വാഷിങ്ടണ്‍: കൊറോണ വ്യാപനത്തിന്റെ പിന്നാലെ വിഷാദത്തിന്റെ വൈറസ് ജനങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന് പഠനം. കൊറോണ ബാധ മൂലം മുക്കാല്‍ലക്ഷത്തിലധികം പേര് മരിച്ച അമേരിക്കയില്‍ അടുത്ത മുക്കാല്‍ലക്ഷം പേര് മരിക്കുന്നത് അമിത മദ്യപാനമോ വിഷാദമോ കാരണമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ വെല്‍ ബീയിങ് ട്രസ്റ്റിന്റെ പൊതുജനാരോഗ്യ സംഘത്തിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനേര്പ്പെടുത്തിയ ലോക്ഡൗണ്‍, തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച എന്നിവയാണ് ഇതിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന നിരാശ വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നും ഭരണകൂടങ്ങള്‍ ഇടപെട്ടില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകുമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു.
മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയും മാനസികാരോഗ്യം നിലനിര്‍ത്താന്‍ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. മറിച്ചായാല്‍ ഇവരില്‍ അമിത മദ്യപാനവും ആത്മഹത്യ പ്രവണതയും ഉണ്ടാകും, പഠനത്തിനു നേതൃത്വം നല്കിയ വെല്‍ ബീയിങ് ട്രസ്റ്റിലെ ചീഫ് സ്ട്രാറ്റര്‍ജി ഓഫീസര്‍ ഡോ. ബെഞ്ചമിന്‍ എഫ്. മില്ലര്‍ പറഞ്ഞു.
ഇപ്പോള്‍ത്തന്നെ മതിയായ നടപടികള്‍ കൈക്കൊണ്ടാല്‍ മരണം കുറയ്ക്കാനാകും. നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ ഭരണകൂടത്തിന്റെ സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും അമിത മദ്യാപാനത്തിനും ആത്മഹത്യക്കും കാണമാകുന്നുവെന്ന് നേരത്തെ തന്നെ പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് തൊഴിലില്ലായ്മയോടൊപ്പം തന്നെ മദ്യപാനവും ആത്മഹത്യയും വര്‍ധിച്ചു.
നേരത്തെയുള്ള കണക്കുകള്‍ പ്രകാരം 2007ല്‍ 4.6 ശതമാനമായിരുന്നു അമേരിക്കയിലെ തൊഴിലിലായ്മ നിരക്ക്. 2009ല്‍ ഇത് 10 ശതമാനമായി. 2010ല്‍ ഇത് കുറഞ്ഞ് 3.5 ശതമാനത്തിലെത്തി. വൈറ്റ് ഹൗസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏപ്രിലിലെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിന് മുകളിലാണ്.
ലഹരി മരുന്നുകളുടെ അമിത ഉപയോഗം കാരണമുണ്ടാകുന്ന മരണങ്ങളില്‍ കുറവ് വന്ന് തുടങ്ങിയത് 2014 മുതലാണ്. 2018-19 കലയളവില്‍ 58 ശതമാനം കുറവാണ് ഇത്തരം മരണങ്ങളിലുണ്ടായത്. എന്നാല്‍ കൊക്കെയ്ന്‍ പോലെയുള്ള വസ്തുക്കളുടെ ഉപയോഗത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് ഇപ്പോഴും രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ വിഷാദ രോഗം ലോകത്തെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭൂപടവും വെല്‍ ബീയിങ് ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 2020-2029 വര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന മരണങ്ങളുടെ കണക്കാണ് ഭൂപടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: