കാസര്‍കോട്: മറ്റു സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ടുപോയ കേരളീയരുടെ അന്തര്‍ സംസ്ഥാന യാത്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടുകൂടിയേ അനുവദിക്കൂവെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. യാത്ര ജില്ലാ കളക്ടര്‍മാര്‍ നല്കുന്ന പാസ് മുഖേനയായിരിക്കും. പാസ് നല്‍കുന്നതിനായി സര്‍ക്കാര്‍ ഒരു മുന്‍ഗണനാപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതാത് ചെക്ക്പോസ്റ്റുകളുടെ ശേഷിക്കനുസൃതമായാണ് സംസ്ഥാനത്തെ ആറ് പ്രവേശനകവാടങ്ങളിലേക്കും പാസുകള്‍ അനുവദിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ പാസ് ഇല്ലാതെ ആളുകള്‍ ചെക്ക് പോസ്റ്റിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഒരുമിച്ചെത്തിയ സംഘത്തില്‍ ഏതാനും പേര്‍ക്ക് മാത്രം പാസ് ഉള്ളതും മറ്റുള്ളവര്‍ക്ക് പാസ് ഇല്ലാത്തതുമായ സ്ഥിതി വിശേഷം, ഒരുമിച്ചെത്തിയ സംഘത്തില്‍ ഏതാനും പേര്‍ക്ക് മാത്രം അതതു ദിവസത്തെ പാസ് ഉള്ളതും മറ്റുള്ളവര്‍ക്ക് വേറെ ദിവസങ്ങളിലേക്കുള്ള പാസ് ഉള്ളതുമായ സ്ഥിതി വിശേഷം തുടങ്ങിയവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ചെക്ക്പോസ്റ്റുകളില്‍ അനാവശ്യമായ സമയനഷ്ടത്തിനും രോഗവ്യാപനത്തിനും കാരണമാകും. മിക്കപ്പോഴും ഈ രീതിയില്‍ പാസില്ലാതെ എത്തുന്ന ആളുകള്‍ നേരത്തേ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമാണ്. ഈ സാഹചര്യത്തില്‍ അതത് ദിവസത്തെ പാസ് ഇല്ലാതെയെത്തുന്ന ആരെയും ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് കടത്തുവിടില്ല. സംസ്ഥാനത്തെ ആറ് ചെക്ക് പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ ഇക്കാര്യം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: