കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോര്‍ കമ്മറ്റി തീരുമാന പ്രകാരം തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ അനുവദിച്ച ദിവസങ്ങളിലും സമയത്തും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ മാത്രമേ ഇങ്ങനെ അനുവദിച്ച കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോട് കൂടി പാര്‍സല്‍ വിതരണം, ഹോം ഡെലിവറി എന്നിവ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ നടത്താം.
ഹോം ഡെലിവറി നടത്തുന്നവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സി.ആര്.പി.സി 144 പ്രകാരമുള്ള നിരോധനാജ്ഞയും കേന്ദ്ര സര്‍ക്കാറിന്റെ ലോക്ക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെ വാഹനങ്ങളോ ജനങ്ങളോ നിരത്തിലിറങ്ങാന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: