തിരുവനന്തപുരം: പ്രവാസി ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കാത്തതില്‍ മുതലക്കണ്ണീര് പൊഴിച്ച സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ മനംമാറ്റം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാപേരും ധൃതി പിടിച്ച് മടങ്ങി വരേണ്ടെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന. എങ്ങനേയും പ്രവാസികളെ നാട്ടില്‍ എത്തിച്ചാല്‍ ബാക്കിയെല്ലാം ഞങ്ങള്‍ നോക്കികൊള്ളാം എന്ന് പറഞ്ഞ സര്‍ക്കാര്‍ കൊറോണ പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമേ കേരളത്തിലേക്ക് അയക്കാവൂ എന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ പരിശോധന ഇല്ലാതെ എല്ലാവരും മടങ്ങിയെത്തിയാല്‍ വലിയൊരു അപകടം സംഭവിക്കുമെന്നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.
പ്രവാസികളെ മടക്കികൊണ്ടു വരണമെന്നും അതിന് വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ഒരുക്കികഴിഞ്ഞെന്നും കേരളമാണ് കേന്ദ്രത്തെ ആദ്യം അറിയിച്ചത്. രാഷ്ട്രീയമായ വാചകക്കസര്‍ത്താണ് കേരളം നടത്തിയതെങ്കിലും മുന്‍കരുതലുകള്‍ എടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ അന്നേ നിര്‍ദേശം നല്‍കിയിരുന്നു.
വിമാനത്താവളത്തില്‍ എത്തുന്നവരില്‍ രോഗം ഉള്ളവരെ മാത്രം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തില്‍ മാറ്റിയാല്‍ പോരെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്ക്കും പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ കേരളം ശരിക്കും കുഴഞ്ഞു. സംസ്ഥാനത്ത് എത്തിയാല്‍ രോഗം ഉണ്ടെന്ന് സംശയിക്കുന്നവരെ സര്‍ക്കാര്‍ ഒരുക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന് ആക്കാനുമായിരുന്നു സര്‍ക്കാരിന്റെ നീക്കം.
നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ അഞ്ച് ലക്ഷത്തോളമാണ്. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം കിടക്കകള്‍ മാത്രമാണ് സജ്ജമാക്കിയിരിക്കുന്നത്. ബാക്കിവരുന്നവരെ നീരിക്ഷണത്തില്‍ ആക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഇതോടെ ഇതുവരെ പിന്തുടര്‍ന്ന സംവിധാനങ്ങള്‍ ആകെ താളം തെറ്റും.
സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, സ്കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, തുടങ്ങിയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് അല്ലാതെ യാതൊരു സൗകര്യങ്ങളും ഒരുക്കിയില്ല. കിടക്കകള്‍ സജ്ജമാക്കണം, ടോയ്ലറ്റുകള് ക്രമീകരിക്കണം അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കണം. ഇതൊന്നും തയാറാക്കിയിട്ടില്ല. രോഗ ലക്ഷണമുള്ളവരെമാത്രം പാര്‍പ്പിക്കാന്‍ വേണ്ട കേന്ദ്രങ്ങള്‍ വിമാനത്താവളത്തിന് സമീപം ഒരുക്കുകയാണ് ഉണ്ടായത്.
സര്‍ക്കാരിന്റെ കൈയില്‍ കണക്കില്ല വെന്റിലേറ്ററടക്കം ചികിത്സാ സൗകര്യങ്ങള്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും എത്ര വെന്റിലേറ്റര്‍ ഉണ്ടെന്ന കൃത്യമായ കണക്ക് പുറത്തു വിട്ടിട്ടില്ല. 26,999 കെട്ടിടങ്ങളിലായി നിലവില്‍ രണ്ടു ലക്ഷം കിടക്കള്‍ക്ക് മാത്രമാണ് കണ്ടെത്തിയത്. ഇതൊന്നും കൃത്യമായി സജ്ജീകരിച്ചിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: