ന്യൂദല്‍ഹി: കൊറോണ വൈറസ് പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണില്‍ ഇളവു വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തും.ന്യൂദല്‍ഹിയില്‍ നിന്നും രാജ്യത്തെ പ്രധാന 15 നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുക.
ഘട്ടം ഘട്ടമായാണ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സ്പെഷ്യല്‍ ട്രെയിനുകളായി 30 സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ദിവസേന ഉണ്ടാവുക. ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരം, ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാട്ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗലുരു, ചെന്നൈ, മഡഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. നാളെ വൈകിട്ട് നാല് മണി മുതല്‍ ഇതിനുള്ള ബുക്കിംഗ് ആരംഭിക്കും.
ഐആര്‍സിടി വെബ്സൈറ്റിലൂടെ മാത്രമാകും ബുക്കിംഗ്. റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് പ്ലാറ്റ്ഫോം ടിക്കറ്റുള്‍പ്പെടെ ലഭിക്കില്ല. ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് സ്റ്റേഷനിലേക്ക് പ്രവേശനം. പുതിയ റൂട്ടുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
യാത്രക്കാര്‍ മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് യാത്രികരെ സ്ക്രീനിങ് ചെയ്യും. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമെ ട്രെയിനില്‍ കയറാന്‍ അനുവദിക്കുകയുള്ളു. ട്രെയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയയുള്ള മറ്റുവിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. എസി കോച്ച് രാജധാനി ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ കുറവായിരിക്കും. യാത്രക്കാര്‍ നിര്ബദ്ധമായും മാസ്ക് ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: