തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി നാവിക സേന മരുന്നുകളും മെഡിക്കല്‍ സംഘങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ കപ്പലുകള്‍ അയച്ചു. അവിടെ കുടുങ്ങിയവരെ ഈ കപ്പലുകളില്‍ തിരികെ കൊണ്ടുവരും.
വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 2100 പേരെ ക്വാറന്റൈന് ചെയ്യാനുള്ള ആറു കേന്ദ്രങ്ങളും സായുധ സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കര, വ്യോമ, നാവികസേനകള്‍ ജോധ്പൂര്‍, ജയ്സാല്‍മീര്‍, ഭോപ്പാല്‍, കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ബഹ്റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കായി ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളിലേക്ക് കപ്പലുകള്‍ അയച്ചത് കൂടാതെ ഇന്ത്യന്‍ നാവിക സേനയുടെ കേസരി കപ്പല്‍ ഇന്നലെ ദക്ഷിണ ഇന്ത്യന്‍ സമുദ്രമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. മഡഗാസ്കര്‍, മാലിദ്വീപ്, കൊമോറസ്, സെയ്ഷെല്‍സ് എന്നീ രാജ്യങ്ങളിലും അവശ്യവസ്തുക്കളുമായി ഈ കപ്പല്‍ എത്തും.
ജൂണ്‍ 29 വരെ തുടരുന്ന സേവനത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍ 10-12 ടണ്‍ മരുന്ന് വീതം എത്തിക്കും. മാലിദ്വീപില്‍ 660 ടണ്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കും. മൗറീഷ്യസിലേക്കുള്ള 14 അംഗ ( എട്ട് ഡോക്ടര്‍ മാരും ആറ് പാരാമെഡിക്കല്‍ ജീവനക്കാരും) മെഡിക്കല്‍ സംഘവും കൊമോറസിലേക്കുള്ള 13 അംഗ ( നാലു ഡോക്ടര്‍ മാരും ഒമ്പത് പാരാമെഡിക്കല്‍ ജീവനക്കാരും) സംഘവും യാത്ര തിരിച്ചിട്ടുണ്ട്.
മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട ഐ എന്‍ എസ് ജലാശ്വ ഇന്ന് രാവിലെ ലക്ഷ്യസ്ഥാനത്തെത്തി. നാളെ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചി ലക്ഷ്യമാക്കി യാത്ര തിരിക്കും. ഐ എന്‍ എസ് മഗര്‍ എന്ന കപ്പലും മാലിദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്. ഐ എന്‍ എസ് ഐരാവത്, ഐ എന്‍ എസ് ശാര്‍ദ്ദൂല്‍ എന്നീ നാവിക സേന കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാന്‍ ഉടന്‍ യാത്ര തിരിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: