മുക്കം: മലയോരമേഖലയില്‍ ബ്ലാക്ക്മാന്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ലോക്ഡൗണ്‍ ലംഘിച്ച് എത്തിയ രണ്ട് മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം ജില്ലയിലെ അരീക്കോട് ഇരിവേറ്റി സ്വദേശി ആസിഫ്, മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഷിബില്‍, കൂമ്പാറ സ്വദേശികളായ അബിന്‍ കുന്നത്ത്, ജിന്‍സ് പുതിയപറമ്പില്‍, ജോസഫ് അഗസ്റ്റിന്‍ ഇഴിഞ്ഞിക്കാട്ടില്‍ എന്നിവരാണ് പിടിയിലായത്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മരഞ്ചാട്ടി, തേക്കിന്‍കാട് ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രൂക്ഷമാണ്. സാമൂഹ്യവിരുദ്ധരെ പിടികൂടാനായി രാത്രികാലങ്ങളില്‍ നാട്ടുകാര്‍ ശ്രമവും നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി നമ്പര്‍ പ്ലേറ്റും ലൈറ്റും ഇല്ലാതെ മൂന്ന് വാഹനങ്ങളിലായി അഞ്ച് പേര്‍ തേക്കിന്‍കാട് ഭാഗത്ത് എത്തിപ്പെട്ടത്. നാട്ടുകാര്‍ കൈ കാണിച്ചെങ്കിലും ഇവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഇതോടെ തൊട്ടടുത്ത മരഞ്ചാട്ടിയില്‍ ഉള്ളവരെ നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു. സംഘം മരഞ്ചാട്ടിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തിരുവമ്പാടി പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.
ഇവര്‍ ലഹരി മാഫിയയുടെ കണ്ണികളാണന്ന് സംശയമുണ്ടെന്നും എന്തിനാണ് വന്നതെന്നും അന്വേഷിച്ച് വരികയാണന്ന് പോലീസ് പറഞ്ഞു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ബ്ലാക്ക്മാന്‍ നാടകത്തിന് പിന്നില്‍ ഇവരാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: