ആതുര ശുശ്രൂഷാ രംഗത്തും വൈദ്യശാസ്ത്ര എഞ്ചിനീയറിങ് സാങ്കേതികവിദ്യയിലും ഗവേഷണത്തിലും രാജ്യത്തിന്റെ അഭിമാനമാണ് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി. ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനം ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വൈദ്യശാസ്ത്ര ഉപകരണ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്. രാജ്യത്ത് കാര്യക്ഷമമായ വൈദ്യശാസ്ത്ര ഉപകരണ-വ്യവസായ അടിത്തറ സൃഷ്ടിക്കുന്നതില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് വഹിച്ച പങ്ക് അദ്ഭുതാവഹമാണ്.
വൈദ്യോപകരണ നിയമം ഭേദഗതി ചെയ്യുന്നു
2015-ലാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് രാജ്യത്ത് വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നോഡല്‍ ഗവേഷണ കേന്ദ്രമായ ടെക്നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസിനു കീഴില്‍ ശ്രീചിത്രയിലെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിന് അംഗീകാരം നല്‍കുന്നത്. വിവിധ വിഭാഗങ്ങളിലായി 33 മെഡിക്കല്‍ ഉപകരണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം അനുമതി നല്‍കിയത്.
ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യശാസ്ത്ര ഉപകരണ വ്യവസായങ്ങളുടെ വിപണിയാണ് ഇന്ത്യ. ഏകദേശം 70000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഓരോ വര്‍ഷവും രാജ്യത്ത് വിറ്റുപോകുന്നത്. നിലവില്‍ ഈ ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. 2018ല്‍ 338.6 ബില്യണ്‍ യുഎസ് ഡോളറായിരുന്ന ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ വിപണി മൂല്യം, 2023 ആകുന്നതോടെ 794.2 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള വൈദ്യശാസ്ത്ര ഉപകരണ വിപണിയില്‍ ജപ്പാനും ചൈനയ്ക്കും ശേഷം, ഏഷ്യന്‍ വിപണിയില്‍ ഇന്ത്യയ്ക്കും നിര്‍ണായകമായ സ്ഥാനമുണ്ട്. അതിന് ആനുപാതികമായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ തദ്ദേശീയമായി വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് മോദി സര്‍ക്കാര്‍ 2017ല്‍ മെഡിക്കല്‍ ഉപകരണ നിയമം ഭേദഗതി ചെയ്തത്.
സുരക്ഷ, കാര്യക്ഷമത എന്നിവ മുന്‍നിര്‍ത്തി ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും, ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തോടെയുള്ള വൈദ്യശാസ്ത്ര ഉപകരണ വിപണിയെ ഇന്ത്യയില്‍ സുസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്ന ഈ നിയമഭേദഗതി മേഖലയിലെ വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുന്നതാണ്. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണവും വിതരണവും നിയന്ത്രിക്കുന്നതിനായി ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തില്‍ മെഡിക്കല്‍ ഡിവൈസ് റൂള്‍സ് ആക്ട് ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം.
ഇതനുസരിച്ച് എക്സ് റേ, സ്കാനിങ്, കളര്‍ ഡോപ്ലര്‍, ഹാര്‍ട്ട്-ലങ് മെഷീന്, ഇസിജി മോണിട്ടര്‍, ബാന്‍ഡേജ്, പേസ് മേക്കര്‍, രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന വിവിധ ഉപകരണങ്ങള്‍, ഗ്ലൂക്കോമീറ്റര്‍, തെര്‍മോമീറ്റര്‍, സ്റ്റെതസ്കോപ്പ്, രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണങ്ങള്‍, അണുവിമുക്തമാക്കുന്ന ഡിസ് ഇന്ഫെക്റ്റന്റ്റുകള്, സ്റ്റെന്റ്, കത്തീറ്റര്‍ തുടങ്ങി 6,000-ത്തിലധികം മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കാനുള്ള ശുപാര്‍ശ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ബൗദ്ധിക സ്വത്തവകാശ പുരസ്കാരവും
മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ലോകോത്തര നിലവാരമുളള വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ രാജ്യത്ത് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ഉപകരണ നിര്‍മാണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. കേരളം, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിര്‍മാണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുക.
വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ മൃഗങ്ങളില്‍ പരീക്ഷിക്കുന്ന രാജ്യത്തെ ഒരു പ്രധാന കേന്ദ്രംകൂടിയാണ് ശ്രീചിത്ര. ആഭ്യന്തര വൈദ്യശാസ്ത്ര ഉപകരണ നിര്‍മാതാക്കള്‍ക്കു വേണ്ട പിന്തുണ നല്‍കുന്നതിനായി സ്ഥാപനത്തിലും പുറത്തും വികസിപ്പിച്ചെടുക്കുന്ന വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ മൃഗങ്ങളില്‍ പരീക്ഷിച്ച് അവയുടെ കാര്യക്ഷമത ഉറപ്പാക്കുന്ന സംവിധാനവും ശ്രീചിത്രയിലുണ്ട്. 2020 മാര്‍ച്ച് മാസത്തോടെ നിലവില്‍ വന്ന പുതിയ മൃഗപരീക്ഷണ സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ശ്രീചിത്രയ്ക്ക് ജിഎല്‍പി സര്‍ട്ടിഫിക്കറ്റിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ കഴിയും. അതോടെ ഇവിടെ നിന്നുള്ള മൃഗപരീക്ഷണ ഡാറ്റയ്ക്ക് ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കും. 2019-ലെ ദേശീയ ബൗദ്ധിക സ്വത്തവകാശ പുരസ്കാരവും ശ്രീചിത്രയെ തേടിയെത്തി. കേന്ദ്ര വ്യവസായ നയരൂപീകരണ-പ്രോത്സാഹന വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐപി വിഭാഗത്തില്‍ ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത ബൗദ്ധിക സ്വത്തവകാശങ്ങളുടെ എണ്ണത്തിനു പുറമെ, അതുപയോഗിച്ച് വാണിജ്യ- വ്യവസായ മേഖലയ്ക്കും പൊതുസമൂഹത്തിനും ശ്രീചിത്ര നല്കിയ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് പുരസ്കാരം.
ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു
നിര്‍മിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, പേറ്റന്റുകള്‍ക്ക് സജ്ജമാക്കുന്നതിനും ഫ്രാന്‍സിലെ കോമിറ്റ് ഫ്രാങ്കൈസ് ഡി അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗം, ഐഎസ്ഒ/ഐഇസി 17025ന്റെ അന്താരാഷ്ട്ര നിലവാരമുള്ളതാണ്. സാങ്കേതികവിദ്യകളെ വാണിജ്യവത്ക്കരിക്കുന്നതിനായും, പുതിയ സംരംഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഇന്‍കുബേഷന്‍ പിന്തുണ നല്കുന്നതിനായും ഇന്ത്യയിലെ ആദ്യത്തെ വൈദ്യശാസ്ത്ര ഉപകരണ സാങ്കേതിക വിദ്യ- ഇന്‍കുബേഷന്‍ സെന്റ്റര്‍ 2015 മാര്‍ച്ച് മുതല്‍ കാമ്പസില്‍ ‘ടി-മെഡ്’ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മികച്ച സംരഭങ്ങള്‍ക്ക് 25 ലക്ഷമോ അതിന് മുകളിലോ സാമ്പത്തിക സഹായം ലഭിക്കുന്ന കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘നിധി സീഡ് സപ്പോര്‍ട്ട് പദ്ധതി’ ഉള്‍പ്പെടെ നിരവധി സംരംങ്ങള്‍ക്ക് തുടക്കമിടാന്‍ ഈ വര്‍ഷം ടി-മെഡിനായി. ഇതിന്റെ ആഭിമുഖ്യത്തില്‍ ഇതുവരെ 54 സാങ്കേതികവിദ്യകള്‍ ഇന്ത്യയിലുടനീളമുള്ള 24 വ്യവസായങ്ങള്‍ക്ക് കൈമാറി കഴിഞ്ഞു. കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ടുമെന്റും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ്റ് കോര്‍പ്പറേഷനും ആണ് ടി-മെഡിലെ പരിശീലനങ്ങള്ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന് നിലവില്‍ 21 വിദേശ പേറ്റന്റുകളും 97 ഇന്ത്യന്‍ പേറ്റന്റ്റുകളും ഒരു ട്രേഡ്മാര്‍ക്കും 25 ഡിസൈന്‍ രജിസ്ട്രേഷനുകളും ഉണ്ട്. 127 പ്രോജക്ടുകള്‍ പേറ്റന്ററിന്റെ വിവിധ ഔദ്യോഗിക ഘട്ടങ്ങളിലുമാണ്.
കോവിഡ് കാലത്തെ കണ്ടുപിടിത്തങ്ങള്‍
- കോവിഡ് കണ്ടെത്താന്‍ നൂറുശതമാനം കൃത്യതയുള്ളതും, 10 മിനിറ്റുകൊണ്ട് ഫലം ലഭിക്കുന്നതുമായ നൂതന കിറ്റ് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചു. കോവിഡ് വ്യാപനം തടയാന്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി രാജ്യമാകെ തീവ്രശ്രമം നടത്തുമ്പോഴാണ് വലിയൊരു നേട്ടമായ ശ്രീചിത്രയുടെ കണ്ടെത്തല്‍. നേരത്തെ ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള കിറ്റും സ്ഥാപനം വികസിപ്പിച്ചിരുന്നു. നിലവില്‍ കിറ്റും ആര്.ടി ലാമ്പ് മെഷീനും നിര്‍മാണത്തിനായി അഗാപ്പെ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിക്കഴിഞ്ഞു.
- കോവിഡ് 19 രോഗികളെ പരിശോധിക്കാന്‍ അണുവിമുക്ത പരിശോധനാ ബൂത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ഓരോ രോഗിയും ബൂത്ത് വിടുന്നയുടന് 254 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യവും, 15 വാട്സുമുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കടത്തിവിട്ട് മൂന്ന് മിനിറ്റിനുള്ളില്‍ ബൂത്ത് അണുവിമുക്തമാക്കുന്നു.
- അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് (ചിത്ര അക്രിലോസോര്‍ബ് സെക്രീഷന്‍ സോളിഡിഫിക്കേഷന്‍ സിസ്റ്റം) ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ശ്വസനേന്ദ്രിയ സംബന്ധവും അല്ലാതെയുമുള്ള ശരീര സ്രവങ്ങളെ കട്ടിയാക്കാനും, അണുബാധ തടയാനുമായി വളരെ ഫലപ്രദമായി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ബയോ മെറ്റീരിയല്‍ സയന്‍സ് ആന്റ്റ് ടെക്നോളജിയിലെ ഡോ. എസ്. മഞ്ജു, ഡോ. മനോജ് കോമത്ത് എന്നിവരാണ് സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടുപിടിച്ചത്.
- കോവിഡിനെ നേരിടാന്‍ അണുനശീകരണ പ്രവേശന കവാടവും, മുഖാവരണ നശീകരണത്തിനുള്ള സംവിധാനവും ശ്രീചിത്രയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. മെഡിക്കല്‍ ഇന്‍സ്ട്രുമെന്റ്റേഷന്‍ വിഭാഗം ശാസ്ത്രജ്ഞരായ ജിതിന് കൃഷ്ണന്, വി. വി. സുഭാഷ് എന്നിവര്‍ രോഗികളുടെ ശുചിത്വത്തിനും സുരക്ഷയ്ക്കുമായി വികസിപ്പിച്ച ‘ചിത്ര ഡിസ്ഇന്ഫെക്ഷന് ഗേറ്റ് വേ’ ആണ് ഇതിലൊന്ന്. ഹൈഡ്രജന്‍ പെറോക്സൈഡ് നീരാവി രൂപത്തില്‍ ഉല്‍പ്പാദിപ്പിക്കാനും, അള്‍ട്രാ വയലറ്റ് സംവിധാനമുപയോഗിച്ച് അണുവിമുക്തമാക്കി ശുദ്ധീകരിക്കാനുള്ള സൗകര്യവുമുള്ള പോര്‍ട്ടബിള്‍ സംവിധാനമാണിത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ വി. വി. സുഭാഷാണ് ‘ചിത്ര യുവി ബേസ്ഡ് ഫെയ്സ്മാസ്ക് ഡിസ്പോസല്‍ ബിന്‍’ എന്നു പേരിട്ടിരിക്കുന്ന മുഖാവരണ നശീകരണ സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നത്.
- കോവിഡ് 19 ലാംപ്, പിസിആര്‍ ടെസ്റ്റുകള്‍ക്കായി മാഗ്നറ്റിക് നാനോ പാര്‍ട്ടിക്കിള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റ് ശ്രീചിത്ര വികസിപ്പിച്ചു. ‘ചിത്ര മാഗ്ന’യുടെ സാങ്കേതിക വിവരങ്ങള്‍ എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിനു കൈമാറി. ചിത്ര ജീന്‍ ലാംപ്-എന്‍ വികസിപ്പിച്ച ഡോ. അനൂപ് തെക്കുവീട്ടിലും സംഘവുമാണ് ‘ചിത്ര മാഗ്ന’യുടെ സാങ്കേതിക വിദ്യയും വികസിപ്പിച്ചത്.
- മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ ശേഖരിക്കുന്നതിനാവശ്യമായ രണ്ടു തരം സ്വാബുകളും, കോവിഡ് 19 പരിശോധനയ്ക്ക് ഉപയുക്തമാക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയവും ശ്രീചിത്ര വികസിപ്പിച്ചു. സാങ്കേതിക വിദഗ്ധരായ ഡോ. ലിന്‍ഡ വി. തോമസ്, ഡോ. ഷൈനി വേലായുധന്, ഡോ. മായ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്ര എംബഡ് ഫ്ളോക്ഡ് നൈലോണ്‍ സ്വാബ്സ്, ചിത്ര എന്മേഷ് എന്നിവ വികസിപ്പിച്ചത്. രണ്ടാമത്തെ കണ്ടുപിടുത്തമായ ചിത്ര വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം ശേഖരിക്കുന്നിടത്തുനിന്ന് ലബോറട്ടറിയിലേക്ക് എത്തിച്ചേരുംവരെ വൈറസിനെ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. സ്വാബുകളും വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയവും ദ്രുതഗതിയില്‍ നിര്‍മിക്കുന്നതിനും വില്പ്പനയ്ക്കുമായി മല്ലേലില്‍ ഇന്‍ഡസ്ട്രീസ്, ഒറിജിന്‍ ഡയഗ്നോസ്റ്റിക്സ്, ലെവ്റാം ലൈഫ് സയന്‍സസ് എന്നിവയ്ക്ക് സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്.
- നവീന ബ്ലഡ് പ്ലാസ്മ ചികില്‍സ നടത്താന്‍ ശ്രീചിത്രയ്ക്ക് ഐസിഎംആര്‍ അനുമതി നല്‍കിയിരിക്കുകയാണ്. രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ രോഗിയെ ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി അഥവാ ‘കണ്‍വെല്‍സെന്റ്-പ്ലാസ്മ തെറാപ്പി’ എന്ന സാങ്കേതിക നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് ആന്റിബോഡി വന്‍തോതില്‍ ശേഖരിക്കുകയും, രേഖാമൂലമുള്ള സമ്മതത്തോടെ രോഗിയുടെ ഉള്ളിലേക്കു സന്നിവേശിപ്പിക്കുകയുമാണ് ഈ ചികില്‍സയില്‍ ചെയ്യുന്നത്.
അടുത്ത കാലത്തായി മഞ്ഞളില്‍നിന്ന് കാന്‍സറിന് മരുന്ന് കണ്ടുപിടിച്ച ശ്രീചിത്രയ്ക്ക് യുഎസ് പേറ്റന്റ് ലഭിച്ചിരുന്നു. ശരീരത്തില്‍ ബാധിച്ച ട്യൂമര്‍ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാന്‍ സഹായിക്കുന്ന മഞ്ഞളിലെ ഒരു പ്രോട്ടീന്‍ (കുറികുമിന്) ഉപയോഗിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ വികസിപ്പിച്ച വേഫറിനാണ് പേറ്റന്റ് ലഭിച്ചത്. ഇത് സ്ഥാപനത്തിന്റെ അന്താരാഷ്ട്ര മൂല്യം വര്‍ദ്ധിപ്പിക്കുന്നതും, ആഗോള വിപണികളെ അടിസ്ഥാനമാക്കി മൂല്യനിര്‍ണയവും ഗവേഷണങ്ങളും ചെയ്യാനുള്ള ആത്മവിശ്വാസം നല്കുന്നതുമാണ്. തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റും ശ്രീചിത്ര വികസിപ്പിച്ചിരുന്നു. വിദേശ നിര്‍മിത സ്റ്റെന്ററിന് 7 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വില. ഇന്ത്യയില്‍ ആദ്യമായി ശ്രീചിത്ര വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ നിര്‍മിത സ്റ്റെന്ററുകള് വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ശ്രീചിത്ര ബിഎംടി വിങ്ങിലെ ഡോ. സുജേഷ് ശ്രീധരന്, ഡോ. ജയദേവന് ഇ ആര്, ഡോ.സന്തോഷ് കുമാര്‍, കെ.മുരളീധരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റെന്റും, ഇത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചത്. പേറ്റന്റ്റിന് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.
നാഡീ-പേശി സംവിധാനങ്ങളുടെ തകരാറുകള്‍, അപചയം എന്നിവ കൃത്യമായി വിലയിരുത്തുന്നതിന് ഇലക്ട്രോമയോഗ്രാഫി (ഇഎംജി) സാങ്കേതിക വിദ്യാ ഗവേഷണങ്ങളും സ്ഥാപനത്തില്‍ നടക്കുന്നുണ്ട്. ഇന്ത്യക്കാരിലെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെജനിതക അടിസ്ഥാനം കണ്ടെത്തുന്നതിന് ശ്രീചിത്ര നയിക്കുന്ന ഇന്‍ഡോ-ജര്‍മന്‍ ഗവേഷണത്തിന്(ജിനോം വൈഡ് അസോസിയേഷന് സ്റ്റഡിക്ക്) 2.3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സാമ്പത്തിക സഹായവും ലഭിച്ചിരുന്നു.
കൃത്രിമ ഹൃദയ വാല്‍വ് വികസിപ്പിച്ചു
ഹൃദയത്തിലെ മേലറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ജന്മനാലുണ്ടാകുന്ന സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ‘ചിത്ര എഎസ്ഡി ഒക്ലൂഡര്‍’ എന്ന ഉപകരണവും ശ്രീചിത്രയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പേറ്റന്റിനായി അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു. ഡോ. സുജേഷ് ശ്രീധരന്, കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. എസ്. ബിജുലാല്‍, ഡോ. കൃഷ്ണമൂര്‍ത്തി കെ.എം. തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ഉപകരണം വികസിപ്പിച്ചത്. ഒരു കൃത്രിമ ഹാര്‍ട്ട് വാല്‍വ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ഒരേയൊരു സ്ഥാപനമാണിത്.1980 ല്‍ ഇന്ത്യയിലാദ്യമായി ഡിസ്പോസിബിള്‍ ബ്ലഡ് ബാഗ് സിസ്റ്റവും കണ്ടുപിടിച്ചു. ഹോര്‍മോണ്‍ റിലീസിങ് സിസ്റ്റവും മെംബ്രന്‍ ഓക്സിജന്‍, ഹൈഡ്രോസെഫാലസ് ഷണ്ട്, ഡെന്റ്റല്‍, ഓര്‍ത്തോ മെറ്റീരിയലുകള്‍, ഹൈഡ്രോക്സിപറ്റൈറ്റ് അധിഷ്ഠിത വസ്തുക്കള്‍, ഇംപ്ലാന്റുകള്‍ എന്നിങ്ങനെ നിരവധി കണ്ടുപിടിത്തങ്ങള്‍ സ്ഥാപനത്തിന്റെതായുണ്ട്. എസ്എസ്സിടി ടെക്നോളജീസിന്റെ വാര്‍ഷിക വിറ്റുവരവ് 450 കോടി രൂപയാണ്. ഇത് രാജ്യത്ത് ഏകദേശം നേരിട്ടുള്ള 2000 തൊഴിലവസരവും 10,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: