ന്യൂദല്‍ഹി: അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് ആദ്യ വിമാനം പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ നിശ്വാസമുതിര്ന്നത് ആ 49 പേരില്‍ നിന്നാവണം. അതേ! ആദ്യ വിമാനത്തില്‍ സുരക്ഷിതരായി നാടെത്തിയത് 49 ഗര്‍ഭിണികളാണ്. ഒപ്പം യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ ഇത്രയും ഗര്‍ഭിണികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചതിന്റെ സമാധാനത്തില്‍ എയര്‍ ഇന്ത്യാ ക്രൂവും.
ആദ്യ വിമാനത്തില്‍ ഒന്‍പതാം മാസം വരെയുള്ള ഗര്‍ഭിണികള്‍ കൊച്ചിയിലെത്തിയിരുന്നു. വിമാനസര്‍വീസ് മാനദണ്ഡങ്ങളനുസരിച്ച് ഏഴുമാസത്തിന് ശേഷം യാത്രാവിലക്കുണ്ട്. എന്നാല്‍ അതെല്ലാം മാറ്റിവച്ച് ഗര്‍ഭിണികള്‍ക്ക് പ്രാധാന്യം നല്കി എത്തിക്കുകയായിരുന്നു. ആദ്യ ആഴ്ചയില്‍ ആയിരത്തോളം ഗര്‍ഭിണികളെ തിരികെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമം. ഗര്‍ഭിണികള്‍ക്കും രോഗബാധിതര്‍ക്കുമാണ് മുന്‍ഗണനയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും
കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണികളെ തിരികെ എത്തിക്കാനായി നിരവധി അപേക്ഷകളാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
35 ആഴ്ച വരെയുള്ളവരെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാട്ടിലേക്ക് അയയ്ക്കാനാണ് എംബസി തീരുമാനം. എല്ലാ വിമാനത്തിലും നാലിലൊന്ന് സീറ്റുകള്‍ ഗര്‍ഭിണികള്‍ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നാട്ടിലേക്ക് ടിക്കറ്റുകളെടുത്ത് റദ്ദാക്കേണ്ടിവന്നവരാണ്. മടങ്ങിയെത്തുന്ന ഗര്‍ഭിണികളെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നതിന് പകരം എത്രയും വേഗം വീടുകളിലേക്ക് എത്തിക്കാനാണ് സര്‍ക്കാരുകളുടെയും ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: