ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുകയും ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കുകയും ചെയ്തതിനു പിന്നാലെ പാക്കിസ്ഥാന്‍ പിടിച്ചടക്കി വച്ചിരിക്കുന്ന കശ്മീരിലെ ഭാഗങ്ങള്‍ കൂടി ഇന്ത്യ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പ്രമുഖ ബിജെപി നേതാക്കളെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ ചില സൂചനകളും നല്‍കിയിരുന്നു. ഇപ്പോള്‍, പാക് അധീന കശ്മീര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി). പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നീ പ്രദേശങ്ങള്‍ കൂടിയാണ് ഐ.എം.ഡി തങ്ങളുടെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവ ഇന്നു മുതല്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നീ പ്രദേശങ്ങളിലെ താപനിലയും കാലാവസ്ഥയും ന്യൂസ് ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തും. സ്വകാര്യ ചാനലുകളും ഇതു പിന്തുടരണം. വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അവസ്ഥയ്‌ക്കാണ് ഇപ്പോള്‍ ഇന്ത്യ മാറ്റം കുറിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ‘ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്’ എന്നാണ് ഇപ്പോള്‍ ഇന്ത്യ കാലാവസ്ഥാ വകുപ്പ് പരാമര്‍ശിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് പേരില്‍ മാറ്റം വരുത്തിയത്.
കഴിഞ്ഞ ആഗസ്റ്റ്് മുതല്‍ പാക് അധീന കാശ്മീരിലെ കാലാവസ്ഥ തങ്ങള്‍ പ്രവചിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ പേരുകള്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് ചൊവാഴ്ച മുതലാണെന്നും ഐ.എം.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പാക് അധീന കാശ്മീരിലെ വടക്കന്‍ പ്രദേശങ്ങളില്‍(ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍) തിരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി അടുത്തിടെ പാക് ഭരണകൂടത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് അധീന കാശ്മീരിലെ പ്രദേശങ്ങളുടെ പേര് എടുത്തു പറഞ്ഞ് കാലാവസ്ഥ പ്രവചനവുമായി ഇന്ത്യ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: