1990 ലെ കുവൈറ്റ് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ ഭാരതീയരെ നാട്ടിലെത്തിക്കാന്‍ വി.പി.സിംഗ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് തയ്യാറാക്കിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ കണ്ടു. വി.പി.സിംഗ് സര്‍ക്കാരിനെ, പ്രവര്‍ത്തന മികവിന്റെ മകുടോദാഹരണമായാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതോടൊപ്പം, മോദി സര്‍ക്കാര്‍ കൊറോണ വിഷയത്തില്‍ നിഷ്ക്രിയമാണെന്നും പ്രവാസികളോട് യാതൊരു കരുണയും കാണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നുമുണ്ട്.
വി.പി. സിംഗ് സര്‍ക്കാര്‍ സൗജന്യമായാണ് അന്ന് ജനങ്ങളെ ഇന്ത്യയിലെത്തിച്ചതെന്നും, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ടിക്കറ്റിന് പണം വാങ്ങുന്നെന്നുമാണ് പറയുന്നത്. അന്ന് വി.പി. സിംഗ് സര്‍ക്കാര്‍ ചെയ്തത് ചെറിയ കാര്യമല്ല. പക്ഷേ, അത് രണ്ട് രാജ്യങ്ങള്‍ തമ്മിലുണ്ടായ യുദ്ധമായിരുന്നു. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിച്ചാല്‍ മാത്രം മതിയായിരുന്നു. അതോടെ ചുമതല തീര്‍ന്നു. അത്രമാത്രം ഗുരുതരമായിരുന്നില്ലെങ്കിലും അങ്ങിനെയൊരു സന്ദര്‍ഭം കഴിഞ്ഞ മോദി സര്‍ക്കാരിന്റെ സമയത്തും ഉണ്ടായിരുന്നു? നഴ്സുമാരടക്കം കുറേ ഇന്ത്യക്കാര്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയപ്പോള്‍ ജനറല്‍ വി.കെ. സിംഗ് അവിടെ പോയതും അവരെ നാട്ടിലെത്തിച്ചതും അറിയില്ലെ? ഏറെ പ്രശംസിക്കപ്പെട്ട ഒരു ദൗത്യമായിരുന്നു അതും. ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്.
ലോകം മുഴുവന്‍ ഇതുവരെ അനുഭവിക്കാത്ത വിധം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാരുകളും ജനങ്ങളുമെല്ലാം ആശങ്കയിലും ദുരിതത്തിലുമാണ്. ഇന്ത്യയും അതേ അവസ്ഥയില്‍ തന്നെ. ഇതുവരെയില്ലാത്ത വിധം ജനങ്ങളെ മുഴുവന്‍ ഒന്നരമാസക്കാലം വീടിനകത്ത് ഇരുത്തുക എന്ന സങ്കീര്‍ണമായൊരു സാഹചര്യമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം താളം തെറ്റി. സര്‍ക്കാര്‍ എത്ര മാത്രം മുള്‍മുനയിലാവുമെന്ന് പറയേണ്ടതില്ലല്ലൊ. അതിനിടയിലാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള ഇന്ത്യക്കാരെ ഇങ്ങോട്ടെത്തിക്കുക എന്ന അതി സങ്കീര്‍ണ ദൗത്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രോഗ സംക്രമണ സാഹചര്യങ്ങളും, അതോടൊപ്പം ഓരോ വിദേശ രാജ്യത്തേയും സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചല്ലേ ആളുകളുടെ യാത്രാ പദ്ധതി തയ്യാറാക്കാനാവൂ? മാത്രമല്ല, ഓരോ വിദേശ രാജ്യങ്ങളിലേയും അതാത് ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങളും മാനിക്കണം. ഇതെല്ലാം പരിഗണിച്ച് പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. എന്നിട്ടും ഇക്കാര്യങ്ങള്‍ ഇന്ത്യ ഭംഗിയായി കൈകാര്യം ചെയ്തില്ല എന്ന് പറയുന്നത്, ഇത്രമാത്രം ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ എതിര്‍ക്കുക എന്നത് അവരുടെ രാഷ്ട്രീയ താല്പര്യത്തിന്റെ ഭാഗമാണെന്ന് പറയേണ്ടി വരും.
ഇനി വിമാന ടിക്കറ്റിന്റെ കാര്യം. കുവൈറ്റ് യുദ്ധ സമയത്ത് ഗള്‍ഫ് മേഖലയില്‍ നിന്ന് ഏതാണ്ട് 80,000 പേരെയാണ് ഇന്ത്യയിലേക്ക് എത്തിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഇന്നോ? ഗള്‍ഫില്‍ നിന്ന് മാത്രം മൂന്ന് ലക്ഷം ആളുകളാണ് ഇന്ത്യയിലേക്ക് വരാന്‍ കാത്തു നില്‍ക്കുന്നത്. അമേരിക്കയും ആഫ്രിക്കയും ഓസ്േ്രടലിയയും ജപ്പാനും ചൈനയും റഷ്യയുമടക്കം 201 രാജ്യങ്ങളില്‍ നിന്ന് വേറെ ഒരു ലക്ഷത്തിലധികം പേരും കാത്തിരിക്കുന്നു. ഇവര്‍ക്കെല്ലാം ടിക്കറ്റ് നല്‍കുക എന്നത് പ്രായോഗികമാണോ? സാമാന്യബോധമുള്ള ഒരാള്‍ ഇങ്ങനെയൊരാവശ്യം ഉന്നയിക്കുമെന്ന് കരുതാന്‍ വയ്യ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം എല്ലാ വരുമാന മാര്‍ഗ്ഗങ്ങളും മുടങ്ങിക്കിടക്കുകയാണ്. യാതൊരു വരുമാനവും സര്‍ക്കാരിനില്ല. ജനങ്ങളുടെ പട്ടിണി മാറ്റാന്‍ പണം കണ്ടെത്താന്‍ തന്നെ കഷ്ടപ്പെടുന്നു.
ഈ അവസ്ഥയില്‍ കോടിക്കണക്കിന് പണം വിമാന ടിക്കറ്റിനായി കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നല്‍കും എന്നാലോചിച്ചാല്‍ ഉത്തരം കിട്ടില്ലെ? ഗള്‍ഫിലെ രണ്ട് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ ഇവിടെ കൊണ്ടെത്തിക്കുന്നതു പോലെ നിസ്സാരമാണോ ഇപ്പോഴത്തെ പ്രശ്നം? മോദി സര്‍ക്കാര്‍ കോവിഡിനെതിരെ അക്ഷീണം പ്രയത്നത്തിലാണ്. യൂനിസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും കുറേയേറെ വിദേശ രാഷ്ട്രത്തലവന്മാരും ആരോഗ്യ, ശാസ്ത്ര, സാങ്കേതിക വിദഗ്ദ്ധരുമെല്ലാം കൊറോണ പ്രതിരോധത്തില്‍ പ്രധാനമന്ത്രി മോദിയെ മുക്തകണ്ഠമാണ് പ്രശംസിച്ചത്. ഇന്ത്യയില്‍ നടന്ന ഒരു സര്‍വ്വേയില്‍ 95% ജനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.
കോവിഡ് പ്രതിരോധ നടപടിയില്‍ മോദി, മറ്റ് ലോക രാഷ്ട്രതലവന്മാരെ അപേക്ഷിച്ച് വളരെയേറെ മുന്‍പന്തിയിലാണ്. കൊറോണയ്ക്ക് പ്രതിരോധമായി ഉപയോഗിക്കുന്ന ഗുളികയും മറ്റ് സഹായങ്ങളും അമേരിക്കയടക്കം നൂറോളം രാജ്യങ്ങള്‍ക്ക് നല്കിയതിലൂടെയും നാം അഭിനന്ദിക്കപ്പെട്ടു. ഇങ്ങനെ രാജ്യം തലയുയര്‍ത്തി നില്ക്കുന്ന സന്ദര്‍ഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കേണ്ട. ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടെത്താനുള്ള വൃത്തികെട്ട ശ്രമങ്ങളെങ്കിലും ഒഴിവാക്കേണ്ടതുണ്ട്. അതാണ് മാന്യത.
രാമചന്ദ്രന് പാണ്ടിക്കാട്
ഭാരതീയവിചാരകേന്ദ്രം പാലക്കാട് മേഖല സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: