കാസര്‍കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ തെക്കുഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈന് പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡല്‍ ഓഫീസറായി സബ് കളക്ടറെ ചുമതലപ്പെടുത്തി.
വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ ഏഴ് ദിവസം സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയിട്ടുള്ള ക്വറന്റൈന് കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് രോഗ നിര്‍ണ്ണയത്തിനായി സ്രവം എടുത്ത് പരിശോധിക്കും. കോവിഡ്19 രോഗം സ്ഥിരീകരിച്ചാല്‍ ഇവരെ തുടര്‍ ചികില്‍സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ ഏഴുദിവസത്തെ സ്ഥാപന ക്വാറൈന്റെയിനില്‍ നിന്ന് ഒഴിവാക്കും.
പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ടുള്ളവരെ തുടര്‍നിരിക്ഷണത്തിന് ക്വാറന്റൈന് ചെയ്യുന്നതിന് സ്വന്തം വീട്ടില്‍ മതിയായ സൗകര്യം ഉളളതായി തദ്ദേശ സ്ഥാപന വാര്‍ഡ്തല സമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം ഇവരെ സ്വന്തം വീടുകളിലേക്ക് മാറ്റും. സ്വന്തം വീട്ടില്‍ മതിയായ സൗകര്യം ഇല്ലാത്ത പ്രവാസികളെ (വീട്ടില്‍ മതിയായ സൗകര്യം ഉണ്ടായിട്ടും പ്രത്യേകമായി താമസിക്കുന്നതിന് താല്പര്യപ്പെടുന്നവരെയും) പ്രത്യേകമായി താമസിപ്പിക്കും. ഇതിനായി ജില്ലാ ഭരണകൂടം 380 ലോഡ്ജ് മുറികള്‍ കണ്ടെത്തിയിട്ടുണ്ട്.
അത്തരത്തില്‍ ലഭ്യമായിട്ടുളള മുറികള്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രതിദിനം വാടക ഈടാക്കി അനുവദിക്കും. ലോഡ്ജ് മുറികളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പടുത്തും. സ്വന്തമായി വീട് സൗകര്യമില്ലാത്തവര്‍ക്കും, വാടക കൊടുക്കാന്‍ കഴിയാത്തവര്‍ക്കും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നതിന് സൗകര്യം ഒരുക്കും. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആളൊന്നിന് പ്രതിദിനം 60 രൂപ (കുട്ടികള്‍ക്ക് 45 രൂപ) സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും.
വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ ജില്ലയിലെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേകം ക്രമീകരിച്ച കെഎസ്ആര്.ടിസി ബസ്സുകളില്‍ പരമാവധി 24 പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുളളൂ.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ വടക്കു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡല്‍ ഓഫീസറായി കാസര്‍കോട് ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവരെ പരിശോധിക്കുന്നതിനും വിവരങ്ങള്‍ ക്രോഡികരിച്ച് ബന്ധപ്പെട്ടവര്‍ക്ക് അതത് അവസരങ്ങളില്‍ കൈമാറുന്നതിനും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ എന്നിവരെയും ചുമതലപ്പടുത്തി. ജില്ലയിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും ഡി എം ഒ ക്കും കൈമാറും.
മറ്റു ജില്ലക്കാരുടെ വിവരങ്ങള്‍ രാവിലെ പത്തിനും വൈകുന്നേരം അഞ്ചിനും അതത് ജില്ലകള്‍ക്കും സംസ്ഥാന കോവിഡ്19 വാര് റൂമിനും കൈമാറും
ജില്ലയിലേക്കെത്തുന്നവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരുടെ സ്രവം എടുത്ത് പരിശോധനയ്ക്ക് അയക്കുകയും ജില്ലക്കാരായവരെ പ്രത്യേക ആംബുലന്‍സുകളില്‍ ആശുപത്രികളിലെത്തിക്കും. ലക്ഷണങ്ങളുള്ള അന്യ ജില്ലക്കാരായവരെ അവരുടെ സ്വന്തം ചെലവില്‍ ആംബുലന്‍സ് വഴി സ്വന്തം ജില്ലയിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കും. മറ്റുള്ള യാത്രക്കാരില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ വാഹനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന സത്യവാങ്മൂലം എഴുതി വാങ്ങിയാവും യാത്രാനുമതി നല്‍കുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കെത്തുന്നവരില്‍ രോഗ ലക്ഷണമില്ലാത്തവര്‍ക്ക് സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ മതിയായ സൗകര്യം ഉളളതായി തദ്ദേശ സ്ഥാപന വാര്‍ഡ്തല സമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാരെ സ്വന്തം വീട്ടില്‍ റും ക്വാറന്റൈനില്‍ പാര്‍പ്പിക്കും. വാര്‍ഡ് തല ജനജാഗ്രത സമിതിയുടെ മേല്‍നോട്ടത്തില്‍ ഇവരുടെ ക്വാറന്റൈന് നിരീക്ഷിക്കും.
ജില്ലാ ഭരണകൂടം ഒരുക്കുന്ന ക്വറന്റൈന് കേന്ദ്രകളില്‍ ബാത്ത് റൂം ടോയിലറ്റ് എന്നിവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നതിന് പവര്‍ പമ്പ് (ഒരു ക്വാറന്റൈന് കേന്ദ്രത്തിന് ഒരെണ്ണം) വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. ക്വാറന്റൈനില്‍ താമസിക്കുന്നവരെ സഹായിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ 20 വൊളിന്റിയര്‍മാരെ തെരഞ്ഞെടുത്ത് നിയോഗിക്കുവാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ഡിഎംഒ നല്കുന്ന ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വൊളന്റിയര്‍മാരെ തെരഞ്ഞെടുക്കുക. ക്വാറന്റൈന് സെന്ററില്‍ കഴിയുന്നവരുടെയും, റൂമുകളില്‍ ക്വാറന്റൈന് നിര്‍ദ്ദേശിക്കപ്പെട്ടവരേയും പാര്‍പ്പിക്കുന്ന സ്ഥലങ്ങളില്‍ ശക്തമായ പോലീസ് നിരിക്ഷണം ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: