കാസര്‍കോട്: കേരളത്തിലേക്ക് കോവിഡ് 19 രോഗികളെത്തിയ മുതല്‍ ആശങ്കയുടെ മുള്‍മുനയിലുടെ കടന്ന് പോയ കാസര്‍കോട് ആശ്വാസ തീരമണയുകയാണ്. നിലവില്‍ കോറോണ പോസിറ്റീവായ ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇന്നലെയും പുതുതായി ആര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല.
വീടുകളില്‍ 885 പേരും ആശുപത്രികളില്‍ 67 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. തുടര്‍ സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ 5036 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 242 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 40 പേരേ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 94 പേര് ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. സെന്റിനല്‍ സര്‍വെയ്ലന്‍സ് ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകുന്ന വ്യക്തികള്‍ തുടങ്ങിയവരുടെ 516 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ഇതില്‍ 461 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 177 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ആദ്യമായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ ആശങ്കയുടെ നാളുകളായിരുന്നു കാസര്‍കോടിന്. രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യ കേസ് സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 16ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ദുബായില്‍ നിന്ന് വന്ന ബേവിഞ്ച സ്വദേശിയായ യുവാവിനെയാണ് ഒരു മാസം മുമ്പ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ആദ്യമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അവിടേക്ക് കോവിഡ് രോഗികളുടെ പ്രവാഹമായിരുന്നു.
ഇതു കണ്ട് കാസര്‍കോട് കണ്ണുതള്ളി നിന്നു. എന്നാല്‍ രോഗികളുടെ എണ്ണം ഉയര്‍ന്നത് പോലെ തന്നെ പൊടുന്നനെ ജനറല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ കിടക്കകള്‍ ഒഴിയുന്ന കാഴ്ചയും കണ്ടു.
ഏറെ വര്‍ഷത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും വിരാമമിട്ട് ഇതിനിടയില്‍ കോറോണ പ്രതിരോധത്തിനായി കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉക്കിനടുക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം കോട്ടയും തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമെത്തുകയും കോവിഡ് ചികിത്സ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തത് രോഗം ഭേദമാകുന്നതിന് വേഗത കൂട്ടി.
ഹോട് സ്പോട്ട് മേഖലയില്‍ നിലവില്‍ കാസര്‍കോട് ഒരു പഞ്ചായത്ത് മാത്രമാണ് അവശേഷിക്കുന്നത്. ഓറഞ്ച്സോണ് പ്രകാരമുള്ള ലോക്ക്ഡൗണും, 144 സി.ആര്.പി.സി പ്രകാരം നിരോധനാഞ്ജയും കാസര്‍കോട് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: