ന്യൂദല്‍ഹി: വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു ഇളവുകളുമില്ല. ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ എല്ലാ സര്‍ക്കാരുകളും കര്‍ശനമായി പാലിക്കേണ്ടതാണെന്നും ആഭ്യന്തരമന്ത്രാലയ ഉന്നത ഉദ്യോഗസ്ഥന് ജന്മഭൂമിയോടെ പ്രതികരിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ നിരീക്ഷണം ഏഴു ദിവസമാക്കി കുറച്ചത് വിവാദമായിരുന്നു.
ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ നിരീക്ഷണം ഏഴു ദിവസമാക്കി കുറച്ചതായി കേരളം അറിയിച്ചതിന്റെ പ്രതികരണം തേടിയപ്പോഴാണ് തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. 14 ദിവസം സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുന്ന നിരീക്ഷണ കേന്ദ്രത്തിലും ബാക്കി 14 ദിവസം സ്വന്തം വീട്ടിലും നിര്‍ബന്ധിത ക്വാറന്റൈന് ആവശ്യമാണ്. സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ കൊറോണ പരിശോധനയും നടത്തും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ വീടുകളിലേക്ക് വിടൂ. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ചെത്തുന്നവരെ മാത്രമാണ് ഇന്ത്യന്‍ എംബസികള്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്നത്.
അതിനിടെ മടങ്ങിയെത്തുന്നവരുടെ സര്‍ക്കാര്‍ ക്വാറന്റൈന് കാലാവധി ഒറീസ സര്‍ക്കാര്‍ 28 ദിവസമായി ഉയര്‍ത്തിയത് ശ്രദ്ധേയമായി. ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റൈനും ഏഴു ദിവസം ഹോം ക്വാറന്റൈനുമായിരുന്നതാണ് 21 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനായും ഏഴു ദിവസം വീട്ടില്‍ നിരീക്ഷണവും അടക്കം 28 ദിവസമാക്കി ഒറീസ സര്‍ക്കാര്‍ ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: