കോഴിക്കോട്: തൊണ്ടിമുതലുകള്‍ സൂക്ഷിക്കാനിടമില്ലാതെ എക്‌സൈസ് ഓഫീസുകള്‍ വീര്‍പ്പ് മുട്ടുന്നു. ലോക്ഡൗണ്‍ കാലത്തെ പെരുകിയ വ്യാജവാറ്റിനെ തുടര്‍ന്നാണ് തൊണ്ടിമുതലുകള്‍ കുന്നുകൂടുന്നത്. ഓരോ റെയ്ഞ്ച് ഓഫീസിന് കീഴിലും ദിവസേന വ്യാജവാറ്റ് പിടികൂടുന്നുണ്ട്. വാഹനങ്ങള്‍, വലിയ പ്ലാസ്റ്റിക് ബാരലുകള്‍, കന്നാസുകള്‍, വീപ്പ, സ്റ്റൗ, പാചകവാതക സിലിണ്ടര്‍, കുപ്പികള്‍, ഫണല്‍, തുടങ്ങിയവയാണ് ഓരോ റെയ്ഡിലും കണ്ടെടുക്കുന്നത്. ഇതിന്പുറമെ കഞ്ചാവ് അടക്കമുള്ള ലഹരി സാധനങ്ങള്‍, പാന്‍പരാഗ്, ഹാന്‍സ് എന്നീ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിദേശ സിഗരറ്റുകള്‍ എന്നിവയും റെയ്ഡില്‍ പിടികൂടുന്നുണ്ട്. ഇവയെല്ലാം തൊണ്ടിമുതലായതിനാല്‍ സൂക്ഷിച്ച് വെയ്‌ക്കണം.
കോഴിക്കോട്, താമരശ്ശേരി, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, ഫറോക്ക് റെയ്ഞ്ച് ഓഫീസുകളിലെല്ലാം ഇപ്പോള്‍ ഇത്തരം സാധനങ്ങള്‍ നിറഞ്ഞ് കവിഞ്ഞിരിക്കയാണ്. ഓഫീസ് വളപ്പുകളില്‍ മദ്യക്കടത്തിന് ഉപയോഗിച്ചതിന് പിടികൂടിയ വാഹനങ്ങളുമുണ്ട്. കുന്ദമംഗലത്ത് സ്ഥലമില്ലാത്തതിനാല്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസിലാണ് തൊണ്ടിമുതലുകള്‍ ഇപ്പോള്‍ സൂക്ഷിക്കുന്നത്.
ലോക്ഡൗണില്‍ മദ്യം, കള്ള് ഷോപ്പുകളും ബാറുകളും അടച്ചതോടെ നഗര, ഗ്രാമ വിത്യാസമില്ലാതെ പത്ത് മുതല്‍ 20 ശതമാനത്തോളം വ്യാജവാറ്റ് കൂടിയതായാണ് കരുതുന്നത്. ഒരു എക്‌സൈസ് റേഞ്ച് എന്നത് പത്തോളം പോലീസ് സ്റ്റേഷന്‍ പരിധിയാണ്. കോടതിയില്‍ കേസ് തീര്‍പ്പാകുന്നതു വരെ തൊണ്ടിമുതലുകള്‍ ഓഫീസുകളില്‍ ഭദ്രമായി വെയ്‌ക്കണം. ലോക്ഡൗണ്‍ നിയന്ത്രണമുള്ളതിനാല്‍ കോടതികളില്‍ ഇപ്പോള്‍ അബ്കാരി കേസുകള്‍ പരിഗണിക്കുന്നില്ല. ഇവിടെ തീര്‍പ്പാക്കിയാലേ തൊണ്ടിമുതലുകളുടെ ബാധ്യതയില്‍ നിന്ന് എക്‌സൈസിന് തടിയൂരാനാകൂ.















