ന്യൂദല്‍ഹി: പതിനെട്ടുകാരന്റെ ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി രത്തന്‍ ടാറ്റ. അര്‍ജുന്‍ ദേശ്പാണ്ഡെ എന്ന പതിനെട്ടുകാരന്‍ സി ഇഒ ആയ ജെനറിക്ക് ആധാര്‍ സ്റ്റാര്‍ട്ടപ്പിലാണ് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പ്രത്യേക ആഗ്രഹപ്രകാരം ടാറ്റാ ഗ്രൂപ്പ് നിക്ഷേപം നടത്തിയത്.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നു നിര്‍മിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പാണ് ദേശ്പാണ്ഡെ മുംബൈ കേന്ദ്രമാക്കി സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത്. സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് അറിഞ്ഞ രത്തന്‍ ടാറ്റ തന്റെ സംരംഭവുമായി പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ദേശ്പാണ്ഡെ പറയുന്നു.
ജനറിക് മരുന്നുകള്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് ഏറ്റെടുത്ത് 16 മുതല്‍ 20 ശതമാനം വരെ വില കുറച്ച് രോഗികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മുംബൈ, പുനെ, ബാംഗ്ലൂര്‍, ഓഡീഷ തുടങ്ങിയ സ്ഥലങ്ങളില്‍ മുപ്പതോളം റീടൈലര്‍മാരെ നിയോഗിച്ചു. വരുന്ന മാസങ്ങളില്‍ ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്ര, ന്യൂദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ആറു കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി അടുത്ത മൂന്നു വര്‍ഷം കൊണ്ട് 150 മുതല്‍ 200 കോടി രൂപ വരെ വിറ്റുവരവായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: