കൊച്ചി: നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണമില്ലാത്തവരെ രാജഗിരി കോളേജ് ഹോസ്റ്റലില്‍ നിരീക്ഷിക്കും. 75 മുറികളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസുകളും നെടുമ്പാശേരിയില്‍ സജ്ജമാക്കും.
ഇന്ന് എത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള 25 യാത്രക്കാര്‍ ഉണ്ട്. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.
രാജഗിരി കോളേജ് ഹോസ്റ്റലില്‍ എത്തുന്നവര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണമൊരുക്കാന്‍ കളമശേരി മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. നിരീക്ഷണ കാലയളവില്‍ താമസിക്കുന്നവര്‍ക്കാവശ്യമായ തോര്‍ത്ത്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ആവശ്യമായ ബക്കറ്റുകള്‍, കപ്പുകള്‍, സോപ്പ്, ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍, ഗ്ലാസുകള്‍, കിടക്ക, കിടക്ക വിരി, തലയിണ, തുടങ്ങിയവ ക്രമീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. ആരോഗ്യ കാര്യങ്ങളുടെ ചുമതല സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിനായിരിക്കും. നിരീക്ഷണ സമയത്ത് രോഗം ബാധിച്ചാല്‍ ടെലി മെഡിസിന്‍ സംവിധാനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയിലേക്ക് മാറ്റണ്ട സാഹചര്യമുണ്ടായാല്‍ കണ്‍ട്രോള്‍ റൂം വഴി സംവിധാനങ്ങള്‍ ക്രമീകരിക്കും.
രാജഗിരി ഹോസ്റ്റലിനു പുറമെ മുട്ടം എസ്‌സിഎംഎസ് ഗേള്‍സ് ഹോസ്റ്റല്‍, കറുകുറ്റി എസ്‌സിഎംഎസ് ബോയ്സ് ഹോസ്റ്റല്‍, മൂവാറ്റുപുഴ നെസ്റ്റ്, കാക്കനാട് രാജഗിരി ഹോസ്റ്റല്‍ എന്ന സ്ഥലങ്ങളിലായിരിക്കും നിരീക്ഷണ സംവിധാനമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: