ഇടുക്കി: സ്കൂള്‍ തുറക്കുന്നതിന് മുമ്പായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. കൊറോണ മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണിന് ശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ സാനിറ്റൈസറുകളും ആവശ്യമായ ശുചിമുറികളും ഒരുക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികള്‍ക്ക് നല്‍കാവൂ എന്നും നിര്‍ദേശം. ഉത്തരവിലെ പ്രധാനിര്ദേശങ്ങള് ഇവയാണ്
1. വാര്‍ഷിക അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ആകര്‍ഷകമായ പെയിന്റിങും ഇതിന്റെ ഭാഗമായി നടത്തണം.
2. ഫിറ്റനസ് എന്നതുകൊണ്ട് കെട്ടിടങ്ങളുടെ മാത്രം ഉറപ്പല്ല, മറിച്ച് എല്ലാ അര്‍ത്ഥത്തിലും കുട്ടികള്‍ക്ക് സ്കൂള്‍ സുരക്ഷിതമായിരിക്കണം.
3. സ്കൂള്‍ കെട്ടിടം, ശുചിമുറികള്‍, ഫര്‍ണ്ണീച്ചറുകള്‍, പരിസരങ്ങള്‍ എന്നിവ വൃത്തിയാക്കുകയും കഴുകി അണുനാശീകരണം നടത്തുകയും വേണം.
4. ശുചിമുറി, വാഷ്ബെയ്സിനുകള് എന്നിവയില്‍ ജല ലഭ്യത ഉറപ്പാക്കി സോപ്പും സാനിറ്റൈസറും നല്‍കണം.
5. കുട്ടികളുടെ എണ്ണത്തിന് ആനൂപാതികമായി ശുചിമുറി ഇല്ലാത്ത പക്ഷം അവ അടിയന്തരമായി നിര്‍മ്മിക്കണം. അടച്ചുറപ്പുള്ള വാതില്‍, സുരക്ഷിത വഴികള്‍, ഭിന്നശേഷി, പെണ്‍കുട്ടി സൗഹൃദമായ ശുചിമുറികളും വേണം.
6. പാചകപ്പുരയും പരിസരവും വൃത്തിയാക്കണം, ഇവിടുത്തെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
7. സ്കൂള്‍ കോമ്പൗണ്ടിലെ അപകടകരമായതും വെള്ളം കെട്ടി നില്ക്കുന്നതുമായ കുഴികള്‍ ഇല്ലെന്ന് ഉറപ്പാക്കണം.
8. സ്കൂള്‍ കോമ്പൗണ്ടില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ മുറിച്ച് മാറ്റണം.
9. പാമ്പുകള്‍, ഇഴജന്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാളങ്ങള്‍, പാഴ് വസ്തുക്കളുടെ കൂട്ടങ്ങള്‍ എന്നിവ സ്കൂള്‍ കോമ്പൗണ്ടില്‍ യാതൊരു കാരണവശാലും ഉണ്ടാകാന്‍ പാടില്ല.
10. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. കിണര്‍, കുടിവെള്ള ടാങ്കുകള്‍ ശുചിയാക്കി, അണുനശീകരണം നടത്തണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം.
11. മലിനജല നിര്മ്മാര്ജന്യത്തിനും മാലിന്യ സംസ്കരണത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഇതിനായി ബയോ ഗ്യാസ് പ്ലാന്റുകള്‍, കംപോസ്റ്റ് പിറ്റുകള്‍ എന്നിവ സ്ഥാപിക്കാവുന്നതാണ്
12. പ്രഥമ ശുശ്രൂഷ കിറ്റികുള്, അഗ്നിരക്ഷാ ഉപകരണങ്ങള്‍ എന്നിവ സ്കൂളുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ഉപജില്ലാ/ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ സ്കൂള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്, ഇവ പരിശോധിച്ച് റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. അതേ സമയം സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ കൃത്യമായ തീരുമാനമായിട്ടില്ല. നേരത്തെ സ്കൂളുകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ മുഖാവരണങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറങ്ങിയിരുന്നു.
ഇതിന്റെ നടപടികള്‍ മിക്ക ബിആര്‍സികളിലും പുരോഗമിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ കൂടി ഉടന്‍ നടക്കാനിരിക്കെ സ്കൂളുകള്‍ മുഖാവരണങ്ങള്‍ നിര്‍മ്മിക്കാനുള്ള തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: