കോഴിക്കോട്: ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കുന്ന തരത്തിലുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന് ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭ ദുരിതാശ്വാസഫണ്ട് ഉടന്‍ നല്‍കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, പലിശരഹിത വായ്പ നല്‍കുക, കാര്‍ഷിക ഉല്‍പ്പന്ന വിലയിടിവ് തടയുക തുടങ്ങിയ ആവശ്വങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച ജില്ല കമ്മറ്റി കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലിശരഹിത വായ്പയും ഇരുപത്തി അയ്യായിരം രൂപ വരെ സാമ്പത്തിക സഹായവുമാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് കേരളം മാതൃകയാക്കണം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുകയല്ലാതെ ഒരു രൂപ പോലും കോവിഡ് ദുരിതത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.പി. മുരളി അദ്ധ്യക്ഷനായി. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. വിബിന്. സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, ബിജെപി ജില്ല സെക്രട്ടറി ടി. ചക്രായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: