കാസര്‍കോട്: കാഞ്ഞങ്ങട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 1053 അതിഥി തൊഴിലാളികളുമായി ഝാര്‍ഖണ്ഡിലേക്ക് ഒരു ട്രെയിന്‍ കാഞ്ഞങ്ങാട് നിന്ന് യാത്രയായി. കരുതലോടെ കാസര്‍കോട് അവരെ യാത്രയാക്കി. പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഓരോ അതിഥി തൊഴിലാളികളേയും ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള താല്പര്യം അറിഞ്ഞശേഷം താല്പര്യം അറിയിച്ച ആളുകളുടെ ലിസ്റ്റ് ജില്ലാ തലത്തിലേക്ക് കൈമാറി.
വെള്ളിയാഴ്ച രാത്രിയോടെ അന്തിമ ലിസ്റ്റ് തയ്യാറായി. 1270 പേരുടെ ലിസ്റ്റാണ് തയ്യാറായത്. അതില്‍ 1249 പേരാണ് നാട്ടിലേക്ക് യാത്രയാവാന്‍ സന്നദ്ധരായിരുന്നത്. എന്നാല്‍ 1053 പേരാണ് യാത്രയ്ക്ക് തയാറായി ഇന്നലെ കാഞ്ഞങ്ങാടെത്തിയത്. പരപ്പ ബ്ലോക്കില്‍ നിന്ന് 117 അതിഥി തൊഴിലാളികളാണ് ഝാര്‍ഖണ്ഡിലേക്ക് യാത്രയായത്.
കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നിന്ന് 36 പേരും ബളാല്‍ പഞ്ചായത്തില്‍ നിന്ന് 51 പേരും, വെസ്റ്റ് എളേരിയില്‍ നിന്ന് 16 പേരും കള്ളാറില്‍ നിന്ന് നാല് പേരും പനത്തടിയില്‍ നിന്ന് രണ്ടു പേരുമാണ് സ്വദേശത്തേക്ക് മടങ്ങിയത്. ഉച്ചയ്ക്ക് 12 ഓടെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി.
കോവിഡ് പരിശോധന നടത്തി നോണ്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നല്കി. ശേഷം ട്രെയിൻ ടിക്കറ്റും, അന്‍പതു രൂപ ഭക്ഷണപ്പൊതിക്കുമായി തൊഴിലാളികളില്‍ നിന്നും ഈടാക്കി. പരിശോധനാ സമയത്ത് അവര്‍ക്കുള്ള ഭക്ഷണം സൗജന്യമായി നല്കി.
ഉച്ചയോടെ കെ.എസ്.ആര്.ടി.സി ബസില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. നേരത്തേ തയ്യാറാക്കിയിരുന്ന ചപ്പാത്തി, കറി, വെള്ളം അടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തു. ശേഷം രാത്രി 8.15ന് കരുതലോടെ അതിഥി തൊഴിലാളികളെ യാത്രയാക്കി. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ട്രെയിനിന് പച്ചക്കൊടി കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: