തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാണിക്ക സ്ഥിരം നിക്ഷേപത്തില്‍ നിന്ന് ദേവസ്വം അഞ്ചു കോടി നല്‍കിയതിനെതിരെ ചോദ്യവുമായി ഗോകുല്‍ സുരേഷ്. ദേവസ്വം ഭണ്ഡാരത്തില് നിന്ന് പണം എടുക്കുന്നത് തെറ്റാണ്. അതു ക്ഷേത്രത്തില്‍ നിന്നാണെങ്കിലും മോസ്കില്‍ നിന്നാണെങ്കിലും പള്ളിയില്‍ നിന്നാണെങ്കിലും ഇതു തന്നെയാണ് നിലപാട്. പള്ളികളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വീകരിച്ചോയെന്ന് ഗോകുല്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചോദിച്ചു. ഇൗ പ്രതികരണത്തിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും സര്‍ക്കാരിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടിരൂപ നല്കിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് പരോക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
താന്‍ ഉള്‍പ്പെടാത്ത ഭരണസമിതിയോഗത്തിലാണ് തീരുമാനമെടുത്തതെന്നും, മാധ്യമവാര്ത്തകളിലൂടേയാണ് താന്‍ ഈ വിവരമറിഞ്ഞതെന്നും അദ്ദേഹം ‘ജന്മഭൂമി’ യോട് പറഞ്ഞു. സര്‍ക്കാര്‍ നിയോഗിക്കുന്നവരാണ് യോഗത്തില്‍ പങ്കെടുത്തത്. സ്ഥിരാംഗമായ തനിക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നില്ല. അതുകൊണ്ടുതന്നെ, ഭരണസമിതിയുടെ ഈ തീരുമാനത്തിന് ഒരു മറുപടി നല്കാന് തയാറല്ലെന്നും തന്ത്രിമുഖ്യന്‍ അഭിപ്രായപ്പെട്ടു. ഭരണസമിതി യോഗത്തിനുമുമ്പ് ദേവസ്വം ചെയര്മാന് ക്ഷേത്രം തന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: