും വലിയ തിരിച്ചടിയായി. ഇതോടെ അറ്റകുറ്റപണി പൂര്‍ണ്ണമായും നിലച്ചു. കഴിഞ്ഞമാസം അവസാനത്തോടെയാണ് വീണ്ടും പണി ആരംഭിച്ചത്. അതും ഒരു ജനറേറ്ററിന്റെ മാത്രം.
വരുന്ന മഴക്കാലത്ത് പരമവധി നാല് ജനറേറ്റുകളാണ് ഇടുക്കിയില്‍ പ്രവര്‍ത്തിപ്പിക്കാനാവുക. നിലവില്‍ 44% വെള്ളം സംഭരണിയില്‍ ഉള്ളതിനാല്‍ മഴ ശക്തമായാല്‍ വളരെ വേഗം ഇടുക്കി സംഭരണി നിറയാന്‍ ഇത് കാരണമാകും. വേനല്‍ക്കാലത്തെ റെക്കോര്‍ഡ് ജലനിരപ്പ് കൂടിയാണിത്. 2018ല്‍ ജൂലൈ അവസാനം ഡാം നിറയാന്‍ കാരണം ഇത്തരത്തില്‍ വെള്ളം അധികമായി അവശേഷിച്ചതാണ്. അന്ന് ജൂണ്‍ ഒന്നിന് 25% വെള്ളമാണ് മൊത്തം ഉണ്ടായിരുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 35% വെള്ളമായിരിക്കും ഈ വര്‍ഷം ജൂണ്‍ ആദ്യം കാണുക. മറ്റ് ഡാമുകളിലെല്ലാം ജലനിരപ്പ് താഴ്ന്നപ്പോള്‍ ഇടുക്കിയില്‍ മാത്രം ഇത് വളരെ സാവധാനമാണ്. തകരാര്‍ മൂലം പരമാവധി ശേഷിയുടെ 40% മാത്രമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.
ആറാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിന് പുറത്ത് നിന്ന് എന്തെങ്കിലും ഭാഗം എത്തിക്കേണ്ടി വന്നാല്‍ ഇത് വീണ്ടും വൈകും. അറ്റകുറ്റപണിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കാത്തതുകൊണ്ട് രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല.
ഫ്രാന്‍സില്‍ നിന്നാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കേണ്ടത്. ഇവ ആവശ്യം വരുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് നിര്‍മ്മിക്കുന്നവയാണ്. നിലവില്‍ കമ്പനികളൊന്നും പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ ഇവ നിര്‍മ്മിക്കാനായിട്ടില്ല. ലോക്ക് ഡൗണ്‍ മാറി ഇവ നിര്‍മ്മിച്ച് കേരളത്തിലെത്തിക്കാന്‍ ഇനിയും വൈകും. ഈ ജനറേറ്ററിന്റെ അറ്റകുറ്റപണി തീരാന്‍ 2-3 മാസം വരെ വൈകുമെന്നാണ് നിഗമനം.
അതേ സമയം ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ വന്നത്. അറ്റകുറ്റപണി കരാര്‍ എടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാര്‍ ചൈനയില്‍ നിന്നടക്കം ഉള്ളവരാണ്. ഇവരെത്തിയെങ്കില്‍ മാത്രമെ ഈ ജനറേറ്റര്‍ പരീക്ഷണ ഓട്ടം പോലും നടത്താന്‍ പറ്റൂ. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണമാണ് നിലവില്‍ നവീകരണം നടത്തിയത്. ഇതില്‍ രണ്ടും മൂന്നും പ്രധാനഭാഗങ്ങളെല്ലാം മാറ്റി അറ്റകുറ്റപണി തീര്‍ത്തവയാണ്. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ മാറ്റി വെയ്ക്കാത്ത ഭാഗമാണ് ജനുവരിയില്‍ തകരാറിലായത്. അവശേഷിക്കുന്ന 4, 5, 6 ജനറേറ്റുകള്‍ നവീകരിക്കാന്‍ ഇതുവരെ നടപടി പൂര്‍ത്തിയായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: