ബീജിങ്: ആന്റിവൈറല്‍ മരുന്നുകളുടെ സങ്കലന രൂപത്തിന് കൊറോണയെ വേഗത്തില്‍ സുഖപ്പെടുത്താനാകുമെന്ന് പഠനം. ഇന്റര്‍ഫെറോണ്‍ ബീറ്റാ – 1 ബി, ലോപ്പിനേവിയര്‍ – റിറ്റോനേവിയര്‍, റൈബവൈറിന്‍ എന്നീ മൂന്ന് മരുന്നുകളുടെ സങ്കലന രൂപത്തിനാണ് കൊറോണ രോഗം വേഗത്തില്‍ ഭേദമാക്കാന്‍ കഴിയുന്നത്. ഹോങ്കോങ്ങിലെ ആശുപത്രികളില്‍ നടത്തിയ ഗവേഷണഫലം പ്രസിദ്ധപ്പെടുത്തിയത് ‘ദ ലാന്‍സന്‍’ എന്ന ജേര്‍ണല്‍.
ആറ് ആശുപത്രികളിലായി ശരാശരി 52 വയസ് പ്രായമുള്ള 127 പേരില്‍ നടത്തിയ പഠനത്തിലാണ് കൊറോണ വൈറസ് ചികിത്സയ്‌ക്ക് നിര്‍ണായക വഴിത്തിരിവായേക്കാവുന്ന പുതിയ വിവരങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ പഠനങ്ങള്‍ നടന്നത് രോഗലക്ഷണങ്ങള്‍ കുറവുള്ളവരിലും രോഗം മൂര്‍ച്ഛിക്കാത്തവരിലുമാണ്. ഗുരുതര രോഗമുള്ളവര്‍ക്ക് ഈ മരുന്നു നല്‍കി സുഖപ്പെടുത്താനാകുമോയെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. നേരത്തെ ലോപ്പിനേവിയര്‍ – റിറ്റോനേവിയര്‍ മാത്രമായി നല്‍കി രോഗം സുഖപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ ഇത് വലിയ ഗുണം ചെയ്യാതെ വന്നതോടെയാണ് മറ്റ് രണ്ട് മരുന്നുകള്‍ കൂടി ചേര്‍ത്ത് പ്രയോഗിച്ച് തുടങ്ങിയത്. ഏഴു ദിവസത്തില്‍ താഴെ മാത്രമെടുത്ത് രോഗികളെ ഇതോടെ ഡിസ്ചാര്‍ജ് ചെയ്യാനായി. ലോപ്പിനേവിയര്‍ – റിറ്റോനേവിയര്‍ മരുന്ന് നേരത്തെ എച്ച് ഐ വി ചികിത്സക്കാണ് ഉപയോഗിച്ചിരുന്നത്. 2003 ല്‍ സാര്‍സ് രോഗവ്യാപന സമയത്ത് ശ്വാസതടസ്സം മൂലമുണ്ടായ മരണനിരക്ക് കുറയ്‌ക്കാനായി ഉപയോഗപ്പെടുത്തിയ മരുന്നാണ് റൈബാവൈറിന്‍. ഇതിന്റെ പ്രാഥമിക ഉപയോഗം ഹെപ്പറ്റൈറ്റിസ് സി വൈറസിനെ ചെറുക്കുക എന്നതാണ്.
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഇന്റര്‍ഫെറ്റോണ്‍ ബീറ്റാ – 1 ബി. മെര്‍സ് കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഇത് നേരത്തേ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: