ബെംഗളൂരു: 52,800 രൂപയുടെ മദ്യം വാങ്ങിയതിന്റെ ബില്ലില്‍ മദ്യവില്‍പ്പനശാലയും മദ്യം വാങ്ങിയ ആളെയും പൂട്ടാന്‍ കര്‍ണാടക എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ്.
ഒരാള്‍ക്ക് വില്ക്കാന് അനുവദിച്ച അളവിലുമധികം മദ്യം വിറ്റതിന് വില്‍പ്പനശാലയ്ക്കെതിരെ കേസെടുത്തെന്ന് എക്സൈസ് അറിയിച്ചു. കൈവശം സൂക്ഷിക്കാവുന്നതിലും അധികം മദ്യമാണ് ബില്‍ ഉടമ വാങ്ങിയതെന്നും ഇയാള്‍ക്കെതിരെയും കേസെടുക്കുമെന്നും എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കര്‍ണാടക എക്സൈസ് നിയമ പ്രകാരം ഒരു ദിവസം ഒരാള്‍ക്ക് പരമാവധി 2.6 ലിറ്റര്‍ മദ്യമോ 18 ലിറ്റര്‍ ബിയറോ മാത്രമാണ് വില്ക്കാന് അനുവാദമുള്ളത്. ബില്‍ പ്രകാരം ബെംഗളൂരു സൗത്ത് താവരക്കെരെ വനില്ലാ സ്പിരിറ്റ് സോണ്‍ ഒരാള്‍ക്ക് വിറ്റിരിക്കുന്നത് 13.5 ലിറ്റര്‍ മദ്യവും 35 ലിറ്റര്‍ ബിയറുമാണ്. ഒരു സമയം ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവ് 2.6 ലിറ്ററാണ്. ഇതു ലംഘിച്ചതിനാണ് മദ്യം വാങ്ങിയ ആള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ആരാണ് മദ്യം വാങ്ങിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ബില്‍ എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എക്സൈസ് നടപടികളിലേക്ക് നീങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ഒരാള്‍ക്കല്ല മദ്യം വിറ്റതെന്നാണ് ഷോപ്പുടമയുടെ വിശദീകരണം. എട്ടുപേരടങ്ങുന്ന സംഘമാണ് മദ്യം വാങ്ങാന്‍ എത്തിയത്. ഇതിനു ശേഷം ഒരാളുടെ കാര്‍ഡ് ഉപയോഗിച്ചാണ് പണം അടച്ചത്. അതിനാലാണ് ഒരു ബില്‍ നല്‍കിയതെന്നുമാണ് വിശദീകരിച്ചത്.
ഉടമയുടെ വിശദീകരണം അന്വേഷിക്കുകയാണെന്നും ഇതിനു ശേഷം മാത്രമെ തുടര്‍ നടപടി സ്വീകരിക്കൂയെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. ഗിരി പറഞ്ഞു. ഒരു പക്ഷെ ഇത്തരം കേസുകള്‍ ഇനിയുമുണ്ടാകാമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മംഗളൂരുവിലെ ഒരു ഷോപ്പില്‍ നിന്ന് 59,952 രൂപയുടെ മദ്യം വാങ്ങിയതിന്റെ ബില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: