മഞ്ചേശ്വരം: മംഗളൂരുവില്‍ മദ്യവില്പനനിരോധനം നീക്കിയതോടെ അതിര്‍ത്തി വഴി കേരളത്തിലേക്ക് മദ്യമൊഴുകുന്നു. 40 രൂപ വിലയുള്ള പാക്കറ്റ് കാസര്‍കോട് ജില്ലയില്‍ 250 രൂപയ്ക്കും അതിനു മുകളിലുമാണ് വില്പന നടത്തുന്നത്. കുപ്പി ഒഴിവാക്കി ടെട്രാ പാക്കുകളിലാണ് ഇപ്പോള്‍ മദ്യക്കടത്ത് വ്യാപകമായിരിക്കുന്നത്. നല്ല ലാഭം കൊയ്യാമെന്നുള്ളതിനാല് പലരും ഇത് തൊഴിലായി തന്നെയേറ്റെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
48 ടെട്രാ പാക്കുകള്‍ അടങ്ങിയ ഒരുപെട്ടി വാങ്ങുന്നവര്‍ക്ക് വില കുറച്ച് കൊടുത്തുള്ള വില്പനയും തകൃതിയാണ്. കേരള അതിര്‍ത്തിയിലെ മദ്യവില്പന കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം റെക്കോഡ് വില്‍പ്പനയാണ് നടന്നത്. അതിര്‍ത്തികളില്‍ എക്സൈസും പോലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് മദ്യം ജില്ലയിലെത്തുന്നതായാണ് വിവരം. മദ്യമെത്തിയതോടെ വാറ്റ് കുറഞ്ഞതായും സൂചനയുണ്ട്.
വാറ്റുചാരായം വില്പന നടത്തുന്നുണ്ടായിരുന്നവര് ഇപ്പോള്‍ കര്‍ണാടക മദ്യം വില്ക്കുന്നവരായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം കാസര്‍കോട്ട് നിന്ന് മൂന്ന് പെട്ടി മദ്യം പോലീസും പിടിച്ചെടുത്തിരുന്നു. മദ്യക്കടത്ത് തടയാനായി എക്സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ഊടുവഴികളും മറ്റും താണ്ടിയുള്ള മദ്യകടത്ത് സുലഭമാണ്.
സീതാംഗോളിയിൽ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യ ശേഖരം പിടികൂടി. കര്‍ണ്ണാടകയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നതോടെ അതിര്‍ത്തി കടന്ന് ഊടുവഴികളിലൂടെയും മറ്റും മദ്യക്കടത്ത് സജീവമാണ്.
എക്സൈസ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നടത്തിയ പരിശോധനയില്‍ ഉളിയത്തടുക്ക ഐ.എ.ഡിക്ക് സമീപം കുറ്റിക്കാട്ടില്‍ ഹാര്‍ഡ്ബോര്‍ഡ് ബോക്സുകളിലായി സൂക്ഷിച്ച 90 മില്ലിയുടെ 528 പാക്കറ്റ് മദ്യം പിടികൂടി. പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും എക്സൈസ് അധികൃതര്‍ പറഞ്ഞു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്, നിഖില്‍, ഡ്രൈവര്‍ ബിജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: