കണ്ണൂര്‍: കണ്ണൂരിലേക്ക് പ്രവാസികളെ കൊണ്ടുവരുമെന്ന ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ച് കേന്ദ്ര സര്‍ക്കാര്‍. ദുബായില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ ഫ്ളൈറ്റ് ചൊവ്വാഴ്ച ഇറങ്ങും. കണ്ണൂര്‍ അടക്കം കേരളത്തിലെ 4 വിമാനതാവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ഉണ്ടാകില്ലെന്ന വിധത്തില്‍ ഇതിനെതിരെ വ്യാപകമായി പ്രചരണങ്ങള്‍ പുറത്തുവരികയായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലും ഇതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് സ്വകാര്യ മാധ്യമത്തിലൂടെ ഈ പ്രസ്താവന തിരുത്തി വ്യക്തത വരുത്തുകയായിരുന്നു.
മടങ്ങിയെത്തുന്ന പ്രവാസികളില്‍ 70,000 ത്തോളം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. നാട്ടിലേക്കു മടങ്ങുന്നതിന് നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്ത 4.42 ലക്ഷം മലയാളികളില്‍ 69,179 പേരും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയിലെയും കാസര്‍കോട് ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലെയും കോഴിക്കോട് ജില്ലയില്‍ വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെയും ആളുകളാണിവര്‍.
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് കണ്ണൂരില്‍ ഇറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 170 ലേറെ പ്രവാസികള്‍ ഇതില്‍ ഉണ്ടാകും. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കോവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക.
വിമാനത്താവളത്തില്‍ വച്ച് വിശദമായ സ്ക്രീനിങ്ങിനു വിധേയരാക്കിയാണ് ഇവരെ പുറത്തേയ്ക്കിറക്കുക. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലേക്ക് പോകേണ്ടവരെയും അയല്‍ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറക്കുക. ഓരോ ജില്ലകളിലേക്കും പ്രത്യേകം കെഎസ്ആര്‍ടിസി ബസുകളുമുണ്ടാവും. ഗര്‍ഭിണികള്‍, ഇവരുടെ ഭര്‍ത്താവ്, 14 വയസിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യണം. ഇതിനായി പെയ്ഡ് ടാക്സി സൗകര്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: