ടൂറിന്: കൊറോണക്കെതിരായ പോരാട്ടത്തില്‍ പാവ്ലോ ഡിബാലയ്ക്ക് വിജയം. യുവന്റസ് താരമായ ഡിബാല ഒന്നരമാസത്തിനുശേഷം കൊറോണ വൈറസ്ബാധയില്‍ നിന്ന് മുക്തിനേടി. രോഗം ഭേദമായെന്ന് ഡിബാല തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞ മാസം നടത്തിയ നാലാം പരിശോധനയിലും ഡിബാലക്ക് രോഗമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇപ്പോള്‍ എന്റെ അസുഖം ഭേദമായി. തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി. കൊറോണ ബാധിതരായ ആളുകള്‍ വളരെ ഏറെ ശ്രദ്ധിക്കണമെന്നും ഇരുപത്തിയാറുകാരനായ ഡിബാല ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വൈറസ് ബാധിച്ച ആദ്യ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനിയന്‍ താരമായ ഡിബാല. യുവന്റസിലെ സഹതാരങ്ങളായ ഡാനിലി റുഗാനി, ബ്ലെയ്സി മാറ്റിയൂഡി എന്നിവര്‍ക്കൊപ്പം മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് ഡിബാലയും രോഗബാധിതതനായത്. ഏപ്രില്‍ പകുതിയോടെ ഇറ്റാലിയന്‍ താരമായ റുഗാനിയുടെയും ഫ്രഞ്ചുതാരമായ മാറ്റിയൂഡിയുടെയും രോഗം ഭേദമായി.
ഡിബാലയുടെ രോഗം ഭേദമായതായി യുവന്റസ് ക്ലബ്ബും അറിയിച്ചു. പുതുതായി നടത്തിയ പരിശോധനയില്‍ ഡിബാലയ്ക്ക് രോഗില്ലെന്ന് വ്യക്തമായി. ഇനി വീട്ടില്‍ ക്വാറന്റൈനിലിരിക്കേണ്ട ആവശ്യമില്ലെന്നും യുവന്റസ് പ്രസ്താവനയില്‍ അറിയിച്ചു.
കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ദുരിതം സമ്മാനിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മുപ്പതിനായിരം പേരാണ് ഇവിടെ കൊറോണ മൂലം മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: