മുംബൈ: കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അയവില്ലാതെ തുടരുന്ന മുംബൈയില്‍ ദിവസ വേതനക്കാരും കുട്ടികളും ഉള്‍പ്പെടെ 4000 ആളുകള്‍ക്ക് വീണ്ടും സഹായമെത്തിച്ച് സൂപ്പര്‍താരം സച്ചിന് തെന്‍ഡുല്‍ക്കര്‍.
ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന 4000 പേര്‍ക്കാണ് സച്ചിന്റെ സഹായം. എച്ച്ഐ5 യൂത്ത് ഫൗണ്ടഷനിലൂടെയാണ് സച്ചിന് സഹായമെത്തിച്ചത്. ഫൗണ്ടേഷന് സച്ചിന്റെ സഹായത്തിന് നന്ദിയറിയിച്ച് നടത്തിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പരസ്യമായത്. തുക വെളിപ്പെടുത്തിയില്ലെങ്കിലും സച്ചിന്റെ കരുതല്‍കൊണ്ട് 4000 പേര്‍ക്ക് സഹായമെത്തിച്ചതായി ഫൗണ്ടേഷന് ട്വീറ്റ് ചെയ്തു.
കാരുണ്യത്തിന്റെ വഴി പഠിപ്പിക്കാന്‍ സ്പോര്‍ട്സിനു കഴിയുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ച സച്ചിന് തെന്‍ഡുല്‍ക്കറിന് നന്ദി. കോവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്കിയ സഹായത്തിലൂടെ വളരെയധികം ബുദ്ധിമുട്ടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള 4000 പേര്‍ക്ക് സഹായമെത്തിച്ചു. വളര്‍ന്നു വരുന്ന ഈ കായികതാരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു ലിറ്റില്‍ മാസ്റ്റര്‍’ ഫൗണ്ടേഷന് ട്വിറ്ററില്‍ കുറിച്ചു.
ഈ കുറിപ്പ് റീട്വീറ്റ് ചെയ്ത സച്ചിന്, ഫൗണ്ടേഷന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ‘ദിവസ വേതനക്കാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള എച്ച്ഐ5 ടീമിന്റെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍’ സച്ചിന് കുറിച്ചു.
കഴിഞ്ഞ മാസം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകള്‍ക്ക് റേഷന്‍ എത്തിക്കാനുള്ള യജ്ഞത്തില്‍ സച്ചിനും പങ്കാളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: