മുംബൈ: കൊറോണയ്ക്ക് ചികിത്സ തേടിയ രോഗിക്ക് 16 ലക്ഷം രൂപയുടെ ആശുപത്രി ബില്ല്. സാന്താക്രൂസ് സ്വദേശിയായ 74 വയസുകാരന്റെ ചികിത്സയ്ക്കാണ് സ്വകാര്യ ആശുപത്രി 16 ലക്ഷം രൂപയുടെ ബില്ല് നല്‍കിയത്.
രോഗിക്ക് ജീവന് നഷ്ടപ്പെട്ടിട്ടും ബില്ലില്‍ കുറവു വരുത്തിയില്ല. ജുഹുവിലെ നാനാവതി ആശുപത്രിയാണ് കൊറോണ ചികിത്സയ്ക്ക് ഇത്രയധികം പണം ഈടാക്കിയത്. രോഗി 15 ദിവസത്തോളം ഐസിയുവില്‍ കഴിഞ്ഞിരുന്നു. ഏപ്രില്‍ 15നാണ് അദ്ദേഹത്തിന്റെ ജീവന് നഷ്ടമായത്.
മാര്‍ച്ച് 31നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും ഒരു ലക്ഷം രൂപ വീതമാണ് ഈടാക്കിയത്. മരുന്നിനും മറ്റുമായി 8.6 ലക്ഷം രൂപ. കൊറോണ ചാര്‍ജസ് എന്ന പേരില്‍ 2.8 ലക്ഷം രൂപയും ഈടാക്കി. കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി ഈടാക്കാവുന്ന പരമാവധി തുക സര്‍ക്കാര്‍ ഏകീകരിച്ചെങ്കിലും പല ആശുപത്രികളും അവര്‍ക്ക് ഇഷ്ടമുള്ള തുകയാണ് ഈടാക്കുന്നതെന്ന് മരിച്ച രോഗിയുടെ മകന് പറഞ്ഞു.
ബില്‍ മുഴുവന്‍ അടച്ചില്ലെങ്കില്‍ ചികിത്സ നല്‍കില്ലെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു. താനുള്‍പ്പെടെ വീട്ടില്‍ എല്ലാവരും ക്വാറന്റൈനിലായതിനാല്‍ ഫോണില്‍ക്കൂടിയായിരുന്നു ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നതെന്നും മകന് അറിയിച്ചു. മുംബൈയില്‍ സ്വകാര്യാശുപത്രികള്‍ വലിയ തുക ഈടാക്കുന്നുവെന്ന് നിരവധി രോഗികളാണ് പരാതിപ്പെടുന്നത്.
വൈറസ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് കൊറോണ രോഗികളുടെ ചികിത്സയ്ക്കും മറ്റ് ചികിത്സകള്‍ക്കും ഈടാക്കാവുന്ന പരമാവധി തുക പുറത്തുവിട്ടിരുന്നു. ഈ നടപടി ഫലം കാണുന്നില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: