ബര്‍ലിന്‍: ചാന്സ്ലര് ഏഞ്ചല മെര്‍ക്കല്‍ പച്ചക്കൊടി കാട്ടിയതോടെ ജര്‍മന്‍ ലീഗ് തിരിച്ചുവരുന്നു. കൊറോണ മാഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ബുന്ദസ്ലീഗ ഈ മാസം പതിനഞ്ചിന് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച യൂറോപ്പിലെ അഞ്ചു ടോപ്പ് ലീഗുകളില്‍ പുനരാരംഭിക്കുന്ന ആദ്യ ലീഗാണ് ബുന്ദസ്ലിഗ. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. ജര്‍മനിയിലെ മുതിര്‍ന്ന രാഷ്ടട്രീയക്കാരുടെ അനുമതി ലഭിച്ചതോടെയാണ് ബുന്ദസ് ലീഗ പുനരാരംഭിക്കുന്നത്. മത്സരങ്ങളുമായി മുന്നോട്ടുപോകാന്‍ ചാന്സ്ലര് ഏഞ്ചലക്ക മെര്‍ക്കര്‍ അനുവാദം നല്കി.
ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കളിക്കാരെ നിരന്തരം പരിശോധനയ്ക്ക് വിധേയരാക്കും. കൊറോണ വ്യാപനം തടയാന്‍ കളിക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബയേണ്‍ മ്യൂണിച്ച് ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയര്‍ അഭ്യര്‍ഥിച്ചു.
കൊറോണ മഹാമാരിയെ തുടര്‍ന്ന് യൂറോപ്പിലെ ഫുട്ബോള്‍ ലീഗുകള്‍ വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. സീസണ് പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഫ്രഞ്ച് ലീഗ് റദ്ദാക്കി. പോയിന്റ് നിലയില്‍ മുന്നിട്ടുനിന്ന പാരീസ് സെന്റ് ജര്‍മന്‍സിനെ ജേതാക്കളാക്കി. നെതര്‍ലന്‍ഡും ലീഗ് മത്സരങ്ങള്‍ ഉപേക്ഷിച്ചു. യൂറോപ്പിലെ ഏറ്റവും സമ്പന്ന ലീഗായ പ്രീമിയര്‍ ലീഗ് ജൂണില്‍ പുനരാരംഭിച്ചേക്കും. പക്ഷെ നിഷ്പക്ഷ വേദിയില്‍ മത്സരങ്ങള്‍ നടത്തുന്നതിനെ ചില ക്ലബ്ബുകള്‍ എതിര്‍ക്കുന്നത് ലീഗ് പുനരാരംഭിക്കുന്നതിന് തിരിച്ചടിയായേക്കും.
ഇറ്റാലിയന്‍ ലീഗായ സീരി എയും പുനരാരംഭിക്കും. കളിക്കാര്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സ്പെയിനിലെ ലാ ലീഗ മത്സരങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നാണ് സൂചന. ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്.
സെര്‍ബിയ, ക്രൊയേഷ്യ, ടര്‍ക്കിഷ് ലീഗുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: